'നിഴല്‍' ഇന്ന് മുതല്‍ ആമസോണ്‍ പ്രൈമില്‍

പ്രേക്ഷകനെ ഒരു വിധത്തിലും വിരസമാക്കാതെ അവസാനത്തെ സീന്‍ വരെ പിടിച്ചിരുത്താന്‍ പോന്ന ദൗത്യം സംവിധായകന്‍ യഥാവിധി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

പ്രധാന വേഷങ്ങളില്‍ നയന്‍താരയും കുഞ്ചാക്കോ ബോബനും എത്തിയ 'നിഴല്‍' ഇന്ന് മുതല്‍ ഓ ടി ടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമില്‍ കാണാം.ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ഫിലിം എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി സംവിധാനത്തിലേക്ക് ആദ്യമായി ചുവട് വക്കുന്ന ചിത്രം കൂടിയാണ് 'നിഴല്‍.' എസ് സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ. ഒട്ടേറെ മികച്ച സിനിമകളുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ച അപ്പു ഭട്ടതിരിയുടെ പേര് മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷമായി. മികച്ച എഡിറ്റര്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മലയാള സിനിമാ ലോകത്തെ നവഭാവുകത്വത്തിനു ചുക്കാന്‍ പിടിക്കുന്നവരില്‍ ഒരാളായ അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന ആദ്യ ചലച്ചിത്രം, മലയാളത്തില്‍ അധികം കാണാത്ത, തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര അഭിനയിക്കുന്ന ചിത്രം - 'നിഴലിനെ' ശ്രദ്ധേയമാക്കുന്ന കാര്യങ്ങള്‍ ഏറെയാണ്. 

നിഗൂഢതകള്‍ നിറഞ്ഞ കഥ, ത്രില്ലര്‍ സ്വഭാവമുള്ള ആഖ്യാനം, നായികാ കഥാപാത്രം എന്ന സാമാന്യ പ്രയോഗത്തിനും അപ്പുറം ശക്തമായ സ്ത്രീ കഥാപാത്രം എന്നിങ്ങനെ 'നിഴല്‍' മുന്നോട്ട് വയ്ക്കുന്ന വ്യത്യസ്തകള്‍ പലതുണ്ട്. നിധി എന്ന കുട്ടി പറയുന്ന ഒരു കഥയില്‍ നിന്നും, അവനെ ചുറ്റി നില്‍ക്കുന്ന നിഗൂഢമായ ഒന്ന് ജോണ്‍ ബേബി എന്ന ജുഡീഷ്യല്‍ മജിസ്ട്രേറ്റിലേക്ക് (കുഞ്ചാക്കോ ബോബന്‍) എത്തുകയും, അയാള്‍ തന്‍റെ ജിജ്ഞാസ കൊണ്ടാകണം അതിന്മേല്‍ ഒരന്വേഷണം നടത്തുകയും ചെയ്യുന്നു. ഷര്‍മിള (നയന്‍‌താര) ആദ്യം തന്‍റെ കുട്ടിയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും പിന്നീട് ജോണ്‍ ബേബിയോട് സഹകരിക്കുകയും ചെയ്യുന്നു. ഒരു മുങ്ങി മരണത്തിന്റെ സാധ്യതകളിലേക്കാണ് നിധിയുടെ കഥ വിരല്‍ ചൂണ്ടുന്നത്. സാഹചര്യങ്ങളെ ബന്ധിപ്പിച്ചു നടക്കുന്ന ആ അന്വേഷണം ത്രില്ലിംഗ് ആയ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എസ് സജീവാണ് 'നിഴലി'ന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമയുടെ സസ്പെന്‍സ് നിലനിര്‍ത്തുന്ന തിരക്കഥ, തങ്ങളെ പിന്തുടരുന്ന ഒരു നിഗൂഢതയ്ക്കൊപ്പം സഞ്ചരിക്കുന്ന കഥാപാത്രങ്ങളെ പിന്തുടരുന്നു. പ്രേക്ഷകനെ ഒരു വിധത്തിലും വിരസമാക്കാതെ അവസാനത്തെ സീന്‍ വരെ പിടിച്ചിരുത്താന്‍ പോന്ന ദൗത്യം സംവിധായകന്‍ യഥാവിധി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മാടമ്പ് കുഞ്ഞുകുട്ടന് വിട

Author
Sub-Editor

Sabira Muhammed

No description...

You May Also Like