തണ്ണീർത്തട ഏകാരോഗ്യ നിരീക്ഷണത്തിനായി ഭൂഖണ്ഡാന്തര ഗവേഷണ കൂട്ടായ്മയിൽ കുഫോസ് പങ്കാളിയാകും.
- Posted on December 08, 2025
- News
- By Goutham prakash
- 12 Views
ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലെ തണ്ണീർത്തട സംരക്ഷണത്തിനായിട്ടുള്ള ഗവേഷണ-നയ രൂപീകരണം ശക്തിപ്പെടുത്താനുള്ള ആഗോള കൂട്ടായ്മ
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ് ) തണ്ണീർത്തട ഏകാരോഗ്യ നിരീക്ഷണത്തിനുള്ള ഭൂഖണ്ഡാന്തര ഗവേഷണ കൂട്ടായ്മയിൽ പങ്കാളിയാകുന്നു. ഉഷ്ണ മേഖല തണ്ണീർത്തട സംരക്ഷണത്തിനു വേണ്ടിയിട്ടുള്ള ഏകാരോഗ്യ നിരീക്ഷണ-നയരൂപീകണം ലക്ഷ്യമിട്ട് ബെൽജിയത്തിലെ ഹസ്സെൽട് സർവകലാശാല നേതൃത്വം കൊടുക്കുന്ന സർവകലാശാലകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര കൂട്ടായ്മയായ "വൺ -ഹെൽത്ത് മോണിറ്ററിങ് ആൻഡ് സയൻസ് -പോളിസി ഇന്റർഫേസ് ഇൻ ദി മാനേജ്‌മന്റ് ഓഫ് ട്രോപ്പിക്കൽ വെട്ലാൻഡ്‌സി "ൽ റോയൽ ബെൽജിയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറൽ സയൻസസ്,ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് നെതർലൻഡ്സ്, യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ (യു എസ് എ ), യൂണിവേഴ്സിറ്റി ഡി ലുബുമ്പഷി (ഡെമോക്രറ്റിക് റിപ്പബ്ലിക്ക് ഓഫ് congo) എന്നിവരും പങ്കാളികളാണ്.
ഗ്ലോബൽ സൗത്തിലെ തണ്ണീർത്തട സംരക്ഷണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി ബെൽജിയത്തിലെ ഹസ്സെൽട് സർവകലാശാലയുടെ ഡി ഐ ഒ എസ് ധനസഹായത്തോടുകൂടി നടപ്പിലാക്കുന്ന 2 വർഷം ദൈർഘ്യമുള്ള പദ്ധതിയിൽ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര തണ്ണീർത്തട മേഖലാ വിദഗ്ധരെ ഒന്നിപ്പിച്ചു കൊണ്ട് വരും.
ട്രാൻസ് ഡിസ്സിപ്ലിനറി 'ഏകാരോഗ്യ മാതൃക', മനുഷ്യനും മൃഗങ്ങളും പരിസ്ഥിതിയും തമ്മിലുള്ള പരസ്പര പൂരകമായ ആരോഗ്യത്തെ സമഗ്രമായി പഠിക്കാനുള്ള അവസരം നൽകുന്നു. പ്രത്യേകിച്ച് സംരക്ഷിത പ്രദേശങ്ങളെയും സ്വാഭാവിക ആവാസവ്യവസ്ഥകളെയും സംബന്ധിച്ചുള്ള പഠനങ്ങളിൽ ഭൗമാരോഗ്യ നയരൂപീകരണങ്ങളുടെ അടിസ്ഥാന തത്വമായി 'ഏകാരോഗ്യ മാതൃക' ഉയർന്നു വരികയാണ്. പ്രകൃതിയും മനുഷ്യാരോഗ്യവും തമ്മിലുള്ള ബന്ധത്തെ സമൂഹം എങ്ങനെ വീക്ഷിക്കുന്നു എന്ന് മനസ്സിലാക്കി, രോഗകാരികളുടെ പാരിസ്ഥിതിക ശാസ്ത്രത്തെക്കുറിച്ചുള്ള അറിവും സംയോജിപ്പിച്ച് കൊണ്ട് മനുഷ്യാരോഗ്യത്തിന്റെയും ആവാസവ്യവസ്ഥയുടെയും കൂടുതൽ ഫലപ്രദമായ നിയന്ത്രണത്തിനുള്ള വലിയ സാധ്യതകൾ സൃഷ്ടിക്കുക എന്നതാണ് 'ഏകാരോഗ്യ സമീപന'ത്തിലൂടെ ഉദ്ദേശിക്കുന്നത്.
ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറും ഐ യു സി എൻ ഫ്രഷ്‌വാട്ടർ ഫിഷ് സ്പെഷ്യലിസ്റ് ഗ്രൂപ്പ് -ന്റെ ദക്ഷിണേഷ്യാ ചെയറും ആയ ഡോ. രാജീവ് രാഘവൻ, ആക്വാറ്റിക് എൻവയോൺമെന്റ് മാനേജ്മെന്റ് വിഭാഗത്തിലെ പ്രൊഫസർ ഡോ. കെ. രഞ്ജീത് എന്നിവരുടെ നേതൃത്വത്തിലാണ് കുഫോസിൽ ഈ പദ്ധതി സംഘടിപ്പിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഉഷ്ണമേഖലാ തണ്ണീർത്തടങ്ങളുടെ ഏകാരോഗ്യ നിരീക്ഷണം എന്ന വിഷയത്തിൽ ഒരു ഇൻഡോ-യൂറോപ്യൻ പരിശീലന പരിപാടി ഡിസംബർ 8 മുതൽ 13 വരെ കുഫോസിൽ സംഘടിപ്പിക്കുന്നു. 3 രാജ്യങ്ങളിൽ നിന്നും 12 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമായി 35 പേർ ഏകാരോഗ്യ ആശയത്തിന്റെ വിവിധ വശങ്ങളിലും തണ്ണീർത്തട സംരക്ഷണ-നിയന്ത്രണത്തിൽ അതിന്റെ പ്രായോഗികത എന്നിവയിൽ പരിശീലനം നേടും. കുഫോസ്, ഹസ്സെൽറ്റ് സർവകലാശാല, വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WII), കെ.എസ്.സി.എസ്.ടി.ഇ. – സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (CWRDM) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ബെൽജിയം, നെതർലാൻഡ്സ്, ചെക്ക് റിപ്പബ്ലിക്ക്, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വെട്‌ലാൻഡ് , വൺ-ഹെൽത്ത് വിദഗ്ധർ സാങ്കേതിക സെഷനുകൾ നയിക്കും.
" ഈ അന്താരഷ്ട്ര പങ്കാളിത്തം കുഫോസിനു മാത്രമല്ല ഇന്ത്യയിലെ തണ്ണീർത്തട ശാസ്ത്രത്തിലും oru നിർണായക മുന്നേറ്റമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഈ കാലഘട്ടത്തിൽ, ഭക്ഷ്യസുരക്ഷ, ജൈവ വൈവിധ്യം, കാലാവസ്ഥ പ്രതിരോധം, സാമൂഹിക ആരോഗ്യം എന്നിവയിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഉഷ്ണമേഖലാ തണ്ണീർത്തടങ്ങൾ ഏറ്റവും ദുർബലമായ ആവാസവ്യവസ്ഥയായി മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ ഏകാരോഗ്യ സമീപനത്തിലൂടെ ശാസ്ത്രീയ നവീകരണങ്ങളെ സാമൂഹിക ക്ഷേമം, നയപരമായ പ്രവർത്തനങ്ങൾ എന്നിവയുമായി കൂട്ടിയിണക്കാൻ നമുക്ക് സാധിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമാകുന്നതിലൂടെ ഭാവി തലമുറകൾക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ മുൻ നിരയിൽ കുഫോസും കടന്നു വരും."എന്ന് കുഫോസ് വൈസ് ചാൻസലർ പ്രൊഫ്. എ. ബിജു കുമാർ പറഞ്ഞു.
റിസോഴ്‌സ് വ്യക്തികളുടെ പട്ടിക:
• ഡോ. മാർട്ടൻ വാൻഹോവ്, ഹസ്സെൽറ്റ് സർവകലാശാല, ഡീപ്പൻബീക്, ബെൽജിയം
• ഡോ. നിക്കോൾ ക്മെൻതോവ, ഹസ്സെൽറ്റ് സർവകലാശാല, ഡീപ്പൻബീക്, ബെൽജിയം
• ഡോ. ലൂക് ജാൻസൻസ് ഡി ബിസ്തോവൻ, റോയൽ ബെൽജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാചുറൽ സയൻസസ്, ബ്രസ്സൽസ്, ബെൽജിയം
• ഡോ. ജീൻ ഹ്യൂഗ്, ദി ഓപ്പൺ സർവകലാശാല ഓഫ് നെതർലാൻഡ്സ്
• കിരൺ തോമസ്, ചെക്ക് അക്കാദമി ഓഫ് സയൻസസ്, ചെസ്കെ ബുഡിയോവിസ്, ചെക്ക് റിപ്പബ്ലിക്ക്
• സ്റ്റീവ് ലോക്കറ്റ്, മഹ്സീർ ട്രസ്റ്റ്, യുണൈറ്റഡ് കിംഗ്‌ഡം
