വിവാഹവാർഷികത്തിന് പിറകെ വേർപിരിഞ്ഞ് നടൻ ആമിർ ഖാനും കിരൺ റാവുവും
- Posted on July 03, 2021
- Cinema
- By Sabira Muhammed
- 307 Views
വിവാഹമോചനം അവസാനമല്ല, ഒന്നിച്ച് തന്നെ ചിത്രങ്ങൾക്കായും പാനി ഫൗണ്ടേഷനായും വീണ്ടും പ്രവർത്തിക്കും ഇത് പുതിയ ജീവിതത്തിന്റെ തുടക്കമാണെന്നും കുറിപ്പിൽ പറയുന്നു.

പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ ബോളിവുഡ് നടൻ ആമിർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി. വേർപിരിഞ്ഞ കാര്യം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് ഇരുവരും വ്യക്തമാക്കിയത്. ഈയിടെയായിരുന്നു ഇരുവരും വിവാഹവാർഷികം ആഘോഷിച്ചത്.
ഭർത്താവ്–ഭാര്യ എന്നീ സ്ഥാനങ്ങൾ ഇനി ഇല്ലെന്നും തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെനാളായി ഉണ്ടായിരുന്നുവെന്നും ഇപ്പോഴാണ് അതിന് ഉചിതമായ സമയമായതെന്നും കുറിപ്പിലുണ്ട്. മകൻ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും ഒരുമിച്ച് തന്നെ കുഞ്ഞിനെ വളർത്തുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. വിവാഹമോചനം അവസാനമല്ല, ഒന്നിച്ച് തന്നെ ചിത്രങ്ങൾക്കായും പാനി ഫൗണ്ടേഷനായും വീണ്ടും പ്രവർത്തിക്കും ഇത് പുതിയ ജീവിതത്തിന്റെ തുടക്കമാണെന്നും കുറിപ്പിൽ പറയുന്നു.
ആമിർ ഖാൻ നടി റീന ദത്തയുമായുളള 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് , സംവിധാന സഹായിയായിരുന്ന കിരൺ റാവുവിനെ വിവാഹം ചെയ്യുന്നത്. ഇരുവരുടെയും വിവാഹം 2005ലായിരുന്നു. ആസാദ് റാവു ഖാനാണ് ഈ ബന്ധത്തിലുള്ള മകൻ. ഇറാ ഖാൻ, ജുനൈദ് ഖാൻ എന്നീ മക്കളും റീന ദത്തയിൽ ആമിറിനുണ്ട്.