ഇന്ന് ലോക വനിതാ ദിനം

  • Posted on March 08, 2023
  • News
  • By Fazna
  • 109 Views

കേരളത്തിൽ  സ്ത്രീകളായ സാഹസിക വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു.വനിതാ ദിനത്തോടനുബന്ധിച്ച് വനം വകുപ്പും മീഡിയ വിംഗ്സും ചേർന്ന് സംഘടിപ്പിച്ച ചെമ്പ്രമല ട്രക്കിംഗിൽ 75-ഓളം വനിതാ മാധ്യമ പ്രവർത്തകരും  വനിതാ ഇൻഫ്ളുവൻസർമാരുമാ ണ് പങ്കെടുത്തത്. ഇവർ കേരളത്തിൻ്റെ നാനാഭാഗത്ത് നിന്ന് വയനാട്ടിൽ ഒരുമിച്ചുകൂടിയവർ. ഏഴ് മാസം  ഗർഭിണിയായ സുമിയും ഒന്നര വയസ്സുകാരിയുടെ അമ്മയായ നൂറയും  മുതൽ 65 കാരിയായ വരെ ഉള്ള സംഘത്തിൽ ഭൂരിഭാഗം പേരും മാധ്യമ പ്രവർത്തകരും  ഇൻഫ്ളുവൻസേഴ്സും.

ചുരം കയറി ലക്കിടിയിലെ എൻ ഊരിക്കാണ് അവർ ആദ്യം പോയത്. ആകാശം തൊട്ട് നിൽക്കുന്ന കാർ മേഘങ്ങൾ ശിരസ്സിനെ തലോടി പോകുന്ന മലമുകളിൽ അവരോട് സല്ലപിക്കാൻ ആദ്യമെത്തിയത് കേരളത്തിലെ ഏറ്റവും മികച്ച കലക്ടർ പുരസ്കാരം നേടിയ വയനാട് കലക്ടർ എ. ഗീത. ഒപ്പം കേരള വനവികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷും .കേരളത്തിലെ  ചിറാപുഞ്ചി എന്നറിയപ്പെടുന്ന ലക്കിടിയിലെ  ഗസൽ താസയിൽ താമസിച്ച്   പിറ്റേന്ന് പുലർച്ചെ ചെമ്പ്രമലയിലേക്ക്. താഴ് വാരത്ത് നിന്ന് വനം വകുപ്പിൻ്റെ നിർദ്ദേശങ്ങൾ സ്വീകരിച്ച് പതിയെ ഉയരങ്ങളിലേക്ക്. അടുക്കളയിലെ പാചകം മുതൽ  വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും യുദ്ധവും വരെ വിഷയമായ ചർച്ചകൾ. കൈയ്യിൽ കരുതിയ വെള്ളം കുടിച്ചും പഴങ്ങൾ കഴിച്ചും ഹൃദയ തടാകം ലക്ഷ്യം വെച്ച് നീങ്ങുമ്പോൾ ചൂടിൽ  കരിഞ്ഞുണങ്ങുന്ന പുൽക്കൊടികളെ നോക്കി പരിതപിക്കൽ. ഇടക്ക് വിശ്രമം.പിന്നെ മല കയറ്റം. പ്രയാസപ്പെടുന്നവർക്ക് ഉപദേശം നൽകി സഞ്ചാരിയായ ലീല. രണ്ട് വിദേശ രാജ്യങ്ങളും 22 സംസ്ഥാനങ്ങളിലുമായി 250- ലധികം യാത്രകൾ നടത്തിയിട്ടുള്ള ലീല  ചെമ്പ്ര മലയിൽ ആദ്യമായാണ് പ്രതീക്ഷിച്ചതിലും നേരത്തെ ചെമ്പ്രമല മുകളിലെത്തിയതിൻ്റെ ആത്മവിശ്വാസവും സന്തോഷവും അവർ നന്നായങ്ങ് പ്രകടിപ്പിച്ചു. 

ഹൃദയ തടാകത്തെ വലം വെച്ച് ലോകത്തിലെ  സകല പ്രശ്നങ്ങളും മറന്ന് തടാകത്തിലെ വെള്ളം കൈക്കുമ്പിളിൽ കോരിയെടുത്ത്  മുഖത്തൊഴിച്ചപ്പോൾ അവർ അനുഭവിച്ചത് വല്ലാത്തൊരു കുളിർമ്മ. ഉയരങ്ങളിൽ നിന്ന് താഴ് വാരങ്ങളിലേക്ക് നോക്കിയപ്പോൾ അങ്ങകലെ കുറിച്യർ മല എരിയുന്നതും പുകയുന്നതും കണ്ടപ്പോൾ അത് നെഞ്ചിലൊരു നീറ്റലായന്ന് പിന്നീട് ചിലർ വാട്സ് ആപ് ചാറ്റിൽ എഴുതി. മലയിറങ്ങി കാന്തൻപാറയിലെ കുളിയും കഴിഞ്ഞ് പുത്തുമലയിലെ ഗ്ലാം ബിംഗ് വില്ലേജിൽ ക്യാമ്പ് ഫയറും ആട്ടവും പാട്ടുമൊക്കെയായി കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷം. പിറ്റേന്ന് വൈത്തിരി പാർക്കിലെത്തി ആദ്യം ആകാശ ഊഞ്ഞാലിലൊരു ആട്ടം .ഒറ്റ കമ്പിയിലെ സൈക്കിൾ ചവിട്ടിയും  ഇരട്ട കമ്പിയിലെ ഭൂഗോളം ഉരുട്ടി നീക്കിയും  കയറിൽ തൂങ്ങി നടന്നും സാഹസികതയുടെ വല്ലാത്തൊരു അനുഭവങ്ങളിൽ അവർ ഉല്ലസിച്ചു. 

അങ്ങനെ ആത്മവിശ്വാസം വളർത്തുന്ന ,സന്തോഷം പകരുന്ന നിമിഷങ്ങൾ പരമാവധി ആസ്വദിച്ച്  അവർ ഒരുമിച്ച് പറഞ്ഞു, വനിതാ ദിനത്തിലെ നൂറ് ബോധവൽക്കരണ സെമിനാറിനെക്കാൾ നല്ലത് ഈ സാഹസിക യാത്രകളാണന്ന്. പരിസ്ഥിതിയെ തൊട്ടറിയുന്ന അനുഭവങ്ങളാണന്ന് ആവർത്തിച്ച് പറഞ്ഞാണ് മൂന്നാം നാൾ ചുരമിറങ്ങിയത്.

Author
Citizen Journalist

Fazna

No description...

You May Also Like