ഹാത്രാസ് ദുരന്തം; മരണം 130 കടന്നു
- Posted on July 03, 2024
- News
- By Arpana S Prasad
- 246 Views
ഹത്രാസ് ജില്ലയിലെ ഒരു ഗ്രാമത്തിൽ നടന്ന സത്സംഗത്തിനിടെയാണ് തിക്കിലും തിരക്കിലും പെട്ടതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു
ഉത്തർപ്രദേശിലെ ഹത്രാസിൽ ചൊവ്വാഴ്ച നടന്ന ‘സത്സംഗ’ത്തിൽ (മത പരിപാടി) തിക്കിലും തിരക്കിലും പെട്ട് 130 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടസ്ഥലം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും. സംഭവത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കും.
മരിച്ചവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. മരിച്ചവരെ ഹത്രാസിലെയും അയൽ പ്രദേശത്തെ എറ്റയിലെയും ആശുപത്രികളിലേക്ക് കൊണ്ടുപോയി. അലിഗഡ് കമ്മീഷണർ വി ചൈത്ര മരണം സ്ഥിരീകരിച്ചു. 130 പേർ മരിച്ചു അതിൽ 27 പേർ എറ്റാ ജില്ലയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിക്കിലും തിരക്കിലും പെട്ട് 18 പേർക്ക് പരിക്കേറ്റതായും അവർ പറഞ്ഞു.
ഹത്രാസ് ജില്ലയിലെ ഒരു ഗ്രാമത്തിൽ നടന്ന സത്സംഗത്തിനിടെയാണ് തിക്കിലും തിരക്കിലും പെട്ടതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിക്കേറ്റവർ ആറിലധികം ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ യുപി സർക്കാർ ജൂഡീഷ്യൽ അന്വേഷണവും പ്രഖ്യാപിക്കാനുള്ള ചർച്ചയിലാണ്. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയതായി വ്യക്തമായി. ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.
സ്വന്തം ലേഖിക
