പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസിനു നിരോധനം, പാഴ്സലില്‍ സമയം രേഖപ്പെടുത്തണം; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സർക്കാർ നടപടികൾ തുടങ്ങി

തിരുവനന്തപുരം: ഭക്ഷ്യ വിഷബാധകൾ സംസ്ഥാനത്ത് തുടരെ ഉണ്ടായത് ,ഭക്ഷ്യ സുരക്ഷ വകുപ്പിനെ കൂടുതൽ ഉണർവോടെ പ്രവർത്തിക്കാൻ സർക്കാർ നടപടികൾ തുടങ്ങി. സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസിനു നിരോധനം ഏര്‍പ്പെടുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഹോട്ടല്‍, ബേക്കറി സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.

ഹോട്ടലുകള്‍ പാഴ്‌സല്‍ നല്‍കുന്ന സമയം രേഖപ്പെടുത്തണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇതിനായി പാഴ്‌സലില്‍ സ്റ്റിക്കര്‍ ഉപയോഗിക്കണം. പാചകക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓഡിറ്റോറിയങ്ങളില്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ക്കു എഫ്എഎസ്എ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്നും മന്ത്രി അറിയിച്ചു. വൃത്തി അനുസരിച്ച് ഹോട്ടലുകളെ തരംതിരിക്കുന്ന ഹൈജീന്‍ ആപ്പ് തയാറായിട്ടുണ്ട്. ഇത് ഉടന്‍ തന്നെ ജനങ്ങള്‍ക്കു ലഭ്യമാക്കുമെന്നു മന്ത്രി അറിയിച്ചു.

ഭക്ഷണം പാഴ്‌സല്‍ കൊടുക്കുമ്പോള്‍ നല്‍കുന്ന സമയവും എത്ര നേരത്തിനുള്ളില്‍ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കണം. ആ സമയം കഴിഞ്ഞ് ആ ഭക്ഷണം കഴിക്കാന്‍ പാടില്ല. എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷനോ ലൈസന്‍സോ എടുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഹൈജീന്‍ റേറ്റിംഗില്‍ എല്ലാ സ്ഥാപനങ്ങളും സഹകരിക്കണം. ശുചിത്വം ഉറപ്പാക്കി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കാനുമുള്ള ഒരിടം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.

എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. എല്ലാവരും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. സ്ഥാപനം ചെറുതോ വലുതോ എന്നല്ല, ശുചിത്വം വളരെ പ്രധാനമാണ്.

ഹോട്ടല്‍, റെസ്‌റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികളുമായാണ് മന്ത്രി ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. ഭക്ഷ്യ സുരക്ഷാ രംഗത്ത് സംഘടനാ പ്രതിനിധികള്‍ സഹകരണം ഉറപ്പ് നല്‍കി. സംഘടനകള്‍ സ്വന്തം നിലയില്‍ ടീം രൂപീകരിച്ച് പരിശോധിച്ച് പോരായ്മകള്‍ നികത്തുകയും ശുചിത്വം ഉറപ്പ് വരുത്തുകയും ചെയ്യും. ഒരു സംഭവിക്കുമ്പോഴല്ലാത്ത ജാഗ്രത മാത്രം പോരാ എന്ന് തെളിയിക്കുന്നതാണ് ഓരോ ദുരന്തങ്ങളും, എങ്കിലും കുറച്ച് ദിവസം കഴിഞ്ഞാൽ ഈ ജാഗ്രതക്ക് വീഴ്ച വന്നാൽ നാം വലിയ വില കൊടുക്കേണ്ടി വരും.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like