ഹിറ്റ്മാൻ നായകൻ ആയേക്കും!
- Posted on September 13, 2021
- Sports
- By Abhinand Babu
- 221 Views
കോഹ്‌ലിയുടെ ആഗ്രഹപ്രകാരമാണ് രോഹിത് നായകസ്ഥാനത്തേക്ക് വരുന്നതെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന

വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുശേഷം ഏകദിന-ട്വന്റി 20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ട്വന്റി 20 ലോകകപ്പിനുശേഷം നിലവിലെ നായകനായ വിരാട് കോഹ്‌ലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം മാത്രം ഏറ്റെടുക്കുമെന്നും മറ്റ് രണ്ട് ഫോർമാറ്റുകളിലും ഇന്ത്യയെ രോഹിത് നയിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
എം.എസ്.ധോനി വിരമിച്ച ശേഷം ഇന്ത്യയെ നയിക്കുന്നത് കോഹ്‌ലിയാണ്. 2014 മുതൽ ടെസ്റ്റ് ടീമിന്റെയും 2017 മുതൽ ഏകദിന ട്വന്റി-20 ടീമിന്റെയും നായകനാണ് കോഹ്‌ലി. കോഹ്‌ലിയുടെ കീഴിൽ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ടീമിന് വേണ്ടി വലിയ കിരീടം സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടില്ല.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കോഹ്‌ലി രോഹിത്തുമായും ടീം അധികൃതരുമായും ചർച്ച നടത്തിയിട്ടുണ്ട്. കോഹ്‌ലിയുടെ ആഗ്രഹപ്രകാരമാണ് രോഹിത് നായകസ്ഥാനത്തേക്ക് വരുന്നതെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ സൂചന നൽകി. ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനുവേണ്ടിയാണ് കോഹ്‌ലി ഈ തീരുമാനമെടുത്തത്. ട്വന്റി 20 ലോകകപ്പിന് പിന്നാലെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും.