പേര് ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി ട്രായ്.

സി.ഡി. സുനീഷ്



ട്രായ് എന്ന പേര് ദുരുപയോഗം ചെയ്തുള്ള സൈബര്‍ തട്ടിപ്പുകളും സാമ്പത്തിക തട്ടിപ്പുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI)മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. വ്യക്തികളെ ഭീഷണിപ്പെടുത്താനോ തെറ്റിദ്ധരിപ്പിക്കാനോ വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനോ പണം കൈമാറാനോ പ്രേരിപ്പിക്കുന്നതിനായി കോളുകള്‍, സന്ദേശങ്ങള്‍, വ്യാജ രേഖകള്‍, വ്യാജ ലെറ്റര്‍ഹെഡുകള്‍ എന്നിവ മുഖേന ട്രായ് ഉദ്യോഗസ്ഥരെ അനുകരിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ട്രായ് എന്ന പേരിലുള്ള അത്തരം ഏതൊരു ഇടപെടലും അനധികൃതമാണ്, കൂടാതെ ട്രായുമായി അതിന് യാതൊരു ബന്ധവുമില്ല.


 


ട്രായ് എന്ന പേര് ദുരുപയോഗം ചെയ്തുള്ള പുതിയ തട്ടിപ്പുകള്‍


 


'ഡിജിറ്റല്‍ അറസ്റ്റ്' എന്ന് പേരിലറിയപ്പെടുന്ന തട്ടിപ്പ് ഒരു സുപ്രധാന ഉദാഹരണമാണ്. ഇങ്ങനെ വിളിക്കുന്നവര്‍ TRAI അല്ലെങ്കില്‍ നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി വ്യക്തികളുടെ മേല്‍ ടെലികോം അല്ലെങ്കില്‍ സാമ്പത്തിക നിയമലംഘനങ്ങള്‍, ക്രിമിനല്‍ നടപടികള്‍ എന്നിവ വ്യാജമായി ആരോപിക്കുന്നു. വ്യാജ രേഖകള്‍, വ്യാജ ഐഡന്റിറ്റികള്‍, അറസ്റ്റ്, അക്കൗണ്ട് മരവിപ്പിക്കല്‍ ഭീഷണികള്‍ എന്നിവയിലൂടെ ഇരകളെ കബളിപ്പിക്കുന്നു. ജാമ്യം, പിഴ, പരിശോധന എന്നിവയുടെ മറവില്‍ പണം കൈമാറാന്‍ നിര്‍ബന്ധിക്കുന്നു.


 


മൊബൈല്‍ നമ്പര്‍ വിച്ഛേദിക്കുന്നത് സംബന്ധിച്ച് ഉപഭോക്താക്കളുമായി സന്ദേശങ്ങള്‍ വഴിയോ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ ആശയവിനിമയം നടത്താറില്ലെന്ന് TRAI ആവര്‍ത്തിക്കുന്നു. അത്തരം ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കളെ ബന്ധപ്പെടാന്‍ ഒരു മൂന്നാം കക്ഷിയെയും TRAI അധികാരപ്പെടുത്തിയിട്ടില്ല. ഒരു നിയന്ത്രണ സ്ഥാപനവും അന്വേഷണം നടത്തുകയോ ഫോണ്‍ കോളുകള്‍, സന്ദേശമയയ്ക്കല്‍ ആപ്പുകള്‍, വീഡിയോ പ്ലാറ്റ്ഫോമുകള്‍ മുഖേന പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ല.


 


ട്രായ് എന്ന പേര് ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകളില്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുന്നു:


 


സിം ഡീആക്ടിവേഷന്‍ ഭീഷണികള്‍: അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ KYC പ്രശ്നങ്ങള്‍ കാരണം മൊബൈല്‍ നമ്പര്‍ വിച്ഛേദിക്കപ്പെടുമെന്ന് വ്യാജമായി അവകാശപ്പെടുന്ന കോളുകളോ സന്ദേശങ്ങളോ.


 


മൊബൈല്‍ ടവര്‍ ഇന്‍സ്റ്റലേഷന്‍ ഓഫറുകള്‍: ഉയര്‍ന്ന വാടക വരുമാനം വാഗ്ദാനം ചെയ്ത് ഇതിനായി രജിസ്‌ട്രേഷന്‍ ഫീസുകള്‍ മുന്‍കൂറായി വാങ്ങുന്ന വഞ്ചനാപരമായ നടപടികള്‍. പലപ്പോഴും വ്യാജമായി നിര്‍മ്മിച്ച TRAI രേഖകള്‍ ഉപയോഗിക്കുന്നു.


 


പണം ആവശ്യപ്പെടുന്നതിനും നിക്ഷേപ ഓഫറുകള്‍ക്കും അനുവര്‍ത്തന നടപടികള്‍ക്കും ട്രായ് യുടെ ലോഗോ ഉപയോഗിച്ച് വ്യാജ രേഖകളുടെയോ ഇമെയിലുകളുടെയോ പ്രചരണം.


 


 


ട്രായ് വിശദീകരണം


 


1997 ലെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ആക്ട് പ്രകാരം സ്ഥാപിതമായ ഒരു സ്വതന്ത്ര സ്റ്റാറ്റിയൂട്ടറി അതോറിറ്റിയാണ് ട്രായ്. ഇത് ടെലികോം, പ്രക്ഷേപണ സേവനങ്ങളെ നിയന്ത്രിക്കുന്നു, സര്‍ക്കാരിന് നയപരമായ കാര്യങ്ങളില്‍ ശുപാര്‍ശകള്‍ നല്‍കുന്നു, സേവന നിലവാരം നിരീക്ഷിക്കുന്നു.


 


ട്രായ് ഇനിപ്പയുന്ന കാര്യങ്ങള്‍ ചെയ്യുന്നില്ല:


വ്യക്തിഗത ഉപഭോക്താക്കള്‍ക്കെതിരെ അന്വേഷണം നടത്തുക


ആധാര്‍, ബാങ്ക് അക്കൗണ്ട്, ഒടിപി അല്ലെങ്കില്‍ മറ്റ് വ്യക്തിഗത വിശദാംശങ്ങള്‍ അഭ്യര്‍ത്ഥിക്കുക


ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി അറസ്റ്റ് ഭീഷണികളോ മുന്നറിയിപ്പുകളോ നല്‍കുക


 


പൊതു മുന്നറിയിപ്പ്


 


ഇനിപ്പറയുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് പൗരന്മാരോട് നിര്‍ദ്ദേശിക്കുന്നു:


 


ഭീഷണിപ്പെടുത്തുന്നതോ സംശയാസ്പദമായതോ ആയ കോളുകള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ വിച്ഛേദിക്കുക


കോളുകളിലോ വീഡിയോ ചാറ്റുകളിലോ വ്യക്തിഗത, ബാങ്കിംഗ്, തിരിച്ചറിയല്‍ വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കുക


യുക്തിസഹമല്ലാത്ത ആവശ്യങ്ങള്‍ക്ക് ഒരിക്കലും പണം കൈമാറരുത്


ഔദ്യോഗിക വെബ്സൈറ്റുകള്‍, സര്‍ക്കാര്‍ ഹെല്‍പ്പ് ലൈനുകള്‍ എന്നിവ മുഖേന സ്വതന്ത്രമായി സ്ഥിരീകരിക്കുക


നാഷണല്‍ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ (1930) അല്ലെങ്കില്‍ www.cybercrime.gov.in എന്ന വിലാസത്തില്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുക


സഞ്ചാര്‍ സാഥിയിലെ ചക്ഷു സൗകര്യം അല്ലെങ്കില്‍ TRAI DND ആപ്പ് വഴി സംശയാസ്പദമായ നമ്പറുകള്‍ ഫ്‌ലാഗ് ചെയ്യുക.


എല്ലാ പൗരന്മാരും, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്‍, ഡിജിറ്റല്‍ രംഗത്ത് പരിചയക്കുറവുള്ള ഉപയോക്താക്കള്‍ തുടങ്ങിയവര്‍ ജാഗ്രത പാലിക്കണമെന്നും മേല്‍പ്പറഞ്ഞ വിവരങ്ങള്‍ വ്യാപകമായി പങ്കിടണമെന്നും TRAI അഭ്യര്‍ത്ഥിക്കുന്നു. കാലേകൂട്ടിയുള്ള അവബോധവും സമയബന്ധിതമായ റിപ്പോര്‍ട്ടിംഗും ഇത്തരം തട്ടിപ്പുകള്‍ തടയുന്നതില്‍ നിര്‍ണ്ണായകമാണ്.


 

Author
Citizen Journalist

Goutham prakash

No description...

You May Also Like