ഡോയൽ ജൂനിയറിന്റെ അലക്സി കഥകൾ, രഞ്ജു കിളിമാനൂർ

പല ഗ്രൂപ്പുകളിലും പുസ്തകത്തിന്റെ കവറിനെയും, അതിന്റെ ടാഗ് ലൈനിനെയും വിമർശിച്ച ഒരുപാട് പോസ്റ്റുകൾ കാണാൻ ഇടയായി. ഡോണ്ട് ജഡ്ജ് എ ബുക്ക്‌ ബൈ ഇട്സ് കവർ എന്ന ആപ്തവാക്യം ഓർമ്മിച്ചുകൊണ്ട് പുസ്തകം വാങ്ങി വായന തുടങ്ങി

ഷെർലക് ഹോംസും സുഹൃത്തും സഹായിയുമായിരുന്ന വാട്സണും ചേർന്നു നടത്തിയ കേസന്വേഷണങ്ങൾ  വാട്സൺ വിവരിക്കുന്ന രീതിയിൽ  ഭാവനാ സമ്പന്നമായി ചിത്രീകരിച്ചു ലോകമെമ്പാടുമുള്ള വായനക്കാരെ അമ്പരപ്പിച്ച എഴുത്തുകാരനാണ് സർ ആർതർ കോനൻ ഡോയൽ. ഡോയലിന്റെ കഥകൾ മലയാളികൾക്കുമേറെ പ്രിയപ്പെട്ടവ തന്നെ.

ഹോംസിനെ പിന്തുടർന്ന് മലയാളത്തിലും അപസർപ്പകകഥകൾ രൂപം കൊണ്ടു. അപ്പൻ തമ്പുരാന്റെ ഭാസ്കര മേനോൻ,  കോട്ടയം പുഷ്പനാഥിന്റെ  മാർക്സിൻ സീരീസ്,പുഷ്പരാജ് സീരീസ്, ബാറ്റൺ ബോസിന്റെ കഥകൾ ഇവയൊക്കെ മലയാളി വായനക്കാരെ കുറ്റവാളികൾക്കും കുറ്റകൃത്യങ്ങൾക്കും പുറകേ ആകാംഷയോടെ സഞ്ചരിക്കാൻ പ്രേരിപ്പിച്ചവയാണ്.

എന്നാലിപ്പോൾ  മലയാളത്തിന് സ്വന്തമായി ഒരു ജൂനിയർ ഡോയലിനെ സംഭാവന ചെയ്തിരിക്കുകയാണ് 'അലക്സി കഥകൾ ' എന്ന തന്റെ ആദ്യ പുസ്തകത്തിലൂടെ രഞ്ജു കിളിമാനൂർ. ഷെർലക് ഹോംസിന്റെ ആരാധകനായ എഴുത്തുകാരന്റെ തൂലികയിൽ വിരിഞ്ഞ കഥാപാത്രത്തിനു അലക്സി അഥവാ ഡോയൽ ജൂനിയർ എന്നു പേര് വന്നതിൽ തെല്ലും അതിശയോക്തി തോന്നിയില്ല. അലക്സിയും സുഹൃത്ത്‌ ജോണും കൂടി അന്വേഷിച്ചു കണ്ടെത്തുന്ന കേസുകൾ അലക്സിക്കൂ വേണ്ടി ജോൺ എഴുതി പുസ്തകമാക്കുന്നു.

അലക്സിയും ജോണും തെളിയിക്കുന്ന 5 കേസുകളാണ് 'അലക്സി കഥകൾ ' എന്ന പുസ്തകത്തിലുള്ളത്. അഞ്ചു കഥകളുടെ സമാഹാരമെന്നോ, നോവലറ്റ് എന്നോ ഒക്കെ പറയാവുന്ന തരത്തിലുള്ള ഒരു പുസ്തകം. സോഫ്റ്റ്‌വെയർ ഫീൽഡിൽ നിന്നും കെ എസ്‌ ആർ ടി സി യിൽ കണ്ടക്ടർ വേഷത്തിലേക്കു മാറിയപ്പോളത്തെ പോലെ അലക്സിയായി വേഷപ്പകർച്ച നടത്തി എഴുത്തുകാരൻ സ്വയം അന്വേഷിച്ചു കണ്ടെത്തുന്ന കേസുകളായാണ് കഥകളോരോന്നും വായിച്ചപ്പോൾ അനുഭവപ്പെട്ടത്.

അലക്സി കഥകൾക്കുള്ളിലെ കഥകൾ :

1. മൂന്ന് ചിത്രങ്ങളുടെ രഹസ്യം - കൃത്യമായ വര്ഷങ്ങളുടെ ഇടവേളകളിൽ താൻ നടത്താനിരുന്ന കൊലപാതകങ്ങളെ പറ്റി ഇരകൾക്ക് മുൻപേ തന്നെ, വിവിധ ചിത്രങ്ങൾ എടുത്തയച്ചു മുന്നറിയിപ്പ് കൊടുത്ത ശേഷം മാത്രം കൃത്യം നടപ്പാക്കിയിരുന്ന ഒരു  കൊലപാതകിയെ തികച്ചും നാടകീയമായ രീതിയിൽ കണ്ടെത്തുന്ന അലക്സി.

2. 13/B യിലെ കൊലപാതകം - വിനോദയാത്രയ്ക്ക് പോയ ഒരു കുടുംബത്തിലെ ഭർത്താവൊഴികെ മറ്റെല്ലാവരും ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നു. സോഷ്യൽ മീഡിയയിൽ ഒരിക്കലും സാന്നിധ്യമറിയിച്ചിട്ടില്ലാത്ത അലക്സി സോഷ്യൽ മീഡിയയുടെ സഹായത്തോടെ കൊലപാതകിയെ കണ്ടെത്തുന്നു.

3. മൂന്നാമത്തെ തുന്നിക്കെട്ട് - പൊടുന്നനെ മരണപ്പെട്ടൊരാളുടെ ശരീരത്തിൽ കാണപ്പെട്ട തുന്നിക്കെട്ടുകളുടെ ഉറവിടം തേടിയ അലക്സി ഒരു സീരിയൽ കില്ലെറിലേക്കെത്തുന്നു.

4. എഡ്വിൻ സെബാസ്റ്റ്യന്റെ മാജിക് പ്ലാനറ്റ് - ഹൌഡിനി എസ്‌കേപ്പ് എന്ന പ്രശസ്തമായ മാജിക്‌ വിദ്യ കാണാൻ ശ്രീകണ്ഠൻ മേനോൻ എഡ്വിൻ സെബാസ്റ്റ്യൻ ന്റെ മാജിക് പ്ലാനറ്റിലെത്തുന്നതും, തുടർന്നുള്ള ട്വിസ്റ്റുകളും ആണ്‌ ഈ കഥയിലെ പ്രമേയം 

5. സെന്റ് ജോൺസ് ചർച്ചിലെ കോൺവെൻറ് റൂം - അലക്സി കഥകളിൽ ഭീതിതമായി കണക്കാക്കാവുന്ന ഒരേയൊരു കഥയാണിത്. കോൺവെൻറ് റൂമിൽ കൃത്യമായ ഇടവേളകളിൽ നടന്ന കൊലപാതകങ്ങൾ അലക്സി അതിവിദഗ്ധമായി തെളിയിക്കുന്നു.

കുറ്റാന്വേഷണ കഥകളിൽ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം എഴുത്തുകാരൻ വായനക്കാരന്റെ മുന്നിൽ ഒരു ക്ലൂ പോലും വിട്ടുകൊടുക്കാതിരിക്കുക എന്നതാണ്. ആ ഒരു കാരണം കൊണ്ടു തന്നെ വായനക്കാരന് കഥാന്ത്യം വരെയും വായിക്കാതെ വേറെ വഴിയില്ലെന്നാവുക തന്നെ ചെയ്യും. രഞ്ജുവിന് ആ ശ്രദ്ധ നല്ലത് പോലെയുണ്ടെന്നു കഥയുടെ ക്രാഫ്റ്റ് കാണുമ്പോൾ മനസ്ലാക്കാവുന്നതാണ്.

ഏതൊരു വിഷയത്തിലും എഴുത്തുകാരനുള്ള അറിവിനനുസരിച്ചാണ് കഥാ പാത്രത്തിന്റെ രൂപകല്പനയും, ഘടനയും ഒത്തുവരുന്നത്. കോനൻ ഡോയൽ വൈദ്യവൃത്തിയാണ് തന്റെ പ്രവർത്തിമണ്ഡലമായി തെരഞ്ഞെടുത്തിരുന്നത്. അദ്ദേഹത്തിന്‌ ആ മേഖലയിലുള്ള അറിവ് എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹത്തെ സഹായിച്ചിരിക്കുമെന്ന് തീർച്ച. രഞ്ജുവും അലക്സി കഥകളിലെ പല കേസുകളും കൈകാര്യം ചെയ്തിരിക്കുന്ന രീതി കണ്ടാൽ ഓരോ വിഷയത്തിലും നല്ലപോലെ ഗവേഷണം നടത്തിയ ശേഷമാണ് കുറ്റം നടക്കാനുണ്ടായ സാഹചര്യവും, കുറ്റവാളിയുടെ മോട്ടീവും, അലക്സിയുടെ അന്വേഷണവുമൊക്കെ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. ആസ്ട്രൽ പ്രൊജക്ഷൻ, കെമിക്കൽ പ്രോസസ്സസ് തുടങ്ങിയവയിൽ നല്ല ഹോംവർക്ക് ചെയ്തിട്ടുണ്ടെന്നു വ്യക്തം.

മുഖപുസ്തകത്തിലെ ഒരു പോസ്റ്റിൽ കൂടിയാണ് രഞ്ജുവിനെയും അലക്സി കഥകളെയും കുറിച്ച് അറിയുന്നത്. അതിനു ശേഷവും പല ഗ്രൂപ്പുകളിലും പുസ്തകത്തിന്റെ കവറിനെയും, അതിന്റെ ടാഗ് ലൈനിനെയും വിമർശിച്ച ഒരുപാട് പോസ്റ്റുകൾ കാണാൻ ഇടയായി. ഡോണ്ട് ജഡ്ജ് എ ബുക്ക്‌ ബൈ ഇട്സ് കവർ എന്ന ആപ്തവാക്യം ഓർമ്മിച്ചുകൊണ്ട് പുസ്തകം വാങ്ങി വായന തുടങ്ങി. ആദ്യ വായന നടത്തുമ്പോൾ ത്രില്ലർ പുസ്തകങ്ങളൊരുപാടു വായിച്ചത് കൊണ്ടോ എന്തോ പിന്നീടൊന്നും വായിക്കാനും, കുറിപ്പെഴുതാനുമുള്ള മനസ്സുണ്ടായില്ല. ഇപ്പോൾ രണ്ടാം വായനയ്ക്ക് ശേഷവും, മടി എന്ന രണ്ടക്ഷരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മനസ്സിനോട് യുദ്ധം പ്രഖ്യാപിച്ചു കൊണ്ടാണ് കുറിപ്പെഴുതാൻ തുടങ്ങിയത്.

സ്വന്തമായി ഒരു പുസ്തകം പബ്ലിഷ് ചെയ്തു വിറ്റഴിക്കുക എന്നൊക്കെ പറഞ്ഞാൽ ചില്ലറ ധൈര്യമൊന്നും പോര.

അലക്സി കഥകളുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

©സ്വപ്ന

അഘോരികളുടെ ഇടയിൽ, റിഹാൻ റാഷിദ്‌

Author
Citizen journalist

Swapna Sasidharan

No description...

You May Also Like