കർഷകന് കൃഷിയിടത്തിൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാൻ ആശ്രയ സേവന കേന്ദ്രങ്ങൾ.
- Posted on November 02, 2025
- News
- By Goutham prakash
- 30 Views
കർഷകന് കൃഷിയിടത്തിൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാൻ ആശ്രയ സേവന കേന്ദ്രങ്ങളിലൂടെ സാധിക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. ആശ്രയ കേന്ദ്രങ്ങളുടെ സംസ്ഥാന തല ഉദ്‌ഘാടനം അണ്ടൂർക്കോണത്ത് വച്ച് നിർവ്വഹിക്കുകയായിരുന്നു മന്ത്രി. സമയബന്ധിതമായി ആനുകൂല്യങ്ങളും സേവനങ്ങളും കർഷകർക്ക് ലഭ്യമാക്കാൻ ഈ സെന്റർ സഹായകമാകും. കർഷകനെ ആശ്രയിച്ചാണ് സമൂഹം നിലനിൽക്കുന്നതെന്നും കർഷകർക്ക് ആശ്രയ കേന്ദ്രങ്ങൾ സഹായിയായി പ്രവർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആധുനിക സാങ്കേതിക വിദ്യയും കൃഷിയും കൈകോർത്ത് മുന്നേറുമ്പോഴാണ് സുസ്ഥിരമായ കാർഷിക വികസനം സാധ്യമാകുന്നത്. കർഷകന്റെ അനുഭവത്തോടൊപ്പം വിവര സാങ്കേതികാടിസ്ഥാന ശാസ്ത്രീയ പരിപാലന മുറകൾ കൂടി ചേരുന്ന ‘സ്മാർട്ട് കൃഷി’ സാധ്യമാക്കാൻ "ആശ്രയ" സേവന കേന്ദ്രങ്ങൾ മുഖ്യ പങ്ക് വഹിക്കും. വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും പരിസ്ഥിതിക പ്രാധാന്യത്തോടെയുള്ള കൃഷിയും കൃഷി രീതികളും ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കേരളത്തിലെ ചെറുകിട-ഇടത്തരം കർഷകർക്ക് സ്മാർട്ട് കൃഷി ഒരു പുതിയ പ്രതീക്ഷയാണ്. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ കാലാവസ്ഥയ്ക്കും വിപണിക്കും അനുയോജ്യമായ വിള തിരഞ്ഞെടുക്കാൻ കർഷകർക്ക് കഴിയും. കാലാവസ്ഥാ വ്യതിയാനവും വെള്ളപ്പൊക്കവും മണ്ണൊലിപ്പും പോലുള്ള പ്രതിസന്ധികളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ സാധ്യമാകും. വന്യമൃഗശല്യം തടയുന്നതിലും സാങ്കേതിക പരിഹാരങ്ങൾ വളരെയധികം ഫലപ്രദമാണ്.
കേരളാ കൃഷി ഹബ്ബ് ‘കതിര്‍’ ആപ്പ്, അഗ്രിസ്റ്റാക്ക്, e-NAM, AIMS തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ മുഖേനയുള്ള സേവനങ്ങളും ആശ്രയ കേന്ദ്രത്തിലൂടെ കർഷകർക്ക് ലഭ്യമാകും. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി കർഷകന് വിരൽത്തുമ്പിൽ ഡിജിറ്റൽ കാർഷിക സേവനങ്ങൾ എത്തിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലും ആദ്യഘട്ടമായി ഒരോ കേന്ദ്രങ്ങൾ വീതം പ്രവർത്തനമാരംഭിക്കും. പരമ്പരാഗത കൃഷിയും ആധുനിക സാങ്കേതികതയും തമ്മിലുള്ള ഡിജിറ്റൽ വിടവ് നികത്തി കർഷകരെ ശാക്തീകരിക്കാനും, കാർഷിക സേവനങ്ങൾ കാര്യക്ഷമമാക്കാനും അശ്രയാ സേവന കേന്ദ്രങ്ങളിലൂടെ സാധിക്കും. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ.ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. അണ്ടൂർക്കോണം ആശ്രയ കേന്ദ്രത്തിന്റെ പ്രഥമ സേവനമായി മന്ത്രിയുടെ സാന്നിധ്യത്തിൽ കൃഷിഭവൻ പരിധിയെ മുതിർന്ന കർഷകനായ ചന്ദ്രശേഖരൻ നായരുടെ കർഷക രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും തിരിച്ചറിയൽ കാർഡ് തൽസമയം ലഭ്യമാക്കുകയും ചെയ്തു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഹരികുമാർ, കെ. മാജിദാ ബീവി, മണി മധു, പി. അനിതാ കുമാരി, ഷിബില സക്കീർ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ എസ്.സപ്ന, സിന്ധു, പ്രിൻസിപ്പൽ കൃഷി ഓഫീസർ മേരി കെ അലക്സ് എന്നിവർ പങ്കെടുത്തു.
കൊല്ലം-ശാസ്താകോട്ട കൃഷി ശ്രീ സെന്റർ, പത്തനംതിട്ട-കവിയൂർ കാർഷിക കർമസേന, ആലപ്പുഴ-കരപ്പുറം ഹരിത കാർഷിക കർമസേന, കോട്ടയം-മീനച്ചിൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, ഇടുക്കി-ചെണ്ടുമല്ലി കൃഷിക്കൂട്ടം, എറണാകുളം-പാമ്പാക്കുട അഗ്രോ സർവ്വീസ് സെന്റർ, തൃശ്ശൂർ-വെളളാങ്ങല്ലൂർ കാർഷിക സേവന കേന്ദ്രം, പാലക്കാട്-നിള ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, മലപ്പുറം-വേങ്ങര ബ്ലോക്ക് കൃഷി ശ്രീ സെന്റർ, കോഴിക്കോട്-ഇൻസെൽ അഗ്രോടെക് കൃഷിക്കൂട്ടം, വയനാട്-പനമരം കാർഷിക കർമസേന, കണ്ണൂർ-പിണറായി കാർഷിക കർമസേന, കാസറഗോഡ്-അഗ്രോ സർവ്വീസ്സെന്റർ പൂല്ലൂർ-പെരിയ, എന്നിവയാണ് പ്രാരംഭമായി ആരംഭിക്കുന്ന മറ്റ് ആശ്രയ കേന്ദ്രങ്ങൾ.
