വരാന്ത്യ ലോക്ഡൗൺ സംസ്ഥാനത്ത് പിൻവലിച്ചേക്കുമെന്ന് സൂചന
- Posted on July 20, 2021
- News
- By Sabira Muhammed
- 488 Views
അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ ഉണ്ടാകും

വരാന്ത്യ ലോക്ഡൗൺ സംസ്ഥാനത്ത് പിൻവലിച്ചേക്കുമെന്ന് സൂചന. കൂടുതൽ ഇളവുകൾക്കും സാധ്യത. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ ഉണ്ടാകും.
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ മൈക്രോ കണ്ടെയ്‌ന്മെന്റ് മേഖലയായി തിരിച്ച് ഏർപ്പെടുത്തിയേക്കും. വ്യാപനത്തോത് കൂടുതലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആകെ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഒഴിവാക്കാനും ആലോചനയുണ്ട്.
തദ്ദേശഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള നിയന്ത്രണങ്ങളിൽ യോഗം തീരുമാനമെടുക്കും. യോഗം ഉച്ചയ്ക്ക് 3.30നാണ്. യോഗം കൂടുതൽ ഇളവുകൾ നൽകുന്നതിനെ കുറിച്ചും ചർച്ച ചെയ്യും. ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പുന:ക്രമീകരിക്കാനും സാധ്യതയുണ്ട്.
ഇന്ന് ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണിൽ നൽകിയ ഇളവുകൾ അവസാനിക്കും. സുപ്രിംകോടതിയിൽ സംസ്ഥാന സർക്കാർ പെരുന്നാൾ ഇളവുകൾ സംബന്ധിച്ച് മറുപടി സമർപ്പിച്ചിരുന്നു. വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഇളവുകൾ നൽകിയതെന്ന് കേരളം അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്നും ടിപിആർ കുറച്ചുകൊണ്ടുവരാൻ ശ്രമം തുടരുകയാണെന്നും സംസ്ഥാനം അറിയിച്ചു. കോവിഡ് കേസുകളുടെ വിവരങ്ങൾ കൃത്യമായി പുറത്തുവിടുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും മറുപടിയിൽ പരാമർശിച്ചു.