ഏപ്രില്‍ 24നും 25നും അവശ്യ സര്‍വീസുകള്‍ മാത്രം: ഉത്തരവിട്ട് ചീഫ് സെക്രട്ടറി

സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, എന്നിവയ്ക്ക് ഏപ്രില്‍ 24ന് അവധിയായിരിക്കും.

സംസ്ഥാനത്ത്  കോവിഡ് വ്യാപനം നിയത്രിക്കുന്നതിന്റെ  ഭാഗമായി ഏപ്രില്‍ 24, 25 തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കി. സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, എന്നിവയ്ക്ക് ഏപ്രില്‍ 24ന് അവധിയായിരിക്കും. 

24നും 25നും അനുവദിക്കുന്ന സര്‍വീസുകള്‍:

1. കോവിഡ്-19 പ്രതിരോധം, അവശ്യ സര്‍വീസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സംസ്ഥാന,കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും സ്വയംഭരണ സ്ഥാപനങ്ങളും കോര്‍പറേഷനുകളും പൂര്‍ണമായും പ്രവര്‍ത്തിക്കും. ഇവയുടെ ഓഫീസര്‍മാര്‍/ജീവനക്കാര്‍ എന്നിവര്‍ക്ക് സഞ്ചാര നിയന്ത്രണമില്ല.

2. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അവശ്യ, എമര്‍ജന്‍സി സര്‍വീസുകളുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍/കമ്ബനികള്‍/സംഘടനകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ സ്ഥാപനം/സംഘടന നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ യാത്ര അനുവദിക്കും.

3. സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ ടെലികോം, ഇന്‍റര്‍നെറ്റ് സേവനദാതാക്കളുടെ ജീവനക്കാരെയും വാഹനങ്ങളെയും  യാത്ര ചെയ്യാന്‍ അനുവദിക്കും. ഐ.ടി, ഐ.ടി ഇനേബിള്‍ഡ് സര്‍വീസ് ജീവനക്കാരില്‍ അവശ്യം വേണ്ട സ്റ്റാഫും ജീവനക്കാരും മാത്രമേ ഓഫീസില്‍ ജോലി ചെയ്യാവൂ.

4. വാക്‌സിനേഷന്‍ എടുക്കാനുള്ളവര്‍  അത്യാഹിത ചികില്‍സ ആവശ്യമുള്ള രോഗികള്‍, അവരുടെ സഹായികള്‍, ബന്ധുക്കള്‍ എന്നിവര്‍ക്ക് രേഖ കാണിച്ചാല്‍ യാത്ര അനുവദിക്കും.

5. ഭക്ഷ്യവസ്തുക്കള്‍, പഴം, പച്ചക്കറി, പാല്‍, ഇറച്ചി, മല്‍സ്യം എന്നിവ വില്‍ക്കുന്ന കടകള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ആളുകള്‍ വീട്ടില്‍നിന്നിറങ്ങുന്നത് കുറയ്ക്കാന്‍ ഹോം ഡെലിവറി പരമാവധി പ്രോല്‍സാഹിപ്പിക്കും. പ്രവര്‍ത്തനം കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കണം.

6. റെസ്‌റ്റോറന്‍റുകളിലും ഹോട്ടലുകളിലും ടേക്ക് എവേ കൗണ്ടറുകള്‍, ഹോം ഡെലിവറി എന്നിവ മാത്രമേ അനുവദിക്കൂ.

7. ട്രെയിനുകള്‍, വ്യോമഗതാഗതം, ദീര്‍ഘദൂര ബസ്‌സര്‍വീസുകള്‍ എന്നിവ അനുവദനീയമാണ്. ഈ യാത്രക്കാര്‍ക്ക് സഹായമായി വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ്‌സ്‌റ്റോപ്പുകള്‍, ബസ് ടെര്‍മിനലുകള്‍, ബസ്‌സ്റ്റാന്‍ഡുകള്‍ എന്നിവയിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം, സ്വകാര്യ, ടാക്‌സി വാഹനങ്ങള്‍ എന്നിവ അനുവദിക്കും. യാത്രാരേഖകള്‍, ടിക്കറ്റ് എന്നിവയോടെ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കണം യാത്രകള്‍.

8. കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച്‌ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഗൃഹപ്രവേശം, വിവാഹം എന്നീ ചടങ്ങുകള്‍ നടത്താം.

കോവിഡ് വൈറസിന്റെ മൂന്നാം വകഭേദം ഇന്ത്യയിലും !

Author
Sub-Editor

Sabira Muhammed

No description...

You May Also Like