തകർന്നുവീഴാൻ പോകുന്ന സ്കൂളിലേക്ക് മക്കളെ വിടില്ല ; പ്രതിഷേധവുമായി തിരൂർ എ.എം.എൽ .പി സ്കൂളിലെ രക്ഷിതാക്കൽ
- Posted on February 21, 2022
- News
- By Dency Dominic
- 299 Views
ചിതലരിച്ച് മേല്‍ക്കൂരയുടെ പല ഭാഗങ്ങളും അടര്‍ന്നു വീണ നിലയിലാണ്
മലപ്പുറം : സംസ്ഥാന വ്യാപകമായി ഇന്ന് സ്‌കൂള്‍ തുറന്നപ്പോള്‍ അദ്ധ്യയനം ആരംഭിക്കാന്‍ കഴിയാതെ തിരൂര്‍ എ.എം.എല്‍.പി സ്‌കൂള്‍.രക്ഷിതാക്കളുടെ പ്രതിഷേധം മൂലമാണ് സ്കൂള്‍ തുറക്കാന്‍ സാധിക്കാഞ്ഞത്. എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന സ്‌കൂളില്‍ ഇതുവരെയും അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്ന് കണ്ടതോടെ, രക്ഷിതാക്കള്‍ തന്നെ അദ്ധ്യയനം തടസ്സപ്പെടുത്തുകയായിരുന്നു.
ഇന്നു രാവിലെ, അധികൃതരുടെ അനാസ്ഥയ്ക്കെതിരെ സ്‌കൂളിന് മുന്‍പില്‍ വെച്ച് രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. ഒരു ഇടവേളയ്‌ക്ക് ശേഷം സ്‌കൂള്‍ തുറക്കുമ്ബോള്‍, അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രക്ഷകര്‍ത്താക്കള്‍ രാവിലെ സ്‌കൂളിലെത്തിയത്. എന്നാല്‍, അവര്‍ സ്‌കൂളില്‍ കണ്ട കാഴ്ച എല്ലാ പ്രതീക്ഷകളെയും വിഫലമാക്കി. മേല്‍ക്കൂരയിലെ ഓടുകള്‍ പൊട്ടി തകര്‍ന്ന് നിലത്ത് കിടക്കുന്നു. ചിതലരിച്ച് മേല്‍ക്കൂരയുടെ പല ഭാഗങ്ങളും അടര്‍ന്നു വീണ നിലയിലാണ്. കെട്ടിടത്തിന്റെ ശോചനീയമായ അവസ്ഥ കണ്ട രക്ഷിതാക്കള്‍ ഇന്ന് അദ്ധ്യയനം തുടങ്ങാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സ്‌കൂളിന് മുന്നില്‍ പ്രതിഷേധം നടത്തി.
ഒന്ന് മുതല്‍ നാലു വരെയുള്ള ക്ലാസ്സുകളാണ് തിരൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നത്. നാല് ക്ലാസുകളിലുമായി ഇവിടെ ഏകദേശം 50 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
