നമ്പറിനൊപ്പം വിളിക്കുന്നയാളുടെ പേരും ഇനി മൊബൈൽ സ്‌ക്രീനില്‍ എഴുതി കാണിക്കും; പരീക്ഷണം അടുത്തയാഴ്‌ച്ച മുതല്‍.
- Posted on October 31, 2025
- Technology
- By Goutham prakash
- 176 Views
ട്രൂകോളർ പോലുളള ആപ്പിന്റെ സഹായമില്ലാതെ ഇനി നിങ്ങളുടെ ഫോണിൽ വിളിക്കുന്നയാളുടെ പേര് ദൃശ്യമാകും. പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) ടെലികമ്മ്യൂണിക്കേഷൻ വകുപ്പും (ഡിഒടി) ഈ നടപടി തുടങ്ങി. സിം എടുത്ത സമയത്ത് കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോമില്‍ നല്കിയിരുന്ന പേരാകും സ്‌ക്രീനില്‍ എഴുതി കാണിക്കുക എന്നാണ് റിപ്പോർട്ട്.
ഏതെങ്കിലുമൊരു സര്‍ക്കിളില്‍ ഒരാഴ്‌ച്ചയ്‌ക്കുള്ളില്‍ പരീക്ഷണം ആരംഭിക്കണമെന്ന് മൊബൈൽ സേവന ദാതാക്കൾക്ക് ഡിഒടി നിർദ്ദേശം നൽകി. അധികം വൈകാതെ രാജ്യമെമ്പാടും സംവിധാനം നിലവിൽ വരും.
2024 ഫെബ്രുവരിയിൽ, ‘കോളിംഗ് നെയിം പ്രസന്റേഷൻ’ (CNAP) എന്ന സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഡിഒടി ട്രായ്‌ക്ക് ശുപാർശ ചെയ്തിരുന്നു. അന്ന് പക്ഷെ ആവശ്യമുള്ള ഉപഭോക്താക്കൾക്ക് മാത്രം എന്നാണ് ട്രായ് മുന്നോട്ട് വച്ചത്. വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റുകൾ, സാമ്പത്തിക തട്ടിപ്പുകൾ, സ്പാം കോളുകൾ, സൈബർ കുറ്റകൃത്യങ്ങളും എന്നിവ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.
