ഡെലിവറി തൊഴിലാളികൾക്ക് ആശ്വാസം'; പത്ത് മിനിറ്റ് ഡെലിവറി നിർത്തലാക്കാൻ സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ കമ്പനികളോട് കേന്ദ്രം.
- Posted on January 14, 2026
- News
- By Goutham prakash
- 76 Views
ന്യൂഡൽഹി: ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആശ്വാസമേകുന്ന നീക്കവുമായി കേന്ദ്രം. പത്ത് മിനിറ്റ് ഡെലിവറി നിർത്തലാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഡെലിവറി സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഡെലിവറി ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി, സൊമാറ്റോ എന്നീ സ്ഥാപനങ്ങളിളെ അധികൃതരുമായി മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
നേരത്തെയുണ്ടായിരുന്ന പത്ത് മിനിറ്റിനുള്ളിൽ പതിനായിരം ഉത്പന്നങ്ങളുടെ ഡെലിവറി എന്നതിൽ നിന്ന് മുപ്പതിനായിരും ഉത്പന്നങ്ങളുടെ ഡെലിവറിയെന്ന ടാഗ്ലൈൻ കമ്പനികൾ അടുത്തിടെ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ.
ഡെലിവറി ജീവനക്കാരുടേതടക്കമുള്ള രാജ്യത്തെ കരാർ തൊഴിലാളികളുടെ സുരക്ഷയെ കുറിച്ചും തൊഴിലിടങ്ങളിലെ സാഹചര്യങ്ങളെ കുറിച്ചും പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലും ചർച്ചയായിരുന്നു. പത്ത് മിനിറ്റിനുള്ളിൽ ഡെലിവറി നടത്തണമെന്ന കമ്പനിയുടെ ധാർഷ്‌ട്യം പലപ്പോഴും ജീവനക്കാരുടെ സുരക്ഷയെ പ്രതികൂലമായാണ് ബാധിക്കുന്നതെന്ന് രാജ്യസഭാ എംപി രാഘവ് ചദ്ദ ചൂണ്ടിക്കാട്ടിയിരുന്നു. അസാധ്യവേഗത്തിലുള്ള ഡെലിവറിയേക്കാൾ മനുഷ്യജീവന് വിലകൽപിക്കുന്നതിനാകണം കമ്പനിയുടെ പോളിസികളെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
