കോൺക്ലേവിനായി റീൽസ് മത്സരം: അധ്യാപക-അനധ്യാപക ജീവനക്കാർക്കും പങ്കെടുക്കാം: മന്ത്രി .ഡോ. ആർ ബിന്ദു

ജനുവരിയിൽ കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി നടക്കുന്ന വീഡിയോ/ റീൽസ് മത്സരത്തിൽ കലാലയങ്ങളിലെ അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഏറ്റവും മികച്ച ഒരു വീഡിയോയ്ക്ക് പതിനായിരം രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും. അഞ്ചു വിദ്യാർത്ഥികൾക്ക് പതിനായിരം രൂപ വീതം സമ്മാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു.


കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സ്വന്തം കോളേജിലുണ്ടായ അടിസ്ഥാന സൗകര്യ വികസനങ്ങൾ, പഠന-പഠനേത രംഗത്തുള്ള മികച്ച മാതൃകകൾ, കോളേജിൽ നടന്ന മികച്ച പ്രവർത്തനങ്ങൾ എന്നിവ കലാപരമായി ഉൾച്ചേർന്ന റീൽസ്/വീഡിയോകൾ ആണ് ക്ഷണിക്കുന്നത് - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.  


സർഗ്ഗാത്മകവും മൗലികവും  യഥാർത്ഥവുമായിരിക്കണം ഉള്ളടക്കം. സംസ്ഥാനത്തെ ആർട്സ് & സയൻസ്, എഞ്ചിനീയറിംഗ്, പോളിടെക്നിക് കോളേജുകൾ (സർക്കാർ, സ്വകാര്യ, സ്വാശ്രയ കോളേജുകൾ ഉൾപ്പെടെ), ഐ എച്ച് ആർ ഡി, എൽ ബി എസ് എന്നിവയുടെ കീഴിലുള്ള കോളേജുകൾ, ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർവ്വകലാശാലാ കാമ്പസുകൾ എന്നിവയിലെ അധ്യാപകർക്കും ജീവനക്കാർക്കും ഒറ്റയ്ക്കും ടീമായും പങ്കെടുക്കാം. ഒരാൾക്ക്/ടീമിന് ഒന്നിലധികം എൻട്രികളും നൽകാം. ഏതു ഭാഷയിലുമാവാം. രണ്ടു മിനിട്ടു വരെ ദൈർഘ്യമാകാം.  


അയക്കുന്ന റീൽസ്/വീഡിയോയുടെ അവസാനം മത്സരാർത്ഥികളുടെയും കോളേജിന്റെയും പേര്, കോൺടാക്ട് നമ്പർ, ഇ-മെയിൽ ഐഡി തുടങ്ങിയ വിവരങ്ങൾ ഉണ്ടാവണം. തയ്യാറാക്കിയ വീഡിയോകൾ ഫേസ്ബുക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നീ പ്ലാറ്റുഫോമുകളിൽ അപ്‌ലോഡ് ചെയ്ത് അതിന്റെ ലിങ്ക് video.conclave@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ജനുവരി അഞ്ചിനു മുമ്പായി അയക്കണം. ലിങ്കിനു പുറമെ മത്സരത്തിൽ പങ്കെടുക്കുന്നയാളുടെ പേര്, കോളേജ്, ഇ-മെയിൽ വിലാസം, ഫോൺ നമ്പർ, കോളേജ് ഐഡന്റിറ്റി കാർഡ്, വീഡിയോയുടെ ഹ്രസ്വ വിവരണം എന്നിവ കൂടി  ഇ-മെയിലിൽ ഉൾപ്പെടുത്തണം. #keralahighereducation എന്ന ഹാഷ്‌ടാഗോടുകൂടിയാണ് വീഡിയോകൾ അപ്‌ലോഡ് ചെയ്യേണ്ടത്.  


റെസൊല്യൂഷൻ അടക്കമുള്ള വിശദവിവരങ്ങളും നിബന്ധനകളും https://keralahighereducation.com/ വിലാസത്തിൽ കാണാം. മത്സരഫലത്തെ സംബന്ധിച്ച ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. 


ക്യാഷ് അവാർഡുകളും  പ്രശസ്‌തി പത്രവും ജനുവരി 14 നു കൊച്ചിൻ സർവകലാശാലയിൽ നടക്കുന്ന കോൺക്ലേവ് ഉദ്‌ഘാടന വേദിയിൽ വെച്ച് സമ്മാനിക്കും. തിരഞ്ഞെടുത്ത വീഡിയോകൾ വീഡിയോകൾ കോൺക്ലേവിന്റെ ഭാഗമായി പ്രദർശിപ്പിക്കുകയും ചെയ്യും - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.


സ്വന്തം ലേഖകൻ.

Author
Citizen Journalist

Goutham prakash

No description...

You May Also Like