ജര്‍മ്മനിയിലേയ്ക്കുളള റിക്രൂട്ട്മെന്റ് ഈ വര്‍ഷം1000 പിന്നിടും: പി. ശ്രീരാമകൃഷ്ണന്‍

 *സി.ഡി. സുനീഷ്* 



നോര്‍ക്ക-ട്രിപ്പിള്‍ വിന്‍ ഏഴാം  ഘട്ടം; 250 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു


കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയുടെ ഏഴാം എഡിഷനില്‍ അഭിമുഖങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 250 പേരുടെ പട്ടിക നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റില്‍ (www.norkaroots.org) പ്രസിദ്ധീകരിച്ചു. അപേക്ഷ നല്‍കിയ 4200 അപേക്ഷകരില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത  360 പേരാണ് കൊച്ചിയിലും തിരുവനന്തപുരത്തുമായി നടന്ന അഭിമുഖങ്ങളില്‍ പങ്കെടുത്തത്. ഇവരില്‍ നിന്നുളള 250 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ജര്‍മനിയിലെ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുടെ കീഴിലുള്ള പ്ലേയ്‌സ്മെന്റ് ഉദ്യോഗസ്ഥര്‍മാര്‍ നേരിട്ടെത്തിയായിരുന്നു അഭിമുഖം. ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി 1000 പേരുടെ റിക്രൂട്ട്‌മെന്റെന്ന മികച്ച നേട്ടം ഈ വര്‍ഷം സാധ്യമാകുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 


തിരഞ്ഞെടുക്കപ്പെട്ടവര്‍ ഗോയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്. ഒന്‍പതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണമായും സൗജന്യമായിരിക്കും. ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ബി 2 ലെവല്‍ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാന്‍സില്‍ എ 2 അല്ലെങ്കില്‍ ബി 1 പാസാവുന്നവര്‍ക്ക് 250 യൂറോ ബോണസിനും അര്‍ഹതയുണ്ട്. രജിസ്റ്റേര്‍ഡ് നഴ്‌സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന  നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like