ആധുനിക സൗകര്യങ്ങളോടെ അറിവുകളുടെ കേന്ദ്രങ്ങളായി സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ മാറുന്നു: മന്ത്രി കെ. രാജന്‍.

സംസ്ഥാനത്തെ  സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു.


  ആധുനിക സൗകര്യങ്ങളോട് കൂടിയ അറിവുകളുടെ കേന്ദ്രമായി മാറുകയാണ് സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെന്ന് റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാനതല നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ കണിമംഗലം വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനം ഉള്‍പ്പെടെ സംസ്ഥാനത്തെ 44 വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്. 


 ആധുനിക സൗകര്യങ്ങളോടു കൂടിയ എഴുന്നൂറോളം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഇന്ന് സംസ്ഥാനത്തുണ്ട്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തോടെ സംസ്ഥാനത്തെ റവന്യു രംഗത്ത് നടത്തിയ വിപ്ലവകരമായ മാറ്റത്തിന്റെ പ്രതിഫലനമാണ് വില്ലേജ് ഓഫീസുകളില്‍ ഇന്ന് കാണുന്നതെന്നും മന്ത്രി പറഞ്ഞു. പട്ടയ മിഷന്‍ എന്ന പുതിയ ആശയം കൊണ്ടുവന്നത് ഈ സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ്. ജനങ്ങള്‍ക്ക് നേരിട്ട് പങ്കെടുക്കാന്‍ കഴിയുന്ന പട്ടയ അസംബ്ലിയിലൂടെ പല പ്രതിസന്ധികളില്‍ അകപ്പെട്ട പട്ടയങ്ങള്‍ക്ക് നേരിന്റെ വഴി ഉണ്ടാക്കിക്കൊടുത്തത് ഈ സര്‍ക്കാരിന്റെ കാലഘട്ടത്താണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 


ഡിജിറ്റല്‍ റീ-സര്‍വേ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അനുഭവമാണ്. ഭൂരേഖയുടെ ഡിജിറ്റലൈസേഷന്‍ ഇന്ത്യയിലെ ആദ്യമായി ഉയര്‍ത്തിക്കൊണ്ടുവന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും സോളാര്‍ മേല്‍ക്കൂര സ്ഥാപിക്കുന്നതിന്റെ ട്രയല്‍ റണ്ണിന്റെ ഭാഗമായി ഒല്ലൂര്‍ മണ്ഡലത്തിലെ 18 വില്ലേജുകളിലും സോളാര്‍ മേല്‍ക്കൂര ഉടന്‍ ആരംഭിക്കും. വില്ലേജ് ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് നേരിട്ട് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും രേഖകളും ലഭിക്കുന്ന ഡിജിറ്റല്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


നെടുപുഴ ഗവ. വിമന്‍സ് പോളിടെക്‌നിക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീന ചന്ദ്രന്‍, കോര്‍പ്പറേഷന്‍ ഡിവിഷണല്‍ കൗണ്‍സിലര്‍മാരായ പത്മിനി ഷാജി, പ്രിന്‍സി റോജന്‍, എ.ഡി.എം ആര്‍. മനോജ്, തൃശ്ശൂര്‍ താലൂക്ക് തഹസില്‍ദാര്‍ ടി. ജയശ്രീ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like