സമഗ്രവികസനവും ടൂറിസം മേഖലയിലെ പുരോഗതിയുമാണ് പാലങ്ങളുടെ നിർമാണത്തിലൂടെ ലക്ഷ്യമിടുന്നത്: മന്ത്രി പി.എ മുഹമ്മദ് റിയാസ്

സി.ഡി. സുനീഷ്

 

#ചിറ്റാർ, പന്നിക്കുഴി, പൊന്നാംചുണ്ട് പാലങ്ങളുടെ നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു#


പ്രദേശത്ത് സമഗ്രവികസനവും ടൂറിസം മേഖലയിലെ പുരോഗതിയുമാണ് മൂന്ന് പാലങ്ങളുടെയും നിർമാണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അരുവിക്കര നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ് യാഥാർത്ഥ്യമാകാൻ പോകുന്നതെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചിറ്റാർ, പന്നിക്കുഴി, പൊന്നാംചുണ്ട് പാലങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയോര ജനതയുടെ സ്വപ്നമായിരുന്ന മൂന്നു പാലങ്ങളാണ് യാഥാർഥ്യമാകുന്നത്. അപകടകരവും ശോചനീയ അവസ്ഥയിലുമായിരുന്ന ചിറ്റാർ പാലം, പന്നിക്കുഴി പാലം, പൊന്നം ചുണ്ട് പാലം എന്നിവിടങ്ങളിലാണ് പുതിയ പാലങ്ങൾ വരുന്നത്. മലയോര മേഖലയിലെ പൊതുഗതാഗതത്തിന് ഏറെ മാറ്റങ്ങൾ വരുന്നതാണ് പുതിയ പാലങ്ങൾ. മലയോര ജനതയുടെ ഈ സന്തോഷ നിമിഷങ്ങൾക്ക് ഒപ്പം ചേരാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


പൊതുമരാമത്ത് വകുപ്പിന് ഏറെ പ്രത്യേകത നിറഞ്ഞ ദിവസമാണിത്. ഒരു ദിവസം തന്നെ ഒരു നിയമസഭാ മണ്ഡലത്തിലെ മൂന്ന് പാലങ്ങളുടെ നിർമ്മാണ പ്രവൃത്തിക്ക് തുടക്കമിടുകയാണ്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ അഞ്ചു വർഷത്തിനുള്ളിൽ നൂറു പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ കഠിനമായ പ്രവർത്തനത്തിലൂടെ നാലുവർഷംകൊണ്ട് തന്നെ  ആ ലക്ഷ്യം നേടാൻ സാധിച്ചു. ഈ മാസം തന്നെ കേരളത്തിൽ 150 പാലങ്ങൾ തികയ്ക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.


വിതുര -പൊന്മുടി റോഡിൽ 1905 ൽ നിർമിച്ച 8.5 മീറ്റർ നീളവും 1.7 മീ റ്റർ വീതിയും ഉള്ള ആർച്ച് ബ്രിഡ്ജാണ് ചിറ്റാർ പാലം. പഴയ പാലം പൊളിച്ചുമാറ്റി നടപ്പാതയോട് കൂടിയതും രണ്ടുവരി ഗതാഗതത്തിലുമുള്ള പുതിയപാലമാണ് നിർമിക്കുന്നത്. ഇരുവശത്തും ഫുട്പാത്ത് അടക്കം 75.9 മീറ്റർ നീളത്തിലും 1 മീറ്റർ വീതിയിലും മൂന്ന് സ്പാനോട് കൂടിയ പി എസ് ജി ഗിർഡർ ആൻഡ് സ്ലാബ് ഇന്റഗ്രേറ്റഡ് ബ്രിഡ്ജായാണ് പുനർനിർമിക്കുന്നത്.

ഇരുവശങ്ങളിലും നിലവിലുള്ള റോഡുമായി ബന്ധിപ്പിക്കുന്നതിന് 100 മീറ്റർ വീതം നീളമുള്ള അനുബന്ധ റോഡുകളും എസ്റ്റിമേറ്റിലുണ്ട്.


61.6 മീറ്റർ നീളത്തിൽ 3 സ്‌പാൻ പാലമായും 44.48 മീറ്റർ നീളത്തിൽ ബോക്സ് കൾവർട്ടായിട്ടാണ് പുതിയ പൊന്നാംചുണ്ട് പാലം. ആകെ നീളം 106 മീറ്ററാണ്.11 മീറ്റർ വീതിയും ഇരുവശങ്ങളിലുമായി 600 മീറ്റർ നീളത്തിൽ അനുബന്ധ റോഡുമുണ്ട്. തെന്നൂർ പെരിങ്ങമല പ്രദേശത്തെ വിതുര പൊന്മുടി പ്രദേശവുമയി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.


പന്നിക്കുഴി പാലം പൂർത്തിയാകുന്നതോടെ ഈ പ്രദേശത്തെ ആദിവാസി ഉന്നതികളിൽപ്പെട്ടവർ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് ഏറെ ആശ്വാസമാകും. പുതിയ പാലത്തിന് ഇരുവശങ്ങളിലും ഫുട്പാത്തുള്ള രീതിയിൽ 65.49 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും മൂന്ന് സ്‌പാനോടുകൂടി പി എസ് ജി ഗിർഡർ ആൻഡ് സ്ലാബ് ഇന്റഗ്രേറ്റഡ് ബ്രിഡായിട്ടാണ് ഈ പാലവും നിർമിക്കുക. ഇരു വശങ്ങളിലുമായി നിലവിലുള്ള റോഡുമായി ബന്ധിപ്പിക്കുന്നതിന് 250 മീറ്റർ നീളമുള്ള അനുബന്ധ റോഡുമുണ്ടാകും.


വിതുര കലുങ്ക് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ജി സ്റ്റീഫൻ എം. എൽ. എ അധ്യക്ഷത വഹിച്ചു. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ മഞ്ജുഷ ജി.ആനന്ദ്,  ജില്ലാ പഞ്ചായത്ത് അംഗം എ. മിനി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. എൽ. കൃഷ്ണ‌കുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. എസ്. സന്ധ്യ എന്നിവർ പങ്കെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like