ഘാതകൻ - സത്യപ്രിയയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ

 "ഖുച്ചി രുവാ, സത്യപ്രിയാ, ഖുച്ചീ രുവാ.. മത്തെ ഫുല്ലിബൈ നായീ.. ബികോസ് ദേർ ഈസ്‌ ആൾവെയ്‌സ് എ തേർഡ് ചാൻസ് " (എന്നെ മറക്കരുത്, എല്ലായ്‌പ്പോഴും മൂന്നാമതൊരു അവസരം ഉണ്ടാവാറുണ്ട്)

നിങ്ങൾ ഏതെങ്കിലുമൊരു പുസ്തകം വായനയിലുള്ളപ്പോൾ മുതൽ അതിലെ കഥാപാത്രങ്ങൾക്കൊപ്പം മനസ്സുകൊണ്ട് സഞ്ചരിക്കുകയും, അവരുടെ പ്രശ്നങ്ങൾ നിങ്ങളുടേതാണെന്ന ധാരണയിൽ ആദ്യന്തം അവരുടെ സഹയാത്രികരാവുകയും ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ കഷ്ടം തന്നെ! നിങ്ങൾ ഘാതകൻ വായിച്ചിട്ടില്ലെന്നു സംശയലേശമന്യേ പറയാം.

 ഏതെങ്കിലുമൊരു പുസ്തകം വായിക്കാനായി ചുറ്റുമുള്ളവയെക്കുറിച്ചെല്ലാം വിസ്മരിച്ചു  പുസ്തകത്തിലെ വരികളിലൂടെ യാത്ര ചെയ്ത ശേഷം, നിങ്ങളുദ്ദേശിച്ച രീതിയിൽ കഥാഖ്യാനം അവസാനിച്ചതിൽ സ്വയം മറന്നു സന്തോഷിക്കുകയോ, ആഹ്ലാദത്തിന്റെ അതിപാരമ്യതയിലെത്തുകയോ ഉണ്ടായിട്ടുണ്ടോ? ഇല്ലെങ്കിൽ ഹാ കഷ്ടം! നിങ്ങൾ ഘാതകൻ വായിച്ചു കാണില്ല തീർച്ച.

2016 നവംബർ 8 ന് പ്രാബല്യത്തിൽ        വന്ന നോട്ടു നിരോധനം, അതിനടുത്ത ആഴ്ചയിൽ സത്യപ്രിയയ്ക്ക് നേരെയുണ്ടായ വധശ്രമം, എന്നിങ്ങനെയാണ് വായനക്കാരിലേക്ക് ഘാതകന്റെ ആഗമനം. പറയത്തക്ക മുന്നറിയിപ്പുകളൊന്നുമില്ലാതെ 2016 നവംബർ 8 നു 500,1000 നോട്ടുകളിലെ ഗാന്ധി വകഭേദങ്ങൾ ഭാരത സർക്കാർ പിൻവലിക്കുന്നു. അതിനടുത്തയാഴ്ച നവംബർ 16 ന് ബാംഗ്ലൂരിൽ ഐ ടി ജീവനക്കാരിയായ സത്യപ്രിയ എന്ന നാൽപത്തിനാലുകാരി ആക്രമിക്കപ്പെടുന്നു.

അക്രമത്തിനു പിന്നിലെ നിജസ്ഥിതി അറിയാൻ നാട്ടിലേക്ക് പുറപ്പെടുന്ന സത്യപ്രിയയ്ക്ക് ഒഡിയ ഭാഷയിൽ ഒരു ഭീഷണിപ്പെടുത്തുന്ന ഫോൺ കോൾ വരുന്നു

"ഖുച്ചി രുവാ, സത്യപ്രിയാ, ഖുച്ചീ രുവാ.. മത്തെ ഫുല്ലിബൈ നായീ.. ബികോസ് ദേർ ഈസ്‌ ആൾവെയ്‌സ് എ തേർഡ് ചാൻസ് " (എന്നെ മറക്കരുത്, എല്ലായ്‌പ്പോഴും മൂന്നാമതൊരു അവസരം ഉണ്ടാവാറുണ്ട്).

തനിക്കു നേരെയുണ്ടാവുന്ന ആദ്യ ആക്രമണം ഇതല്ല മറിച്ച് വർഷങ്ങളായി ഒരു ഘാതകൻ തനിക്കു പുറകെയുണ്ടായിരുന്നതായി സത്യപ്രിയ തിരിച്ചറിയാൻ, ഈ ഫോൺ കോൾ കാരണമാവുന്നു.ഏറെക്കാലമായി രോഗവസ്ഥയിലായിരുന്ന പിതാവിന്റെ വെളിപ്പെടുത്തലുകൾ അതു ശരി വയ്ക്കുകയും ചെയ്യുന്നു.

കെ ആർ മീരയുടെ ഘാതകൻ എന്ന പുസ്തകം സത്യപ്രിയയുടെ സത്യാന്വേഷണ പരീക്ഷണങ്ങളെന്ന നിലയ്ക്കാണ് വായന തുടങ്ങിയത്. വായന പുരോഗമിക്കവേ, സത്യപ്രിയയിലൂടെ വായനക്കാരും സ്വയം സത്യാന്വേഷികളാവുന്ന അനുഭവമാണുണ്ടായത്.

അതു നമുക്ക് പറ്റില്ല ഭയങ്കര കട്ടിയാണ് എഴുത്തിന്റെ  ഭാഷയെന്ന് ആരെങ്കിലും പറഞ്ഞാൽ പിന്നെ ആ ബുക്ക്‌ വായിച്ചാലേ ഉറക്കം വരൂ എന്നൊരു വാശി രക്തത്തിലുള്ളതാണ്. ജീവിതത്തിന്റെ പല  ഘട്ടങ്ങളിലും വച്ചു കൈമോശം വന്ന  വായനയെ തിരിച്ചു പിടിക്കാൻ ഒരുപാട് പുസ്തകങ്ങൾ കാരണമായിട്ടുണ്ട്.  കെ ആർ മീരയുടെ ആരാച്ചാർ എന്ന പുസ്തകം അവയിലൊന്നാണ്. പഠന കാലത്തും മറ്റും ഒറ്റയിരിപ്പിന് 500 മുതൽ 1000 വരെ പേജുകളുള്ള പല പുസ്തകങ്ങളും വായിച്ചിരുന്ന എനിക്ക് ആരാച്ചാർ വായിച്ചുതീർക്കാൻ സമയപരിമിതികൾ മൂലം ഏതാണ്ട് രണ്ടാഴ്ച വേണ്ടി വന്നു.

ആരാച്ചാർ വായിച്ച ശേഷം മീരയുടെ ഏതാണ്ട് എല്ലാ പുസ്തകങ്ങളും കൈവശപ്പെടുത്താനുള്ള വ്യഗ്രതയിലായിരുന്നു.വാങ്ങിയവയെല്ലാം വായിച്ചു തീർക്കാൻ സാധിക്കാതെ റീഡേഴ്‌സ് ബ്ലോക്ക്‌ വന്നു വിഷണ്ണയായി കഴിച്ചു കൂട്ടിയത് മാസങ്ങളാണ്. ഏതു പുസ്തകം കയ്യിലെടുത്താലും വായിച്ചു തീർക്കാൻ പറ്റാത്ത അവസ്ഥയിലാണ് 'കഥയെഴുത്ത് ' എന്ന പുസ്തകത്തിലൂടെ മീരയെന്ന കഥാകാരിയെക്കുറിച്ചു കൂടുതൽ അറിയുന്നത്. 

അതിൽ അതിശയിപ്പിച്ച കാര്യമെന്തെന്നാൽ, എഴുത്തിന്റെ നാൾവഴിയിലെ  യാത്രകളിലൊഴികെ ഞാനും  ഏതാണ്ടതേ ജീവിതാനുഭവങ്ങളിലൂടെ  കടന്നു പോയിട്ടുണ്ടെന്നുള്ളതാണ്.  ഹൃദയത്തോട് ചേർത്തു നിർത്താവുന്ന  ഒരുതരം മാനസികമായ അടുപ്പം കഥാകാരിയോട് ഉണ്ടായപ്പോൾ ഘാതകന്റെ വായന എളുപ്പമായിരുന്നു. സത്യപ്രിയയുടെ ജീവിതത്തിലൂടെ സഞ്ചരിച്ചു തിരികെ വന്നിട്ട് ഇന്നേക്ക് ഒരാഴ്ച പിന്നിടുന്നു, എങ്കിലും ഇന്നീ നിമിഷം വരെയും അതിലെ പല കഥാപാത്രങ്ങളും, വിശിഷ്യാ   സത്യപ്രിയയും അമ്മ വസന്തലക്ഷ്മിയും മനസ്സിൽ നിന്നും മഞ്ഞുപോയിട്ടില്ല. 

ഘാതകനിലെ ഭാഷ കടുകട്ടിയാണെന്നു പറഞ്ഞ സുഹൃത്തിനോട് ഇപ്പോൾ നിസ്സീമമായ നന്ദി തോന്നുന്നു, കാരണം ആ കടുകട്ടി ഭാഷ വായിച്ചു മനസ്സിലാക്കാൻ ഏതു സാധാരണക്കാരനും പറ്റുമെന്നതിന്റെ തെളിവാണ് 562 പേജുകളുള്ള  പുസ്തകം കേവലം രണ്ടു ദിവസങ്ങൾ കൊണ്ടു ഞാൻ വായിച്ചു തീർത്തത്.

സമകാലീന ഭാരതത്തിലെ സ്ഥിതിവിശേഷങ്ങൾ ഒട്ടും വെള്ളം ചേർക്കാതെ എഴുതിയിരിക്കുന്നതിനാലാവണം, സത്യപ്രിയയുടെ അനുഭവങ്ങൾ ഒരു കഥയാണെങ്കിലും കടലിന്റെ നീറ്റൽ സത്യമാണെന്നു കഥാകാരി പറഞ്ഞിരിക്കുന്നത്. നോട്ടുനിരോധനം അഥവാ ഡിമോനെറ്റയിസെഷൻ കള്ള നോട്ട് വെളിച്ചത്തു കൊണ്ടുവരാനാണെന്ന് പറഞ്ഞിരുന്നുവെങ്കിലും, സാധാരണജനം തങ്ങളുടെ കയ്യിലുള്ള പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ വേണ്ടി പകലുമുഴുവൻ പൊരിവെയിലത്തു ബാങ്കിന്റെയും എ ടി എമ്മിന്റെയും മുൻപിൽ ക്യൂ നിൽക്കുകയും, ചിലർ തളർന്നു വീണു മരിക്കുകയും, മറ്റു ചിലർ ആത്മഹത്യയിൽ അഭയം പ്രാപിക്കുകയും ചെയ്തത് നമ്മളെല്ലാവരും കേട്ടറിഞ്ഞ കാര്യങ്ങളാണ്. 

കാലികപ്രസക്തമായ രചനകളിലൂടെ വായനക്കാരെ അമ്പരപ്പിക്കാൻ എഴുത്തുകാരിക്കിനിയും സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.ഒപ്പം ഘാതകൻ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു.

സ്വപ്നം കാണാൻ ഭയക്കുന്ന ഗ്രാമത്തിലെ പെൺകുട്ടികൾ

Author
Citizen journalist

Swapna Sasidharan

No description...

You May Also Like