സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്നൊവേഷന്‍ സെന്‍റര്‍ ഒരുക്കി സി.എസ്.ഐ.ആര്‍-എന്‍ഐഐ.എസ്.ടി.

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്നൊവേഷന്‍ സെന്‍റര്‍ ഒരുക്കി

തിരുവനന്തപുരം: രാജ്യത്തെ അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് പിന്തുണയേകി സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ടെക്നോളജി (സി.എസ്.ഐആര്‍-എന്‍.ഐഐ.എസ്.ടി) തിരുവനന്തപുരം പാപ്പനംകോട് കാമ്പസില്‍ ഇന്നൊവേഷന്‍ സെന്‍റര്‍ സ്ഥാപിച്ചു. സാങ്കേതികവിദ്യാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളെ ഇന്‍കുബേറ്റ് ചെയ്യാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും നൂതനവും വിപണനം ചെയ്യാവുന്നതുമായ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനും ഇതിലൂടെ സാധിക്കും.

ആദ്യഘട്ടത്തില്‍ 12 സ്റ്റാര്‍ട്ടപ്പുകളെയാണ് ഇന്‍കുബേറ്റ് ചെയ്തിട്ടുള്ളത്. ഈ കമ്പനികളുമായുള്ള ധാരണാപത്രം കാമ്പസില്‍ നടന്ന ചടങ്ങില്‍ സി.എസ്.ഐ.ആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി.അനന്തരാമകൃഷ്ണന്‍ കൈമാറി. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി അനുവദിച്ചിട്ടുള്ള സ്ഥലത്തിന്‍റെ താക്കോല്‍ കൈമാറ്റവും നടന്നു.

റസിഡന്‍റ് ഇന്‍കുബേറ്റുകളായി അബ്രിന്‍ അല്‍ഡ്രിക് അഗ്രോണിക് പ്രൊഡക്ട്സ്, ബയോ വാസ്തും സൊല്യൂഷന്‍സ്, ട്യൂണ്‍അപ് 08 ഓട്ടോമോട്ടീവ്സ്, വിറ്റാലിസ് ബയോസയന്‍സസ്, എംബെഡിറ്റ് എന്നീ കമ്പനികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. അസോസിയേറ്റ് ഇന്‍കുബേറ്റുകളായി ന്യുഫ്ളോ എനര്‍ജി, ബയേസിയന്‍ വേയ്സ് എല്‍എല്‍പി, ബയോലക്സി എന്‍സൈംസ്, കുരുവി സ്പൈസ്, ഓഷന്‍ലക്സ് സിസിയു ടെക്, ആത്മിക് ബയോടെക് സൊല്യൂഷന്‍സ് എന്നിവ തെരഞ്ഞെടുക്കപ്പെട്ടു.

ഇന്നൊവേഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനം ഭാരത് ബയോടെക് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും സി.എസ്.ഐ ആര്‍,എന്‍.ഐഐ.എസ്.ടി.യുടെ റിസര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. കൃഷ്ണ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു.

ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഇന്‍കുബേഷനും വിജ്ഞാനാധിഷ്ഠിത സംരംഭകത്വത്തിനും വിപണി അധിഷ്ഠിത ബിസിനസ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലും രാജ്യത്തെ മുന്‍നിര ഇന്നൊവേഷന്‍ ഹബ്ബായി ഇന്നൊവേഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കും. വാണിജ്യപരമായി ലാഭകരമായ ആശയങ്ങള്‍ ഉത്തേജിപ്പിക്കുക, ആശയത്തിന്‍റെ തെളിവ് സാധൂകരിക്കുക, വിപണിക്ക് ആവശ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക, പുതിയ സംരംഭങ്ങളുടെ രൂപീകരണം പ്രോത്സാഹിപ്പിക്കുക എന്നിവയിലാണ് ഇന്നൊവേഷന്‍ സെന്‍റര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സ്റ്റാര്‍ട്ടപ്പ് കമ്പനികളെ കൈപിടിച്ചുയര്‍ത്താനും നൂതന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനും വിപണി കണ്ടെത്താനും പരിപോഷിപ്പിക്കുകയാണ് കേന്ദ്രം വിഭാവനം ചെയ്യുന്നതെന്ന് ഡോ. സി.അനന്തരാമകൃഷ്ണന്‍ പറഞ്ഞു. ആശയരൂപീകരണം മുതല്‍ വാണിജ്യവല്‍ക്കരണം വരെയുള്ള ഘട്ടങ്ങളില്‍ കമ്പനികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുടെ ശാസ്ത്രീയ-സാങ്കേതിക മികവിന്‍റെ സഹായത്തോടെ യുവ സംരംഭകര്‍ക്ക് ആശയങ്ങള്‍ ഊട്ടിയുറപ്പിക്കാനും ചിന്തോദ്ദീപകമായ കണ്ടുപിടുത്തങ്ങള്‍ നടത്താനും ഫണ്ടിംഗ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഇടമാണ് സാധ്യമാകുന്നത്. സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള നവീകരണത്തിനുള്ള ഏകജാലക കേന്ദ്രമായിരിക്കും ഈ കേന്ദ്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യവസായ സംരംഭകര്‍, ഫൗണ്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുമായുള്ള ബന്ധം കേന്ദ്രം സുഗമമാക്കും. സംരംഭങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ബൗദ്ധിക സ്വത്തവകാശം, നിയമപരവും സാമ്പത്തികവും സാങ്കേതികവുമായ ഉപദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സമഗ്രമായ മൂല്യവര്‍ധിത സേവനങ്ങളും ഇത് നല്‍കും. റസിഡന്‍റ് ഇന്‍കുബേറ്റുകളും അസോസിയേറ്റ് ഇന്‍കുബേറ്റുകളും സൃഷ്ടിക്കുന്നതിന് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്ന സുസ്ഥിര ബിസിനസ് മാതൃകകളായി വികസിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകളെ ഇത് പ്രാപ്തമാക്കും.


                                                                                                                                                                                                                                                                                                                                                                             

Author

Varsha Giri

No description...

You May Also Like