പതിമൂന്നുകാരിയുടെ ഹൃദയം മിടിക്കും, പ്രഥമ ഹൃദയ മാറ്റ ശസ്ത്രക്രിയ ശ്രീ ചിത്തിര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ടിൽ വിജയം
- Posted on July 24, 2024
- News
- By Arpana S Prasad
- 308 Views
ഹ്യദയത്തിൻറ സ്വീകർത്താവ് 13 വയസ്സുള്ള ഒരു പെൺകുട്ടിയാണ്. തലച്ചോറിൽ രക്തസ്രാവം മൂലം മസ്തിഷക മരണം സംഭവിച്ച സ്കൂൾ അധ്യാപികയുടെ ഹ്യദയമാണ് മാറ്റിവെച്ചത്.
സി.ഡി. സുനീഷ്
പ്രഥമ ഹൃദയ മാറ്റ ശസ്ത്രക്രിയ ശ്രീ ചിത്തിര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ടിൽ വിജയം.
ആദ്യ ഹ്യദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.
തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) 22.07.2024 ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ "ഹ്യദയം മാറ്റിവെയ്ക്കൽ" ശസ്ത്രക്രിയ നടത്തി. ഹ്യദയത്തിൻറ സ്വീകർത്താവ് 13 വയസ്സുള്ള ഒരു പെൺകുട്ടിയാണ്. തലച്ചോറിൽ രക്തസ്രാവം മൂലം മസ്തിഷക മരണം സംഭവിച്ച സ്കൂൾ അധ്യാപികയുടെ ഹ്യദയമാണ് മാറ്റിവെച്ചത്. കേരള സർക്കാറിൻ്റെ അവയവദാന പദ്ധതിയായ K-SOTTO (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാൻറ് ഓർഗനൈസേഷൻ) വഴിയാണ് അവയവ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. കാർഡിയാക് തൊറാസിക് സർജറി വിഭാഗത്തിലെ പ്രൊഫസർ ഡോ. ബൈജു എസ് ധരൻ, കാർഡിയാക് തൊറാസിക് സർജറി വിഭാഗം മേധാവി ഡോ. വിവേക് വി പിള്ള, എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കാർഡിയോളജി മേധാവിയായ ഡോ. ഹരികൃഷ്‌ണൻ എസ്, ഡോ.ക്യഷ്‌ണമൂർത്തി, അനസ്തേഷ്യാ മേധാവി ഡോ ശ്രീനിവാസ് വി. ജി., ഡോ, തോമസ് കോശി, BMT വിഭാഗം, ഇൻസ്റ്റിറ്റ്യൂട്ട് എത്തിക്കൽ കമ്മിറ്റി, നഴ്സിംഗ് വിഭാഗം. ട്രാൻസ്പ്ലാൻറ് കോ-ഓർഡിനേറ്റർ, പെർഫ്യൂഷൻ, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ, ടെക്നിക്കൽവിഭാഗം ജീവനക്കാർ, ട്രാൻസ്പോർട്ട് വിഭാഗം ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരും പങ്കാളികളായി അവയവം വളരെ വേഗത്തിൽ എത്തിക്കുന്നതിനായി കേരളപോലീസ് ഗ്രീൻ കോറിഡോർ ക്രമീകരിച്ചു.
കിംസ് ഹോസ്‌പിറ്റലും ടാറ്റാ ട്രസ്റ്റും ഈ സർജറിക്ക് നൽകിയ സഹായ സഹകരണങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറ്, കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി, ICMR, ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസ്, ഭാരത സർക്കാർ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കേരള ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, കേരള സർക്കാർ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, K-SOTTO, കേരള സർക്കാരിന്റെ കീഴിലുള്ള വിഭാഗങ്ങൾ എന്നിവർ നൽകിയ പിന്തുണയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് നന്ദി രേഖപ്പെടുത്തുന്നു. വളരെ വേദനയിലായിരിക്കുന്ന അവസരത്തിലും അവയവങ്ങൾ ദാനം ചെയ്യുവാൻ സന്മനസ്സു കാണിച്ച ദാതാവിന്റെ കുടുംബാംഗങ്ങൾക്കും ഇൻസ്റ്റിറ്റ്യൂട്ട് നന്ദി അറിയിക്കുന്നതിനോടൊപ്പം അവരുടെ വേദനയിലും ചേരുന്നു. കുട്ടിയുടെ പൂർണ്ണാരോഗ്യം വീണ്ടെടുക്കുന്നതിനായി മികച്ച ചികിത്സയും തീവ്രപരിചരണവും നൽകി വരുന്നു.

