ശ്രദ്ധേയമായി പടവ് സംസ്ഥാന ക്ഷീര സംഗമം
- Posted on February 14, 2023
- News
- By Goutham prakash
- 300 Views
തൃശൂർ: പടവ് ഒന്നാം ദിവസം “പടവ് 2023” സംസ്ഥാന ക്ഷീരസംഗമത്തിന് കൊടിയേറി സംസ്ഥാന ക്ഷീരസംഗമം 'പടവ് 2023' ന് തൃശൂരിൽ പതാക ഉയർന്നു. ക്ഷീരസംഗമത്തിന് തുടക്കം കുറിച്ചു കൊണ്ട് മണ്ണുത്തി വെറ്ററിനറി ക്യാമ്പസിൽ നടന്ന ചടങ്ങിൽ റവന്യു ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ പതാക ഉയർത്തി. മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, മിൽമ ചെയർമാൻ കെ.എസ്.മണി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രവീന്ദ്രൻ, കേരള ഫീഡ്സ് ചെയർമാൻ കെ.ശ്രീകുമാർ, കേരള വെറ്ററിനറി ആൻറ് ആനിമൽ സയൻസസ് വൈസ് ചാൻസലർ ഡോ.എം.ആർ.ശശീന്ദ്രനാഥ്, ഡിവിഷൻ കൗൺസിലർ രേഷ്മ ഹെമേജ്, എറണാകുളം മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ ചെയർമാൻ എം.ടി.ജയൻ, മീഡിയ ആൻറ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പ്രദീപ്കുമാർ.ടി എന്നിവർ സന്നിഹിതരായിരുന്നു. ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സർക്കാരിന്റെ മൂന്നാമത് നൂറുദിന പരിപാടിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാടക്കത്തറ ഗ്രാമപഞ്ചായത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. അന്നേ ദിവസം തന്നെ തൃശ്ശൂര്‍ ജില്ലയിലെ താന്ന്യം ഗ്രാമപഞ്ചായത്തിലെ ക്ഷീര ഗ്രാമം പദ്ധതി നാട്ടിക എംഎൽഎ സിസി മുകുന്ദന്റെ അധ്യക്ഷതയില്‍ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
ഈ വർഷം 20 പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ വീതം വെച്ച് 10 കോടി രൂപയാണ് ക്ഷീരഗ്രാമം പദ്ധതിയ്ക്കായി നീക്കിവെച്ചിരിക്കുന്നത്. പശുക്കളെ വാങ്ങുക, തൊഴുത്ത് നിർമ്മാണം, ക്ഷീരമേഖല യന്ത്രവൽക്കരണം, തീറ്റപ്പുല്ല് വളർത്തൽ തുടങ്ങിയവ ഉൾപ്പെടുന്ന പദ്ധതിയ്ക്ക് മികച്ച പ്രതികരണമാണ് ഗുണഭോക്താക്കളിൽ നിന്നും ലഭിക്കുന്നത്.
മാധ്യമശില്‍പശാല: ഉച്ചക്ക് ശേഷം നടന്ന മാധ്യമ ശില്പശാല മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ. രാജൻ ഉദ്ഘാടനം ചെയ്തു. ദൂരദർശന്റെ മുൻ പ്രോഗ്രാം ഹെഡ് ബൈജു ചന്ദ്രൻ, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഞ്ചുരാജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സെമിനാറിൽ പൊതുജനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും പലപ്പോഴും തെറ്റിദ്ധാരണ ഉണ്ടാക്കാവുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസുകൾ നടന്നു.
A1 A2 പാൽ ചില ധാരണകൾ എന്ന വിഷയത്തിൽ ഡോ.കെ. അനിൽകുമാർ പ്രൊഫസർ, കോളേജ് ഓഫ് വെറ്ററിനറി: അനിമൽ സയൻസസ് മണ്ണുത്തി “പേ വിഷബാധയും മറ്റ് ജന്തുജന്യ രോഗങ്ങളും ഭയമില്ല കരുതലാണ് വേണ്ടത് എന്ന വിഷയത്തിൽ ഡോ.വൃന്ദ മേനോൻ, അസോ. പ്രൊഫസർ, കോളേജ് ഓഫ് വെറ്ററിനറി & അനിമൽ സയൻസ് മണ്ണൂത്തി “പാൽ, പാലുല്പന്നങ്ങൾ: ഉപയോഗം അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ ശ്രീമതി ദിവ്യ, കെ.ബി, അസി പ്രൊഫസർ, ഡോ.വർഗ്ഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജി, മണ്ണുത്തി ഇറച്ചിക്കോഴി, മുട്ട, ഉപ ഉൽപ്പന്നങ്ങൾ -മിഥ്യാ ധാരണകളും പ്രചാരണങ്ങളും എന്ന വിഷയത്തിൽ ഡോ. എസ്.ഹരികൃഷ്ണൻ, അസിസ്റ്റന്റ് പ്രൊഫസർ ആൻഡ് സ്പെഷൽ ഓഫിസർ കോളേജ് ഓഫ് എവിയൻ സയൻസ് ആന്റ് മാനേജ്മെന്റ്, തിരുവാഴംകുന്ന് കാർഷിക റിപ്പോർട്ടിംഗ് - ആധുനിക പ്രവണതകൾ എന്ന വിഷയത്തിൽ ഐബിൻ ജോസഫ്, സബ് എഡിറ്റർ കർഷകശ്രീ ഓൺലൈൻ, രാജു റാഫേൽ, ഡയറക്ടർ മാഫ് കമ്മ്യൂണിക്കേഷൻ, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻഗ്രാഫിക് സയൻസ് മുൻ ന്യൂസ് എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
കേരള വെറ്റിനറി ആനിമൽ സയൻസ് സർവകലാശാല രജിസ്ട്രാർ ഡോക്ടർ പി സുധീർ ബാബു മോഡറേറ്ററായിരുന്നു. ഇതിനോടനുബന്ധിച്ച് വെറ്ററിനറി സര്‍വ്വകലാശാലയിലെ ഫാമുകളും ഉല്‍പ്പന്നസംസ്കരണ യൂണിറ്റുകളും പ്ലാന്റുകളും സന്ദര്‍ശിച്ച് മനസ്സിലാക്കുന്നതിനായി നേരറിയാന്‍ എന്ന പേരില്‍ ഒരു കാമ്പസ് സന്ദര്‍ശനവും സംഘടിപ്പിക്കുകയുണ്ടായി.
പടവ് 2023 രണ്ടാം ദിവസം
ക്ഷീരകർഷക സംഗമം പടവ് 2023 ന്റെ ഭാഗമായി ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന പ്രദർശന വിപണമേള കേരള ഡയറി എക്സ്പോ-2023 റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകൾ, ഉപകരണങ്ങൾ, ഉൽപാദന ഉപാധികൾ എന്നിവ കർഷകർ, സംരംഭകർ, ക്ഷീരമേഖലയിൽ തല്പരരായ ഇതര വിഭാഗം ആളുകൾ എന്നിവർക്ക് നേരിൽ കണ്ട് മനസ്സിലാക്കുന്നതിനും, അനായാസം ലഭ്യമാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പൊതു, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങി പ്രമുഖ സ്ഥാപനങ്ങളുടേതായി 150-ൽ പരം സ്റ്റാളുകൾ സജ്ജമാക്കിയിട്ടുണ്ട്. ബാങ്കിംഗ് ഇൻഷുറൻസ് സേവനങ്ങൾ ഉപഭോക്തൃ തര്‍ക്ക നിയമസഹായം തുടങ്ങി ക്ഷീരമേഖലയുമായി ബന്ധപ്പെട്ട മുഴുവൻ അറിവുകളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന തരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ എക്സ്പോയുടെ ഭാഗമായി നാടൻ രുചിക്കൂട്ടുകൾ വിളമ്പുന്ന കൊതിയൂറും വിഭവങ്ങളുമായി 20 –ല്‍ പരം ഭക്ഷ്യ സ്റ്റാളുകൾ കൂടി എക്സ്പോയുടെ ഭാഗമായ ഫുഡ് കോർട്ടിൽ ഒരുക്കിയിട്ടുണ്ട്.
പശു പരിപാലനം ആയാസരഹിതവും, ആനന്ദകരവുമാക്കുന്നതിന് സഹായിക്കുന്ന പലതരം ഉപകരണങ്ങൾ, കറവ യന്ത്രങ്ങൾ, പശുക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ പ്രദാനം ചെയ്ത് ഉത്പാദനവും, പശുവിന്റെ ആരോഗ്യവും, വർദ്ധിപ്പിക്കുന്നതിനുള്ള ഉപാധികൾ, ക്ഷീരോത്പ്പന്നങ്ങൾ വിവിധയിനം കാലിതീറ്റ വസ്തുക്കൾ, കാർഷിക ഉപകരണങ്ങൾ, വിത്തുകൾ, വെറ്ററിനറി മരുന്നുകൾ എന്നിവ സ്റ്റാളിൽ ലഭ്യമാകും.
കൂടാതെ മണ്ണുത്തിയിലുള്ള കേരളാ വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി കാമ്പസും യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന ഡയറി പ്ലാന്റ്, അനിമൽ ന്യൂട്രിഷൻ വിഭാഗത്തിന്റെ വിവിധ തരം വളർത്തു മൃഗങ്ങൾക്ക് നൽകേണ്ട സമീകൃത തീറ്റയുടെ വിതരണത്തെ പറ്റിയുള്ള പ്രൊജക്റ്റ്, ലൈവ് സ്റ്റോക്ക് ഫാം ആന്റ് ഫോഡ്ഡർ റിസർച്ച് ഡെവലപ്പ്മെന്റ് സ്കീം പ്രവർത്തനങ്ങൾ, ഇക്കോ ഫാം, റാബിറ്റ് ബ്രീഡിങ് സ്റ്റേഷൻ തുടങ്ങിയവ പൊതുജനങ്ങൾക്ക് സൗജന്യമായി കാണാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.
ക്ഷീരസ്പന്ദനം: ക്ഷീരകർഷരെ നേരിട്ട് സന്ദർശിച്ച് മൃഗസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന ക്ഷീരസ്പന്ദനം പരിപാടിയോട് അനുബന്ധിച്ചു മൃഗ സംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി വാണിയംപാറ ഡയറി പ്രൊജക്റ്റിന്റെ ഭാഗമായ മണിയൻ കിണർ കോളനി സന്ദർശിച്ചു . മിൽമയുടെ എറണാകുളം മേഖല യൂണിയൻ എം ടി ജയൻ, ക്ഷീര വികസന വകുപ്പിന്റെ തൃശ്ശൂർ ജില്ലയുടെ ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ, മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ ജന പ്രതിനിധികൾ എന്നിവരും മന്ത്രിയോടൊപ്പം കോളനിയിലെത്തി. മണിയൻ കിണര്‍ കോളനി ഊരുമൂപ്പൻ എം എ കുട്ടന്റെ നേതൃത്വത്തിൽ ശുദ്ധമായ തേനും കാടിന്റെ തനത് വിഭവങ്ങളും ഊരു നിവാസികൾ മന്ത്രിക്ക് സമ്മാനിച്ചു. മന്ത്രി ഊരിലെ ലൈബ്രറിയും സന്ദർശിച്ചു.
തുടർന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി 1973 മുതൽ പ്രവർത്തനം ആരംഭിച്ച പാണഞ്ചേരി ക്ഷീര സംഘം സന്ദർശിച്ചു. സന്ദർശന സമയത്ത് സംഘം ഭരണസമിതി അംഗങ്ങളുമായി മന്ത്രി കൂടികാഴ്ച നടത്തി.
വലക്കാവ് ക്ഷീരസംഘത്തിന്റെ പാസ്റ്ററൈസേഷൻ പ്ലാന്റ് സന്ദർശിച്ചു. സംഘത്തിന്റെ പാൽ സംഭരണ സമയത്തായിരുന്നു മന്ത്രിയുടെ സന്ദർശനം. പാലിന്റെ പരിശോധനയും വില നിർണ്ണയവും മന്ത്രി നിരീക്ഷിച്ചു. സംഘത്തിലെ കർഷക കെ എൻ ശാരദയുടെ ക്ഷീര സാന്ത്വനം ഇൻഷ്വറൻസ് തുക ഒരു ലക്ഷം രൂപ അവരുടെ നോമിനിയായ ഭർത്താവ് സേതുമാധവൻ പോലുവളപ്പിൽ എന്നയാൾക്ക് മന്ത്രി കൈമാറി.
ചിറ്റിലപ്പിള്ളി ക്ഷീര സംഘത്തിൽ സമൃദ്ധി എന്ന വിപണന നാമത്തിൽ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു വില്ക്കുന്ന വനിത ക്ഷീരോല്പന്ന നിർമ്മാണ യൂണിറ്റ്, നാടൻ ക്ഷീരോല്പന്ന വിപണനം, സോളാർ പവർ പ്ലാന്റ്, മിനി മാലിന്യ സംസ്കരണ യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്നു.
തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ ചേറൂരിൽ ഫാം നടത്തുന്ന സന്തോഷ്, 10 വർഷമായി ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. 2017-18 വർഷത്തിലെ ക്ഷീര വികസന വകുപ്പിന്റെ ക്ഷീരസഹകാരി അവാർഡും, മൃഗസംരക്ഷണ വകുപ്പിന്റെ മികച്ച ക്ഷീരകർഷകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. കൂടാതെ 30 ഏക്കർ സ്ഥലത്തായി തീറ്റപ്പുൽകൃഷി ചെയ്യുന്നുണ്ട്. ഇതിനു പുറമെ പാട്ടത്തിന് 600 ഏക്കറോളം സ്ഥലത്ത് നെല്ല്, പച്ചക്കറി എന്നിവയും കൃഷി ചെയ്യുന്നു. ക്ഷീരവികസന വകുപ്പിന്റെ തരിശു ഭൂമിയിൽ തീറ്റപ്പുൽകൃഷി പദ്ധതിയുടെ ഗുണഭോക്താവായ സന്തോഷ് നിത്യേന 5 ടണ്ണോളം തീറ്റപുല്ല് ജില്ലയിലെ ക്ഷീര സംഘങ്ങളിലൂടെയും കർഷകർക്ക് നേരിട്ട് വിപണനം നടത്തുന്നു.
തുടർന്ന് മിൽമയുടെ തൃശ്ശൂർ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മിൽമയുടെ ഡയറി പ്ലാന്റ് സന്ദർശിച്ചു. പ്ലാന്റിലെ മലിന ജില സംസ്കരണ യൂണിറ്റിന്റെ പ്രവര്തങ്ങളെ കുറിച്ച് മന്ത്രി സമീപവാസികളുമായി സംസാരിച്ചു. പ്ലാന്റിൽ മലിന ജില സംസ്കരണ പ്ലാന്റിൽ നടത്തിയ നവീകരണപ്രവർത്തനങ്ങൾ മന്ത്രിക്ക് മില്‍മ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ വിശദീകരിച്ചു.
കലാസന്ധ്യ
വൈകുന്നേരം നടന്ന കലാസന്ധ്യ പ്രശസ്ത ചലചിത്രതാരം പത്മശ്രീ ജയറാം ചിരാതു കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പത്മശ്രീ ജയറാം മട്ടന്നൂരിന്റെ ശിഷ്യന്മാരോടൊപ്പം നയിച്ച താളവിസ്മയം അരങ്ങേറി. തുടർന്ന് കേരള കലാമണ്ഡലത്തിലെ കലാകാരന്മാർ അവതരിപ്പിച്ച എന്റെ കേരളം ഫ്യൂഷനും കഥകളിയും അരങ്ങേറി.
പടവ് 2023 മൂന്നാം ദിവസം
സൗജന്യ മെഡിക്കൽ ക്യാമ്പ്
ഫെബ്രുവരി 11 മുതൽ 15 വരെ രാവിലെ 9.30 മുതൽ വൈകിട്ട് 8 വരെ മണ്ണൂത്തി വെറ്റിനറി യൂണിവേഴ്സിറ്റി പുഷ്യരാഗം ഹാളിൽ വച്ചു നടക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹു മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിർവ്വഹിച്ചു.
സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ജനറൽ മെഡിസിൻ വിഭാഗത്തിന്റെ സേവനം, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസന്റെ ജനറൽ മെഡിസിൻ ആൻഡ് സർജറി, ഗൈനക്കോളജി, അസ്ഥി രോഗം, കാർഡിയോളജി വിഭാഗങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
ജനകീയ ക്ഷീര കർഷക അദാലത്ത്.
വളരെ നാളുകളായി തീർപ്പാകാത്ത കർഷകരുടെ വിവിധ പരാതിയിന്മേൽ ഉടനടി പരിഹാരം കാണുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സംസ്ഥാന ക്ഷീരസംഗമ വേദിയിൽ അദാലത്ത് സംഘടിപ്പിച്ചത്. നിലവിൽ ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുമുള്ള ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം എന്ന നിലയിലാണ് അദാലത്ത് നടത്തിയത്. 14 ജില്ലകളിൽ നിന്നായി കർഷകർ സമർപ്പിച്ച 281 പരാതികളാണ് ലഭിച്ചത്. ഇതിൽ 165 പരാതികൾക്ക് അദാലത്ത് വേദിയിൽ വെച്ച് തീർപ്പ് കൽപ്പിച്ചു. അവശേഷിക്കുന്ന പരാതികൾ ഡയറക്ടറേറ്റ് തലത്തിലും സർക്കാർ തലത്തിലും പരിഹാരം കാണുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
കർഷകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചുവടെ പറഞ്ഞിട്ടുള്ള തീരുമാനങ്ങൾ കൈകൊണ്ടു.
1. ഫാം തുടങ്ങുന്നതിനും, നടത്തിക്കൊണ്ടു പോകുന്നതിനും നിലവിലുള്ള കാലഹരണപ്പെട്ട നിയമവ്യവസ്ഥകൾ സംരംഭക സൗഹൃദമാക്കാൻ സർക്കാർതലത്തിൽ നടപടി ഉണ്ടാകും.
2. തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, പൊല്യുഷൻ കൺട്രോൾ ബോർഡ് എന്നീ സ്ഥാപനങ്ങളുടെ അനുമതിക്കായി കർഷകർ എല്ലാ ഓഫീസുകളിലും കയറിയിറങ്ങാതെ ഏകജാലക സംവിധാനം വഴി ഫാം ലൈസൻസ് ലഭ്യമാക്കുവാൻ സർക്കാർ തരത്തിൽ നടപടി ഉണ്ടാകും.
3. ആപ്കോസ്, നോൺ ആപ്കോസ് സംഘങ്ങളുടെ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ റവന്യൂ രേഖകൾ സംബന്ധിച്ചുള്ള തർക്കങ്ങളും ,പട്ടയ പരാതികളും റവന്യൂ വകുപ്പുമായി ചേർന്ന് അടിയന്തരമായി പരിഹാരം കാണും.
4. മൃഗങ്ങൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾ കൃത്യമായി കണ്ടു പിടിക്കാൻ താലൂക്ക് തലത്തിൽ ലാബുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുവാൻ സർക്കാർതലത്തിൽ നടപടി സ്വീകരിക്കും.
5. ഫാംമിങ് രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഉതകുന്ന സാങ്കേതികവിദ്യയുടെ ഉപയോഗം, പുതിയ ഗവേഷണ മാർഗങ്ങൾ എന്നിവ കർഷകർക്ക് ഉപയോഗപ്പെടുത്തുന്ന വിധം ഒരുക്കുവാൻ വെറ്ററിനറി, ഡയറി സർവകലാശാലയുടെ സേവനം ഉപയോഗപ്പെടുത്തും.
6. ചർമ്മമുഴ രോഗം ബാധിച്ച് മരിച്ച പശുക്കളുടെ കർഷകർക്ക് നഷ്ടപരിഹാരം നൽകുവാൻ നടപടി സ്വീകരിക്കും. കറവ പശു, കിടാരി, ആറുമാസത്തിന് താഴെ പ്രായമുള്ള പശുക്കുട്ടി എന്നിവയ്ക്ക് 30000, 16000, 5000 എന്നീ ക്രമത്തിൽ നഷ്ടപരിഹാര തുക നൽകുവാൻ നടപടി സ്വീകരിക്കും.
കലാസന്ധ്യ
സംസ്ഥാന ക്ഷീരസംഗമം പടവ് 2023 ന്റെ വേദിയിൽ വൈകന്നേരം 6 മണിക്ക് കലാസന്ധ്യ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മിൽമയുടെ തിരുവനന്തപുരം മേഖല യൂണിയന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൺവീനർ എൻ ഭാസുരാംഗന്റെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും, “കൈതോല” നാട്ടുകൂട്ടം അവതരിപ്പിച്ച നാടൻ പാട്ടും അരങ്ങേറി
പടവ് 2023 നാലാം ദിവസം
ഘോഷയാത്ര
കോവിഡ് കാലം കടന്ന്, തൃശൂർ മണ്ണുത്തി നഗരത്തെ ആനന്ദത്തിൽ ആറാടിച്ച് പടവ് 2023 സംസ്ഥാന ക്ഷീരസംഗം മേളയുടെ ഘോഷയാത്ര നടന്നു. രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്ഷീരകർഷകർ ഒത്തുകൂടുന്ന സംസ്ഥാന ക്ഷീരസംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയുടെ പ്രചരണാർത്ഥം തിങ്കളാഴ്ച നടന്ന ഘോഷയാത്രയിൽ നാലായിരം പേർ പങ്കെടുത്തു.
സംസ്ഥാന ക്ഷീര സംഗമം പടവ് 2023ന് ഔദ്യോഗിക തുടക്കം
സംസ്ഥാന ക്ഷീര സംഗമം പടവ് 2022-23 ബഹുമാനപ്പെട്ട മുഖ്യമന്ത്രി . പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
അതിദരിദ്രരായ കുടുംബങ്ങളുടെ നിലവാരം മെച്ചപ്പെടുക്കുന്നതിന് 2022 - 23 വർഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട 140 വനിതകൾക്ക് ഒരു പശു യൂണിറ്റ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022 - 23 വാർഷിക ഫണ്ടിൽ നിന്ന് 130 കോടി ക്ഷീരമേഖലയുടെ വികസനത്തിനായി നീക്കി വച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാലിത്തീറ്റ ഗുണനിലവാരം ഉറപ്പാക്കാനും വില നിയന്ത്രിക്കാനുമായി കാലിത്തീറ്റ ആക്ട് നടപടികൾ അന്തിമഘട്ടത്തിലാണ്. ക്ഷീരമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഇത്തവണയും ബജറ്റിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
പടവ് 2023 അവാർഡുകൾ വിതരണം ചെയ്തു
സംസ്ഥാനത്തെ മികച്ച ക്ഷീര സഹകാരി അവാർഡ് മുഖ്യമന്തി പിണറായി വിജയനിൽ നിന്ന് തിരുവനന്തപുരം സ്വദേശി ജെ എസ് സജു ഏറ്റുവാങ്ങി. തിരുവനന്തപുരം അതിയന്നൂർ ബ്ലോക്കിൽ ഉച്ചക്കട ക്ഷീരോൽപാദക സഹകരണ സംഘത്തിലെ അംഗമാണ് സജു. ഡിജിറ്റൽ ഇന്ത്യ 2022 അവാർഡ് ഡിജിറ്റൽ ഇനിഷ്യേറ്റിവ് ഓഫ് ഗ്രാസ്റൂട്ട് ലെവൽ വിഭാഗത്തിൽ സില്‍വര്‍ മെഡല്‍ ലഭിച്ച കേരള ക്ഷീര വികസന വകുപ്പ് തയ്യാറാക്കിയ ക്ഷീരശ്രീ പോർട്ടലിനുള്ള ആദരവ് മുഖ്യമന്ത്രി സമ്മാനിച്ചു. ഡോ. വർഗ്ഗീസ് കുര്യൻ അവാർഡ് വയനാട് സുൽത്താൻ ബത്തേരി കോ-ഓപ്പറേറ്റീവ് മിൽക്ക് സപ്ലൈ സൊസൈറ്റിക്ക് റവന്യൂ മന്ത്രി കെ. രാജൻ നൽകി.
ക്ഷീരോൽപാദന മേഖലയിൽ മാധ്യമ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുന്നതിന് മാധ്യമപ്രവർത്തകർക്കായി ക്ഷീരമേഖലയുമായി ബന്ധപ്പെട്ട 2022 - 23 വർഷത്തിലെ മാധ്യമ അവാർഡ് മേയർ എം കെ വർഗ്ഗീസ് നൽകി. മികച്ച റിപ്പോർട്ട് - എം മുജീബ് റഹ്മാൻ, മികച്ച പത്ര ഫീച്ചർ - സുജിലേഷ് എൻ.കെ ദേശാഭിമാനി ദിനപത്രം കണ്ണൂർ , മികച്ച ഫീച്ചർ മാസിക - ഹരിതഭൂമി മാസിക - ഡോ എം മുഹമദ് ആസിഫ്, മികച്ച റേഡിയോ ഫീച്ചർ- കെ ശീകാന്ത് റേഡിയോ മാറ്റൊലി മികച്ച ദൃശ്യമാധ്യമ റിപ്പോർട്ട് കെ.വി ശ്യാമപ്രസാദ് കൈരളി ന്യൂസ് കൊച്ചി ,മികച്ച ദൃശ്യമാധ്യമ റിപ്പോർട്ട് കെ.എം ഷഹദ് റഹ്മാൻ 24 ന്യൂസ് ,മികച്ച ദൃശ്യമാധ്യമ ഫീച്ചർ കെ മധു ഡെപ്യൂട്ടി എഡിറ്റർ മാതൃഭൂമി ടി.വി. ,മികച്ച ദൃശ്യമാധ്യമ ഡോക്കുമെൻ്ററി പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ഫാം ഇൻഫർമേഷൻ ബ്യൂറോ ,ഫോട്ടോഗ്രഫി രാജേഷ് രാജേന്ദ്രൻ ജനയുഗം , ലേഖനം - ഫോട്ടോഗ്രാഹി മേഖലയിൽ അവാർഡു നേടിയ ക്ഷീര വകുപ്പ് ഉദ്യോഗസ്ഥർ .മികച്ച ലേഖനം/ ഫീച്ചർ വി.ആർ അശ്വതി ക്ഷീരവികസന ഓഫീസർ ഹരിപ്പാട് ,മികച്ച ലേഖനം പ്രത്യേക പരാമർശം - ഡോ. ബി.ഇ ഡോലസ് ഡെപ്യൂട്ടി ഡയറ ക്ടർ ,ഇടുക്കി ,എം വി ജയ ൻ ക്ഷീരവികസന ഓഫീസർ കണ്ണൂർ ,ഫോട്ടോഗ്രഫി - സമ്പത്ത് രാജ് കൊല്ലം തുടങ്ങി 14 വിഭാഗങ്ങളിൽ അവാർഡ് നൽകി.
നാടൻ പശുക്കളുടെ പ്രദർശനം.
കേരള ഡയറി എക്സ്പോയുടെ ഭാഗമായി മണ്ണൂത്തി വെറ്റിനറി കോളേജ് ക്യാമ്പസ്സിൽ സഞ്ജീകരിച്ചിരിക്കുന്ന വിവിധ സ്റ്റാളുകളിൽ കർഷക ശ്രെദ്ധ ആകർഷിക്കുന്നത് കൃഷ്ണ വല്ലി മലയമാട്, വില്ലേദ്രി, സഹിവൾ, കേരളത്തിലെ ഒരു കന്നുകാലിയിനമാണ് കാസർഗോഡ് കുള്ളൻ പശുക്കൾ, എന്നിങ്ങനെയുള്ള വിവിധ നാടൻ പശുക്കളുടെ പ്രദർശന സ്റ്റാൾ വിത്യസ്ത നിറഞ്ഞതാണ്.
പുരോഗമനോന്മുഖ ക്ഷീരകർഷക സെമിനാർ
സംസ്ഥാന ക്ഷീര സംഗമം പടവ് 2023-പുരോഗമനോന്മുഖ ക്ഷീര കർഷക സെമിനാർ ബഹു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ആര്‍. അനില്‍ ഉത്ഘാടനം ചെയ്തു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ അധ്യക്ഷനായ സെമിനാറിൽ സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് എസ് എസ് നാഗേഷ് മോഡറേറ്ററായി.
കലാസന്ധ്യ മൂന്നാം ദിവസം
പടവ് 2023 സംസ്ഥാന ക്ഷീരസംഗമത്തിന്റെ നാലാം ദിവസം വൈകുന്നേരം ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്ഥർ അവതരിപ്പിക്കുന്ന കലാവിരുന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.
പടവ് 2023 അഞ്ചാം ദിവസം
ക്ഷീരസംഘം ജീവനക്കാർക്കും സഹകാരികൾക്കുമുള്ള ശില്പശാല
ക്ഷീരസംഘം ജീവനക്കാർക്കും സഹകാരികൾക്കുമുള്ള ശില്പശാല ബഹു. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. പി ബാലചന്ദ്രൻ എം.എൽ എ അദ്ധ്യക്ഷനായ ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പങ്കെടുത്തു.
സംവാദസദസ്സ്
ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സംവാദസദസ് ബഹു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മില്‍മ ചെയര്‍മാന്‍ ശ്രീ .കെ എസ് മണി ചടങ്ങിനു അദ്ധ്യക്ഷത വഹിച്ചു.
കന്നുകാലികളിലെ രോഗപ്രതിരോധം, ശെരിയായ പ്രജനനം ,വിവിധ ചികിത്സാ രീതികള്‍ , സമീകൃതവും ചെലവ് കുറഞ്ഞതുമായ നൂതന തീറ്റ രീതികള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസുകള്‍ എടുത്തു . എല്ലാ ജില്ലകളില്‍ നിന്നും കര്‍ഷകരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. 2100 കര്‍ഷകര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്വന്തം ലേഖകൻ.
