കേരള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ മൂല്യവര്‍ധനവ് ആഗോള ശരാശരിയുടെ അഞ്ചിരട്ടിയായി

. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ മൂല്യം ആഗോള ശരാശരിയായ 46 ശതമാനത്തേക്കാള്‍ അഞ്ചിരട്ടിയോളം വര്‍ധിച്ച് 254 ശതമാനമാണ്


ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥാ റിപ്പോര്‍ട്ടില്‍ (ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട്-ജിഎസ്ഇആര്‍) കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ മൂല്യത്തിന്‍റെ വര്‍ധന ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികം രേഖപ്പെടുത്തി. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ മൂല്യം ആഗോള ശരാശരിയായ 46 ശതമാനത്തേക്കാള്‍ അഞ്ചിരട്ടിയോളം വര്‍ധിച്ച് 254 ശതമാനമാണ്.

2019- 2021 കാലയളവിനും 2021-2023 കാലയളവിനും ഇടയില്‍ ആരംഭിച്ച കമ്പനികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുടെ മൂല്യത്തിലെ വര്‍ധനവ് ജിഎസ്ഇആര്‍ കണക്കാക്കുന്നത്. 14203 കോടിയില്‍പരം രൂപയാണ് (1.7 ശതകോടി ഡോളര്‍) കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ മൂല്യം.

അഫോര്‍ഡബിള്‍ ടാലന്‍റ് (താങ്ങാവുന്ന വേതനത്തില്‍ മികച്ച പ്രതിഭകളെ ലഭിക്കുന്ന) വിഭാഗത്തില്‍ ഏഷ്യയില്‍ നാലാം സ്ഥാനം കേരളത്തിനാണ്. ഏഷ്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ, വെഞ്ച്വര്‍ മൂലധന സമാഹരണം എന്നിവയില്‍ ആദ്യ 30 ലാണ് കേരളത്തിന്‍റെ സ്ഥാനം. വിജ്ഞാനം, നിക്ഷേപം, അവതരണം എന്നിവയില്‍ ഏഷ്യയിലെ ആദ്യ 35 നുള്ളിലും കേരളത്തിന് എത്താന്‍ കഴിഞ്ഞിട്ടുണ്ട്.

രാജ്യത്തെ തന്നെ ഏറ്റവും ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളിലൊന്നാണ് കേരളത്തിലുള്ളതെന്ന് ജീനോമിന്‍റെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് 2024 ചൂണ്ടിക്കാട്ടുന്നു. കേരളത്തെ കൂടാതെ തെലങ്കാന, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിട്ടുള്ളത്.

ലൈഫ് സയന്‍സ് വിഭാഗത്തിലും ഹെല്‍ത്ത് ടെക്കിലും കേരളത്തിന് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഇന്ത്യയുടെ വിഹിതത്തിന്‍റെ 25 ശതമാനത്തോളം കേരളത്തില്‍ നിന്നുള്ള കമ്പനികളാണ് നല്‍കുന്നത്. മെഡിക്കല്‍ ടെക്കില്‍ സംസ്ഥാനത്തിന്‍റെ ആകെ ടേണ്‍ ഓവര്‍ ഏതാണ്ട്  7431 കോടി രൂപയാണ്.

ആഗോള റേറ്റിംഗ് റിപ്പോര്‍ട്ടുകളില്‍ കേരളത്തിലെ ഐടി-സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കഴിഞ്ഞ അഞ്ച് കൊല്ലമായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് മേഖലയെ കൈപിടിച്ചുയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ തലത്തില്‍ ഇത്രയധികം പിന്തുണ ലഭിക്കുന്ന മറ്റൊരു ആവാസവ്യവസ്ഥയില്ല. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ലോക ശരാശരിയിലേക്ക് കേരളത്തെ എത്തിക്കുക എന്നതാണ് കെഎസ് യുഎമ്മിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് ജീനോം, ഗ്ലോബല്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് നെറ്റ് വര്‍ക്ക് എന്നിവ സംയുക്തമായാണ് ജിഎസ്ഇആര്‍ തയ്യാറാക്കുന്നത്. 280 സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെയും 30 ലക്ഷത്തിലേറെ സ്റ്റാര്‍ട്ടപ്പുകളെയും ഗവേഷണം ചെയ്ത് തയ്യാറാക്കുന്ന ഏറ്റവും ആധികാരികമായ ആഗോള റിപ്പോര്‍ട്ടാണിത്. പ്രവര്‍ത്തനമികവ്, നിക്ഷേപം, വാണിജ്യബന്ധങ്ങള്‍, വിപണി ശേഷി, വിഭവ ആകര്‍ഷണം, പരിചയസമ്പന്നത, പ്രതിഭ എന്നിവയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലെ മാനദണ്ഡം. വിശദമായ പഠനത്തിന് ശേഷം 140 റാങ്കുകളാണ് റിപ്പോര്‍ട്ടില്‍ പ്രസിദ്ധപ്പെടുത്തുന്നത്. 

                             
Author
Journalist

Arpana S Prasad

No description...

You May Also Like