ഭക്ഷണം പാഴാക്കിയാൽ ഇനി 100 രൂപ പിഴ: തരംഗമായി വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയുടെ സർക്കുലർ.
തിരുവനന്തപുരം : വിശന്നിരുന്നവർക്കേ വിശപ്പിന്റെ വിലയറിയൂ എന്ന വലിയ പാഠം ഓർത്തെടുത്ത് വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി കെ.കെ.മനോജ് ഓഫിസ് ജീവനക്കാർക്ക് ‘വിലയേറിയ’ ഒരു സർക്കുലർ അയച്ചു. ഭക്ഷണം പൂർണമായും കഴിക്കാതെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നവരിൽനിന്ന് 100 രൂപ പിഴ ഈടാക്കുമെന്നായിരുന്നു സർക്കുലർ. ജീവനക്കാരിൽ ചിലർ എതിർപ്പുമായി രംഗത്തുവന്നെങ്കിലും സർക്കുലർ തരംഗമായി. ‘ജീവനക്കാർ കൊണ്ടുവരുന്ന ഭക്ഷണം മുഴുവൻ കഴിക്കാതെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭക്ഷണം പാഴാക്കിക്കളയുന്നത് ഒരു കാരണവശാലും അനുവദിക്കാനാകില്ല. ഭക്ഷണം മുഴുവന്‍ കഴിക്കാതെ വേസ്റ്റ് ബിന്നിൽ ഇടുന്നവരിൽനിന്ന് 100 രൂപ പിഴയായി ഈടാക്കും. ഭക്ഷണശേഷം അവശേഷിക്കുന്ന കറിവേപ്പില, മുരിങ്ങക്കായ ചണ്ടി തുടങ്ങി ഭക്ഷണമായി ഉപയോഗിക്കാൻ കഴിയാത്തവ മാത്രമേ ബിന്നിൽ ഉപേക്ഷിക്കാൻ പാടുള്ളൂ. കഴിക്കാൻ ആവശ്യമായ ഭക്ഷണം മാത്രമേ പാകം ചെയ്യാവൂ. ഭക്ഷണം ഒരു കാരണവശാലും പാഴാക്കിക്കളയാൻ പാടില്ല. ഓഫിസിൽ മാത്രമല്ല വീട്ടിലും ഈ നിർദേശം പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്’ സർക്കുലറിൽ വ്യക്തമാക്കുന്നു. മാലിന്യസംസ്കരണത്തിന് ശക്തമായ നടപടികൾ സ്വീകരിക്കുന്ന നഗരസഭയുടെ ഓഫിസിൽ ഭക്ഷണ മാലിന്യം കൂടിയപ്പോഴാണ് സർക്കുലർ പുറത്തിറക്കിയതെന്ന് കെ.കെ.മനോജ് പറഞ്ഞു. ആഘോഷ ചടങ്ങുകളിൽ പലരും ആവശ്യത്തിലധികം ഭക്ഷണം വാങ്ങി കഴിക്കാതെ കളയുന്നത് ശ്രദ്ധയിൽപ്പെടാറുണ്ട്. ഭക്ഷണം കിട്ടാതെ പലരും പട്ടിണി കിടക്കുമ്പോഴാണ് ഇങ്ങനെ പാഴാക്കിക്കളയുന്നത് ഓഫിസിൽ 40ൽ അധികം ജീവനക്കാരുണ്ട്. പലരും ഭക്ഷണം പാഴാക്കിക്കളയുന്നത് ശ്രദ്ധയിൽപ്പെട്ടു. ഭക്ഷണമാലിന്യം അടക്കം സംസ്ക്കരിക്കാൻ നഗരസഭയിൽ സംവിധാനമുണ്ടെങ്കിലും ഭക്ഷണം പാഴാക്കിക്കളയരുതെന്ന സന്ദേശം നല്‍കാനും ഒപ്പം മാലിന്യം നിയന്ത്രിക്കാനുമാണ് പിഴ ഈടാക്കാൻ തീരുമാനിച്ചത്. ചിലർ നടപടിക്കെതിരെ പ്രതിഷേധം അറിയിച്ചു. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മുന്നോട്ടുപോകും. ഓഫിസിൽ പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണവും വെള്ളവും കൊണ്ടുവരുന്നതിനും പിഴ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കെ.കെ.മനോജ് പറഞ്ഞു. എന്നാൽ, ഭക്ഷണം കഴിക്കാനുള്ള അവകാശത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരില്ലെന്ന് ജീവനക്കാർ പറയുന്നു. പിഴ നിയമപരമായി നിലനിൽക്കില്ലെന്നും അവർ വ്യക്തമാക്കി.
സ്വന്തം ലേഖകൻ.