സപ്ലൈകോ വിഷു - റംസാൻ ഫെയറുകൾ ഏപ്രിൽ 12-ന് ആരംഭിക്കും: ജി.ആർ. അനിൽ
- Posted on April 11, 2023
- News
- By Goutham prakash
- 253 Views
തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷു-റംസാൻ ഫെയറുകൾ ഏപ്രിൽ 12 മുതൽ 21 വരെ നടത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഫെയറുകളുടെ സംസ്ഥാനതല ഉത്ഘാടനം ഏപ്രിൽ 12-ന് രാവിലെ11.00 മണിയ്ക്ക് തമ്പാനൂർ കെ.എസ്.ആർ.ടി.സി. ടെർമിനലിനു സമീപം പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർ മാര്‍ക്കറ്റ് പരിസരത്ത് ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഭക്ഷ്യ–പൊതുവിതരണ വകുപ്പുമന്ത്രി ഉത്ഘാടനം നിർവ്വഹിക്കുന്നതാണ്.
14 ജില്ലാ ആസ്ഥാനങ്ങളിലേയും തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാര്‍ക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. താലൂക്ക് ആസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ഫെയറുകൾ സംഘടിപ്പിക്കുക. വിഷുവിനും റംസാനും സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കുന്നതിന് ആവശ്യമായ ബിരിയാണി അരി, പായസക്കൂട്ട്, മറ്റ് സാധനങ്ങൾ എന്നിവ 10 മുതൽ 35 ശതമാനം വരെ പ്രത്യേക വിലക്കിഴിവിൽ ഫെയറുകളിൽ വിൽപ്പന നടത്തുന്നു. ഉത്സവ സീസണുകളിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയിൽ ഇടപെടുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഇത്തരം സ്പെഷ്യൽ ഫെയറുകൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
