മൂന്നാം തരംഗത്തെ യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടാൻ ഒരുങ്ങി കേരളം
- Posted on June 07, 2021
- News
- By Sabira Muhammed
- 491 Views
മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കാമെന്ന് പഠനം

രാജ്യം നാലുമാസത്തിനുള്ളില്‍ കോവിഡ് മൂന്നാംതരംഗത്തെ നേരിടേണ്ടിവരുമെന്ന വിദഗ്ധാഭിപ്രായം മുന്‍നിര്‍ത്തി പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് കേരളം. മൂന്നാം തരംഗത്തെ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് അതിജീവിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം. കുട്ടികളെ കൂടുതലായി മൂന്നാം തരംഗം ബാധിക്കാമെന്ന് പഠനമുള്ളതിനാല്‍ ശിശുരോഗ തീവ്രപരിചരണ സംവിധാനം മുഴുവന്‍ ജില്ലയിലും ഉറപ്പാക്കും.
നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ഐസിയു ഒരുക്കും. ജില്ലകളില്‍ കുട്ടികളുടെ ചികിത്സയ്ക്കായി നോഡല്‍ ആശുപത്രി സജ്ജമാക്കും. ഈ ആശുപത്രികളിലടക്കം ഓക്സിജന്‍ ലഭ്യത ഉറപ്പാക്കും.
18 വയസ്സിനുമുകളിലുള്ളവരില്‍ വാക്സിന്‍ വിതരണം വേഗം പൂര്‍ത്തിയാക്കും. നിലവില്‍ മുന്‍ഗണനാ വിഭാഗത്തിനാണെങ്കിലും വൈകാതെ എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കും. 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് ജൂലൈ 15നകം ആദ്യ ഡോസ് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ സാമൂഹ്യ പ്രതിരോധശേഷി കൈവരിച്ച് സംസ്ഥാനത്തിന് കോവിഡിനെ അതിജീവിക്കാനാകും.
രണ്ടാം തരംഗത്തില്‍ 43,000 ത്തിലധികം പേര്‍ക്കുവരെ പ്രതിദിനം രോഗം ബാധിച്ചിരുന്നു. ആദ്യ തരംഗത്തില്‍ ഇത് 12,000 മാത്രമായിരുന്നു. മൂന്നാം തരംഗത്തില്‍ രോഗികളുടെ എണ്ണം കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
രണ്ടാം തരംഗം ശക്തിയാര്‍ജ്ജിച്ച മെയ് പകുതിയില്‍ സംസ്ഥാനത്ത് പ്രതിദിനം 4.45 ലക്ഷം രോഗികള്‍ വരെ ചികിത്സയിലുണ്ടായിരുന്നു. ലോക്ഡൗണിലൂടെ ഇത് കുത്തനെ കുറയ്ക്കാനായി. നിലവില്‍ ഒന്നര ലക്ഷത്തോളം രോഗികളാണുള്ളത്.