പാതിവില തട്ടിപ്പില്‍ മുഖ്യപ്രതിയും സായി ഗ്രാം ഡയറക്ടറുമായ കെ എൻ ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു.
- Posted on March 11, 2025
- News
- By Goutham prakash
- 300 Views
കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആനന്ദ കുമാറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടു പിന്നാലെയാണ് കസ്റ്റഡി നടപടി. ആനന്ദകുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. തട്ടിപ്പിനെ കുറിച്ച് ആനന്ദകുമാറിനു അറിയാമായിരുന്നു എന്ന പോലീസ് വാദം അംഗീകരിച്ചാണ് കോടതി നടപടി. പണം ലഭിച്ചത് ട്രസ്റ്റിനാണെന്ന ആനന്ദകുമാറിന്റെ വാദം കോടതി തള്ളി. വ്യക്തിപരമായി ബന്ധമില്ലെന്ന വാദം നിലനില്‍ക്കുന്ന അല്ലെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ വർഷം ഫെബ്രുവരി 15നാണ് പാതിവില ഓഫർ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയർമാനായ കെഎൻ ആനന്ദകുമാർ ആജീവനാന്ത ചെയർമാനായ ട്രസ്റ്റില്‍ 5 അംഗങ്ങള്‍ ആണുണ്ടായിരുന്നത്. പ്രതി അനന്തു കൃഷ്ണൻ, ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ എന്നിവരാണ് മറ്റ് അംഗങ്ങള്‍. തട്ടിപ്പില്‍ പങ്കില്ലെന്നും പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് അനന്തു കൃഷ്ണനാണെന്നുമായിരുന്നു കെഎൻ ആനന്ദകുമാറിന്റെ വാദം. എന്നാല്‍ ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ കൈമാറിയെന്ന് അനന്തു കൃഷ്ണൻ മൊഴി നല്‍കിയിരുന്നു.
