വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ, മർദ്ദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെടുത്തു.
- Posted on March 03, 2025
- News
- By Goutham prakash
- 245 Views
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം കാസ് വിദ്യാര്‍ത്ഥിയായ ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തു. പ്രതികളുടെ വീട്ടിൽ ഇന്ന് നടത്തിയ റെയ്ഡിലാണ് ഷഹബാസിനെ അടിക്കാൻ ഉപയോഗിച്ച ആയുധം ലഭിച്ചത്. പ്രധാന പ്രതിയുടെ വീട്ടിൽ നിന്നാണ് ആയുധം കിട്ടിയത്. പ്രധാന പ്രതിയുടെ വീട്ടിൽ ആദ്യം ആളുണ്ടായിരുന്നില്ല. പിന്നീട് വീട്ടുകാരെ വിളിച്ച് വരുത്തിയാണ് റെയ്ഡ് നടത്തിയത്. ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിവയും പിടിച്ചെടുത്തു.
റിമാന്‍റിലായ അഞ്ച് വിദ്യാര്‍ത്ഥികളുടേയും വീട്ടില്‍ ഒരേ സമയമാണ് പൊലീസ് പരിശോധന നടത്തിയത്. ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍റില്‍ കഴിയുന്ന അഞ്ച് പ്രതികളേയും എസ് എസ് എല്‍ സി പരീക്ഷ എഴുതിക്കാമെന്നാണ് തീരുമാനം. എന്നാൽ ഇത് സ്കൂളിൽ വെച്ച് വേണോ എന്നതിൽ തീരുമാനമായിട്ടില്ല. കുട്ടികളെ സ്കൂളിലെത്തിച്ച് പരീക്ഷ എഴുതിച്ചാല്‍ പ്രതിഷേധമുയരാന്‍ സാധ്യതയുണ്ടെന്ന കാര്യം പോലീസ് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു. രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡാണ് ഇവര്‍ക്ക് പരീക്ഷ എഴുതാനുള്ള അനുമതി നല്‍കിയത്.
എലൈറ്റിൽ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. വ്യാഴാഴ്ച വൈകിട്ട് താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിനിടെ നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കൾ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസ് ജീവൻ നിലനിർത്താൻ ആയത്.കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
