കോവിഡ് മൂന്നാം തരംഗം; തദ്ദേശിയമായി മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ഉത്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ കേരള സര്‍ക്കാര്‍
- Posted on July 17, 2021
- News
- By Sabira Muhammed
- 310 Views
സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിര്‍മ്മിക്കാന്‍ കഴിയുന്നതിന്റെ സാധ്യത ആരോഗ്യ, വ്യവസായ വകുപ്പുകള്‍ തമ്മില്‍ ഇന്ന് ചർച്ച ചെയ്തു.

കേരളത്തിൽ സുരക്ഷ ഉപകരങ്ങളുടേയും മരുന്നുകളുടേയും വിപുലമായ ഉത്പാദനം ആരംഭിക്കുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നു. സർക്കാരിൻ്റെ ഈ നീക്കം കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ടാണ്. സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിര്‍മ്മിക്കാന്‍ കഴിയുന്നതിന്റെ സാധ്യത ആരോഗ്യ, വ്യവസായ വകുപ്പുകള്‍ തമ്മില്‍ ഇന്ന് ചർച്ച ചെയ്തു.
ഇതിനായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും കെ.എം.എസ്.സി.എല്‍., കെ.എസ്.ഡി.പി.എല്‍. മാനേജിംഗ് ഡയറക്ടര്‍മാരും ചേര്‍ന്ന കമ്മിറ്റിയുണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച തീരുമാനമെടുത്തത് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ്. ഇരു വകുപ്പുകളുടേയും സംയുക്ത യോഗം വിളിച്ചത് കോവിഡ് മൂന്നാം തരംഗത്തില്‍ ഗ്ലൗസ്, മാസ്‌ക്, പി.പി.ഇ. കിറ്റ്, തുടങ്ങിയ സുരക്ഷാ സാമഗ്രികളുടേയും മെഡിക്കല്‍ ഉപകരണങ്ങളുടേയും ലഭ്യത ഉറപ്പാക്കുന്നതിനാണ്.
കോവിഡ് സുരക്ഷാ സാമഗ്രികള്‍ക്കൊപ്പം സംസ്ഥാനത്തിനാവശ്യമായ മരുന്നുകള്‍ കൂടി ഉത്പാദിപ്പിക്കാന്‍ കഴിയുമോ എന്ന പഠനം വ്യവസായ വകുപ്പില്‍ നടക്കുകയാണ്. കെ.എസ്.ഡി.പി.എല്‍. മരുന്ന് നിര്‍മ്മാണത്തില്‍ നല്ല രീതിയില്‍ മുന്നേറുകയാണ്.
മെഡിക്കല്‍ ഉപകരണങ്ങളുടേയും ഡിവൈസുകളുടേയും ലഭ്യതയ്ക്കായി വ്യവസായ വകുപ്പ് മെഡിക്കല്‍ എക്യുപ്‌മെന്റ് ആന്റ് ഡിവൈസസ് പാര്‍ക്ക് തുടങ്ങാന്‍ പോകുകയാണ്. ഇതിലൂടെ ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതാണ്. ഇതൊടൊപ്പം ഗുണമേന്മയും ഉറപ്പ് വരുത്തുന്നതാണ്. ഇരു വകുപ്പുകളും എല്ലാ തലങ്ങളിലും സഹകരണം ഉറപ്പുവരുത്തുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.