സമയവും പ്രായവും ചെയ്യാനുള്ള എല്ലാകാര്യങ്ങളും മറന്ന് നിങ്ങളിവിടെ നില്‍ക്കുന്നതില്‍ നന്ദി; അതിജീവിതയുടെ സഹോദരന്‍.
- Posted on December 23, 2025
- News
- By Goutham prakash
- 54 Views
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചവര്‍ക്ക് നന്ദി അറിയിച്ച് സഹോദരന്‍.
തൃശൂരില്‍ ജ്വാല കളക്ടീവ് സംഘടിപ്പിച്ച ' അവള്‍ക്കൊപ്പം' ഐക്യദാര്‍ഢ്യ പരിപാടിയിലായിരുന്നു അതിജീവിതയുടെ സഹോദരന്റെ പ്രതികരണം.
ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. 'സമയം മറന്ന്, പ്രായം മറന്ന്, ചെയ്യാനുള്ള എല്ലാകാര്യങ്ങളും മറന്ന് നിങ്ങളെല്ലാം ഇവിടെ നില്‍ക്കുന്നതില്‍ സന്തോഷമുണ്ട്. അതില്‍ നന്ദിയുണ്ടെന്ന്' അദ്ദേഹം പറഞ്ഞു.
നിങ്ങളോട് എന്താണ് പറയേണ്ടതെന്ന് അറിയില്ല. നിങ്ങളെ കാണാനും കേള്‍ക്കാനുമാണ് താന്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ നിരവധി പേരാണ് അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി പങ്കെടുത്തത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്റെ വീഡിയോ പങ്കുവെച്ച മൂന്ന് പേരെ തൃശൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ വാണിജ്യാടിസ്ഥാനത്തില്‍ പങ്കുവെച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിഎന്‍എസ് 72, 75 ഐടി ആക്ട് സെക്ഷന്‍ 67 ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
എറണാകുളം, ആലപ്പുഴ, തൃശൂര്‍ സ്വദേശികളാണ് അറസ്റ്റിലായവര്‍. ഇവര്‍ പണം വാങ്ങി ദുരുദ്ദേശത്തോടെ വീഡിയോ ഷെയര്‍ ചെയ്തു എന്ന് പൊലീസ് കണ്ടെത്തല്‍. ഇരുനൂറിലേറെ സൈറ്റുകളില്‍ ഇത്തരത്തില്‍ വീഡിയോ ഷെയര്‍ ചെയ്തതായും പൊലീസ് കണ്ടെത്തി.
ഈ സൈറ്റുകളെല്ലാം പൊലീസ് ഇല്ലാതെയാക്കിയിട്ടുണ്ട്. വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ ദേശ്മുഖ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
