കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു
- Posted on June 19, 2021
- Cinema
- By Sabira Muhammed
- 466 Views
1985ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിന് പാട്ടുകളെഴുതിക്കൊണ്ടായിരുന്നു സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്.

കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു. കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്നു. തൃശ്ശൂര്‍ വിവേകോദയം സ്‌കൂള്‍ റിട്ട. അദ്ധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീതസംവിധായകനാണ്.
1948 ഫെബ്രുവരി 2 ന് കന്യാകുമാരിയില്‍ കുമാരപുരത്ത് ജനിച്ച അദ്ദേഹം 1966ല്‍ ധനതത്വശാസ്ത്രത്തില്‍ ബിരുദവും 1972ല്‍ മലയാള ഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും എടുത്തു.
സരയൂതീര്‍ത്ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, അഗ്രേപശ്യാമി, സൂര്യഹൃദയം (കവിതാസമാഹാരങ്ങള്‍), കളിപ്പാട്ടുകള്‍, ഉറുമ്പുവരി, കുട്ടികളുടെ ചിലപ്പതികാരം, സുബ്രഹ്മണ്യ ഭാരതിയുടെ കവിതകള്‍ (തമിഴില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍) എന്നിവയാണ് മുഖ്യ കൃതികള്‍.
1980ല്‍ ചിലപ്പതികാരത്തിന് പൂത്തേഴന്‍ അവാര്‍ഡും, 1983ല്‍ സൂര്യഹൃദയത്തിന് ഇടശ്ശേരി അവാര്‍ഡും, 1985ല്‍ സ്വാതിമേഘത്തിന് കവനകൗതുകം അവാര്‍ഡും ലഭിച്ചു. 1988ല്‍ ഗുരുചെങ്ങന്നൂര്‍ സ്മാരക സാഹിത്യ അവാര്‍ഡും, തിരുവനന്തപുരം തമിഴ് സംഘ പുരസ്ക്കാരവും, ഇളംകോ അടികള്‍ സ്മാരക സാഹിത്യ പീഠത്തിന്റെ ചിലമ്പുബിരുദവും കിട്ടി.
1975 മുതല്‍ ആകാശവാണിയില്‍ സാഹിത്യ വിഭാഗം എഡിറ്ററായിരുന്ന അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കു വേണ്ടിയും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ഭാവഗീത ശൈലിയിലുള്ള നിരവധി കവിതകൾ രചിച്ച് ശ്രദ്ധേയനായ അദ്ദേഹം പല പ്രാചീന തമിഴ് കൃതികളും മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. 1985ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിന് പാട്ടുകളെഴുതിക്കൊണ്ടായിരുന്നു സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്.