അവിയൽ കണ്ട് പിടിച്ചത് ഭീമസേനനോ? അതോ ഇരയിമ്മന്‍ തമ്പിയോ?


അവിയലിന്റെ ഉത്ഭവത്തെപ്പറ്റി ധാരാളം കഥകളുണ്ട്. അതിലേറ്റവും പുരാതനമായ കഥയിൽ നായകൻ നമ്മുടെ ഭീമസേനനാണ്. ഭീമനാണ് അവിയൽ ആദ്യമായി ഉണ്ടാക്കിയതെന്ന് പറയപ്പെടുന്നു.

വനവാസം പൂർത്തിയാക്കിയ പാണ്ഡവർ അജ്ഞാത വാസത്തിനായി വിരാട രാജ്യത്തേക്ക് ചെന്നു. പലരും പല വേഷത്തിൽ പല ജോലികൾ ചെയ്ത് അജ്ഞാത വാസം  ആരംഭിച്ചു. ഭീമന്റെ ആകാര വലുപ്പം കണ്ട വിരാട രാജാവ് ഭീമനെ അടുക്കളയിൽ ജോലിക്കായി നിയമിച്ചു. പാചകം ചെയ്യാൻ അറിയാത്ത ഒരു പാവത്താനായ പാചകക്കാരനായി ഭീമസേനൻ അവിടെ കഴിഞ്ഞു. ഒരു ദിവസം ഭീമസേനന്റെ ചുമലിൽ അടുക്കളയുടെ നിയന്ത്രണം വന്നു ചേർന്നു, വിരാട രാജാവിന് ഭക്ഷണം ഉണ്ടാക്കി നൽകുക എന്ന ചുമതല അടി തടകളിൽ കേമനായ ഭീമനെ ശരിക്കും വലച്ചു കളഞ്ഞു. രാജാവിന് ഭക്ഷണം ഉണ്ടാക്കി കൊടുത്തില്ലേൽ പാചകം അറിയാത്ത പാചകക്കാരനെന്ന നിലയിൽ ആളുകൾ തന്നെ  സംശയിക്കുമെന്നും തന്റെ കള്ളി വെളിച്ചത്താവുമെന്നും കണക്കുകൂട്ടിയ ഭീമസേനൻ തന്റെ ഗദ പിടിച്ച് തഴമ്പിച്ച കൈകളെ ചട്ടുകത്തിലേക്ക് നയിച്ചു. പലതും ഉണ്ടാക്കി നോക്കിയെങ്കിലും ഒന്നും ശരിയാവാതെ വന്നപ്പോൾ, ഒടുക്കം പുള്ളിക്കാരൻ വരുന്നത് വരട്ടെ എന്നുകരുതി ഭീമൻ കണ്ണിൽ കണ്ട കുറെ പച്ചക്കറികൾ കൂട്ടിയരിഞ്ഞ് വേവിച്ച് തേങ്ങയും ചേർത്ത് ഒരു കറിയുണ്ടാക്കി വിളമ്പി . രാജാവിനാണേൽ അത് നന്നേ പിടിക്കുകയും ചെയ്തു. അങ്ങിനെയാണ് അവിയൽ ഉണ്ടായതെന്നാണ് ഒരു കഥ.

സ്വാതിതിരുനാളിന്റെ സദസ്സിൽ ഉണ്ടായ അവിയൽ 

അവിയലിന്റെ കണ്ടുപിടുത്തത്തിന് പുറകിൽ അതീവ രസകരമായ മറ്റൊരു കഥയുണ്ട് . സ്വാതി തിരുനാളിന്റെ രാജകൊട്ടാരത്തിലാണ് സദ്യയിൽ പ്രധാനിയായ അവിയലിന്റെ ജനനം. ഒരിക്കൽ രാജകൊട്ടാരത്തിൽ ഊണിന്  കറി തികയാതെ വന്നു. എന്ത് ചെയ്യണമെന്നറിയാതെ പരിചാരകരും  രാജാവും വിഷമിച്ച് നിൽക്കുമ്പോഴാണ് സ്വാതി തിരുനാളിന്റെ സഭയിലെ കവിയും ബുദ്ധിമാനുമായ ഇരയിമ്മന്‍ തമ്പി ഊട്ടുപുരയിലെത്തുന്നത്. 

കറിക്ക് അരിഞ്ഞു കൂട്ടിയ പച്ചക്കറികളില്‍ കുറെ ഭാഗങ്ങള്‍ വെറുതെ കളഞ്ഞത് കണ്ടപ്പോൾ ഇരയിമ്മന്‍ തമ്പിക്ക് ഒരു സൂത്രം തോന്നി. തമ്പി ഉടനെ അതെല്ലാം പെറുക്കിയെടുത്ത് പാത്രത്തിലാക്കി. സഹായത്തിന് ബന്ധുവായ  ബ്രാഹ്മണനെയും കൂട്ടി . എന്നാൽ ഇതിൽ വലിയ തമാശ എന്തെന്നാൽ  ഇരയിമ്മന്‍ തമ്പിക്കും സഹായിയായി എത്തിയ  ബ്രാഹ്മണനും പാചകം അറിയില്ലായിരുന്നു.

എരിശ്ശേരി ഉണ്ടാക്കാൻ ശ്രമിച്ച ഇവർ ഉണ്ടാക്കിയത് പക്ഷെ, കൊഴുത്ത മറ്റെന്തോ സാധനമാണ്. ഇത് ചോറിന് വിളമ്പിയപ്പോൾ അസാധ്യരുചിയും മണവും കണ്ട്  ആളുകൾ തമ്മില്‍ പിടിവലിയായി, സ്വാതിതിരുനാൾ തമ്പുരാനും ഒരുപാട് കഴിച്ചു. പിന്നീട് തമ്പുരാന്റെ നിർദേശപ്രകാരം അതിനെ നേരത്തെ ഉണ്ടാക്കിയ രീതിയില്‍ ഒന്നുകൂടെ ഉണ്ടാക്കുകയും ചെയ്തു . അപ്പോൾ അത് മുമ്പത്തേതിനേക്കാൾ കൂടുതല്‍ രുചികരമായിത്തീര്‍ന്നു. ഈ സാധനത്തിന് ഇരയിമ്മന്‍ തമ്പി അവിയല്‍ എന്ന് പേര് നൽകി.   ഇങ്ങനെ  അബദ്ധവശാലാണ് അവിയല്‍ പിറവി കൊണ്ടതെന്നു പറയപ്പെടുന്നു. കഥകൾ എന്തുതന്നെയായാലും കാലക്രമേണ മലയാളിയുടെ സദ്യകളിൽ ഒഴുച്ചുകൂടാൻ വയ്യാത്ത വിഭവമായി ഇത് മാറി. അവിയൽ ഇല്ലാത്ത സദ്യയെക്കുറിച്ചു മലയാളി ഇന്നുവരെ ചിന്തിച്ചിട്ടുപോലുമില്ല.

ചക്കക്കുരു മസാല

Author
Sub-Editor

Sabira Muhammed

No description...

You May Also Like