കനിവ് 108: പുതിയ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി ആംബുലൻസുകൾ വിന്യസിക്കും: ആരോഗ്യമന്ത്രി
- Posted on February 10, 2023
- News
- By Goutham prakash
- 246 Views
തിരുവനന്തപുരം: സംസ്ഥാനത്തെ കനിവ് 108 ആംബുലൻസുകളുടെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അപകടങ്ങൾ കൂടുതലായി നടക്കുന്ന പുതിയ ബ്ലാക്ക് സ്പോട്ടുകൾ മോട്ടോർ വാഹനവകുപ്പിന്റെ സഹായത്തോടെ കണ്ടെത്തി ആവശ്യമായ സ്ഥലങ്ങൾക്ക് സമീപം 108 ആംബുലൻസ് സേവനം പുന:ക്രമീകരിക്കും. മികച്ച സേവനം ലഭ്യമാക്കുന്നതിന് പുതിയ ആപ്പ് വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കനിവ് 108 ആബുലൻസുകളുടെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വിളിച്ച് കൂട്ടിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രികളിൽ നിന്ന് രോഗികളെ 108 ആംബുലൻസുകളിൽ മാറ്റുന്നതിനായുള്ള റഫറൻസ് പ്രോട്ടോകോൾ തയ്യാറാക്കും. ട്രോമ കെയർ, റോഡപകടങ്ങൾ, വീടുകളിലെ അപകടങ്ങൾ, അത്യാസന്ന രോഗികൾ എന്നിവയുമായി ബന്ധപ്പെട്ടുള്ളവർക്ക് കൂടുതൽ പ്രാധാന്യം നൽകും. ഒരു ആശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടു പോകുന്നതിന് ആരോഗ്യ വകുപ്പിന്റേയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റേയും ആംബുലൻസുകൾ പരമാവധി ഉപയോഗിക്കാൻ നിർദേശം നൽകി. ഈ ആംബുലൻസുകൾ ലഭ്യമല്ലെങ്കിൽ മാത്രമേ 108 ആംബുലൻസിന്റെ സേവനം തേടാവൂ.
സ്വന്തം ലേഖകൻ
