മുണ്ടക്കൈ, ചൂരൽമല: എൻ പത്തിയൊന്ന് പേർക്കുകൂടി പുനരധിവാസ അർഹത; കുടുംബങ്ങളുടെ എണ്ണവും കൂടി.
- Posted on February 25, 2025
- News
- By Goutham prakash
- 293 Views
മുണ്ടക്കൈ, ചൂരൽമല
ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള ടൗൺഷിപ് പദ്ധതി ഗുണഭോക്താക്കളുടെ രണ്ടാംഘട്ട (എ കരടു പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ, ഉരുൾപൊട്ടലുണ്ടായ 3 വാർഡുകളിലുമായി 81 പേർക്കു കൂടി പുനരധിവാസത്തിന് അർഹത ലഭിച്ചു. പുനരധിവസിപ്പിക്കേണ്ടവരായി 242 പേരെ കണ്ടെത്തി ഒന്നാംഘട്ട പട്ടികയ്ക്ക് 7ന് അന്തിമ അംഗീകാരം നൽകിയിരുന്നു. ദുരന്തമേഖലയിലെ വാസയോഗ്യമല്ലാത്ത (നോ ഗോ സോൺ) പ്രദേശത്തെ നാശനഷ്ടം സംഭവിച്ചിട്ടില്ലാത്ത വീടുകളിലുണ്ടായിരുന്നവരെയാണു രണ്ടാംഘട്ട (എ) കരടു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ദുരന്തത്തിൽ വീടു പൂർണമായും നഷ്ടമായവരാണ് 242 പേരുടെ ഒന്നാംഘട്ട പട്ടികയിൽ പ്രധാനമായും ഇടം നേടിയത്.
പാടികളിലും വാടകവീടുകളിലും താമസിച്ചിരുന്നവരിൽ മറ്റെവിടെയും വീടില്ലാത്ത ദുരിത ബാധിതരും ഒന്നാംഘട്ട പട്ടികയിൽ ഉൾപ്പെട്ടു. രണ്ടാംഘട്ട (എ) കരടു പട്ടികയിൽ 81 പേരെക്കൂടി ഉൾപ്പെടുത്തിയതോടെ പുനരധിവസിപ്പിക്കുന്ന കുടുംബങ്ങളുടെ എണ്ണം ആകെ 323 ആയി. വാർഡ് 10 ലെ 42 പേരും വാർഡ് 11ലെ 29 പേരും വാർഡ് 12 ലെ 10 പേരും ഉൾപ്പെടുന്നതാണു രണ്ടാംഘട്ട (എ) കരടു പട്ടിക.
ഈ പട്ടികയിൽ മാർച്ച് 7നകം ആക്ഷേപങ്ങൾ ഉണ്ടായാൽ പിന്നീടു കൂടുതൽ കുടുംബങ്ങളെ കൂട്ടിച്ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ഇതോടൊപ്പം വാസയോഗ്യമല്ലാത്ത (നോ ഗോ സോൺ) പ്രദേശത്തിനു പുറത്തുള്ളതും എന്നാൽ, നോ ഗോ സോണിൽ കൂടി മാത്രം വഴിയുള്ളതുമായ ഒറ്റപ്പെട്ടുപോയ വീടുകളെക്കൂടി ഉൾപ്പെടുത്തി രണ്ടാംഘട്ട (ബി) പട്ടികയും വൈകാതെ പ്രസിദ്ധീകരിക്കും.
