അകലത്തിരിക്കാം കോവിഡ് പിടിവിടും
- Posted on May 17, 2021
- News
- By Sabira Muhammed
- 479 Views
നിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ലോക്ക്ഡൗണിനു ശേഷം സംസ്ഥാനത്തെ ശരാശരി കേസുകളിൽ കുറവുണ്ടായിട്ടുണ്ടായിട്ടുണ്ടെന്നും നിയന്ത്രണങ്ങൾ ഫലപ്രദമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കേസുകൾ ചില ജില്ലകളിൽ വർധിക്കുന്നുണ്ടെങ്കിലും പൊതുവിൽ രോഗ വ്യാപനം കുറയുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശരാശരി 37144 കേസുകളായിരുന്നു മെയ് ഒന്ന് മുതൽ എട്ട് വരെ ഒരു ദിവസം ഉണ്ടായിരുന്നത്. എന്നാൽ ലോക്ക്ഡൗൺ തുടങ്ങിയ ആഴ്ചയിൽ എട്ട് ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. വയനാട്ടിലാണ് ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയത്. കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ കേസുകൾ കൂടുന്നുണ്ട്. എന്നാൽ, പൊതുവിൽ കേസുകൾ കുറയുന്നു. 444000 വരെ എത്തിയ ആക്ടീവ് കേസുകൾ 362315 ആയി കുറഞ്ഞു. ലോക്ക്ഡൗൺ എത്രത്തോളം ഫലം ചെയ്തു എന്ന് അടുത്ത ദിവസങ്ങളിൽ കൃത്യമായി അറിയാം. ലോക്ക്ഡൗണിന് മുൻപ് നടപ്പാക്കിയ വാരാന്ത്യ നിയന്ത്രണവും രാത്രി കർഫ്യുവൂ ഗുണം ചെയ്തതിന്റെ ഫലമായി ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുന്നുണ്ടെന്നത് ആശ്വാസകരമാണ്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗണിനോടും ജനങ്ങൾ സഹകരിക്കുന്നുണ്ട്.