പൂട്ട് തുറന്ന് കേരളം; അണ്‍ലോക്ക് ഇളവുകള്‍ ഇന്ന് മുതൽ പ്രാബല്യത്തിൽ

തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍  നാല് വിഭാഗങ്ങളായി തിരിച്ചാണ്  ഇനിയുള്ള നിയന്ത്രണങ്ങള്‍.

അണ്‍ലോക്കിന്റെ ഭാഗമായുള്ള ഇളവുകള്‍ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ. തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍  നാല് വിഭാഗങ്ങളായി തിരിച്ചാണ്  ഇനിയുള്ള നിയന്ത്രണങ്ങള്‍. എല്ലാ കടകളും രോഗതീവ്രത കുറഞ്ഞ മേഖലകളിൽ തുറന്ന് പ്രവർത്തിക്കാം. പൊതുഗതാഗതം ചെറിയ തോതിൽ പുനരാരംഭിച്ചു.

ഒന്നര മാസത്തിന് ശേഷമാണ് സംസ്ഥാനം  അണ്‍ലോക്കിന്റെ ആദ്യ ഘട്ടത്തിലേക്ക് കടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രാദേശിക നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണായിരിക്കും ഏർപ്പെടുത്തുക. 20നും 30നും ഇടയിലുള്ള സ്ഥലങ്ങളില്‍ നേരിയ ഇളവും 8നും 20നും ഇടയിലുള്ള സ്ഥലങ്ങളില്‍ ഭാഗിക ഇളവും നല്‍കും. കൂടുതല്‍ ഇളവുകളുണ്ടാവുക രോഗ വ്യാപനം എട്ട് ശതമാനത്തിന് താഴെയുള്ളയിടത്തായിരിക്കും.

രാവിലെ അഞ്ച് മണി മുതല്‍ പുനരാരംഭിച്ച പൊതുഗതാഗതം വൈകിട്ട് 7 മണി വരെയാണ് സര്‍വീസ് നടത്തുക. ടാക്‌സികള്‍ക്കും ഓട്ടോകള്‍ക്കും അവശ്യയാത്രകള്‍ അനുവദിച്ചതോടൊപ്പം കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തും. എന്നാൽ 20 ശതമാനത്തിന് മുകളിൽ ടിപിആര്‍ ഉള്ള പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല.

സംസ്ഥാനത്ത് മദ്യവില്‍പന ഇന്ന് പുനരാരംഭിക്കും. ടിപിആര്‍ നിരക്ക് 20 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ബെവ്‌കോ, കണ്‍സ്യമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും ബാറുകളും വഴി രാവിലെ ഒന്‍പത് മണി മുതല്‍ആവശ്യക്കാര്‍ക്ക് നേരിട്ട് മദ്യം വാങ്ങാം. ബെവ്‌കോ നിരക്കില്‍ ബാറുകളില്‍ നിന്ന് മദ്യം ലഭ്യമാകും. ഇതേസമയം മദ്യശാലകളില്‍ സമൂഹ്യഅകലം ഉറപ്പാക്കാന്‍ പോലീസ് പെട്രോളിംഗ് ഉണ്ടാകും. 20 പേര്‍ക്ക്  മാത്രമേ വിവാഹ,മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമുള്ളു. പൊതു പരിപാടികളോ ആള്‍ക്കൂട്ടമോ പാടില്ല.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാം. മാളുകള്‍ തുറക്കാന്‍ അനുമതിയില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ 25 ജീവനക്കാരെ വച്ച് തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും.

കോവിഡ് മാറുന്ന സമവാക്യങ്ങൾ

Author
Sub-Editor

Sabira Muhammed

No description...

You May Also Like