കല്യാണത്തിന് വധുവിനെ കിട്ടാനില്ല; തേടി വന്നത് 11,750 പുരുഷന്മാർ; ഞെട്ടരുത്, കണക്കാണെ സത്യം.

  • Posted on December 03, 2022
  • News
  • By Fazna
  • 134 Views

ഇടുക്കിയിലെ കട്ടപ്പന സ്വദേശിയായ റെജിക്ക് (യഥാർഥ പേരല്ല) ഇപ്പോൾ 42 വയസ്സായി. പിജിക്ക് പോയെങ്കിലും പൂർത്തിയാക്കിയില്ല. രണ്ടേക്കറിൽ കുറച്ച് റബറും ഏലവുമൊക്കെ കൃഷി ചെയ്താണ് ജീവിതം. ഏലത്തിന്റെ മൊത്തക്കച്ചവടവും ചെറിയ തോതിലുണ്ട്. 30 വയസ്സ് മുതൽ കല്യാണം ആലോചിച്ചു തുടങ്ങിയതാണ്. ചെറുക്കന് സർക്കാർ ജോലി, അല്ലെങ്കിൽ കൊള്ളാവുന്ന ബിസിനസ്; ഇതില്‍ ഏതെങ്കിലും ഉണ്ടെങ്കിൽ വേഗം നടക്കുമെന്ന് ബ്രോക്കർ പറഞ്ഞെങ്കിലും റെജി ഹതാശനായില്ല. നിരവധി പെ‍ൺകുട്ടികളെ കണ്ടു. ബന്ധുക്കളും സ്വന്തക്കാരും ബ്രോക്കർമാരുമുൾപ്പെടെ ആഞ്ഞുപിടിച്ചിട്ടും റെജിയുടെ കല്യാണം നടന്നില്ല. വയസ്സ് 36 ആയി. ഇതിനിടെയാണ് ബ്രോക്കർ ഒരാളെ പരിചയപ്പെടുത്തുന്നത്; ഏജന്റാണ്. റെജിക്ക് പെണ്ണുകിട്ടും. പക്ഷേ കുറച്ച് കാശുചെലവുള്ള പരിപാടിയാണ്. വധു തമിഴ്നാട്ടിൽ നിന്നാണ്. തേനിയിലെ ഒരു ഉൾഗ്രാമത്തിൽ നിന്ന്. ഫോട്ടോയും കാണിച്ചു. ബ്രോക്കർക്ക് 25,000 രൂപയും ഇക്കാര്യം പറയാൻ ചെല്ലുമ്പോൾ വധുവിന്റെ വീട്ടുകാർക്ക് ഒരു ലക്ഷം രൂപയും രൊക്കം, കല്യാണം കഴിഞ്ഞ് വധുവിന്റെ വീട്ടുകാർക്ക് വരന്റെ വീട്ടിലേക്ക് വരാനുള്ള വാഹനക്കൂലി അടക്കം കല്യാണവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവ്. അങ്ങനെ റെജിയുടെ കല്യാണം കഴിഞ്ഞു. ഇപ്പോൾ മൂന്നു കുട്ടികളുമായി ‌ചെറിയ തോതിലുള്ള വഴക്കും വക്കാണവും പൊരുത്തപ്പെടലുമായി കഴിഞ്ഞു പോകുന്നു. ‘‘എന്റെ പ്രായമുള്ള മിനിമം ഒരു 40 പേരെങ്കിലും ഈ നാട്ടിൽ തന്നെ കല്യാണം കഴിക്കാതെ നിൽപ്പുണ്ടാവും. പെണ്ണു കിട്ടാഞ്ഞിട്ടാണ്. നല്ല ജോലിയും സാമ്പത്തിക സ്ഥിതിയും ഉണ്ടെങ്കിൽ ആലോചിച്ചാൽ മതിയെന്നാണ് പെമ്പിള്ളേരു തന്നെ വീട്ടുകാരോട് പറയുന്നത്. സർക്കാർ ജോലി ഉണ്ടെങ്കിൽ എളുപ്പമാണ്. ഞാൻ കെട്ടിയതിൽ പിന്നെ കുറച്ചു പേരൊക്കെ തമിഴ്നാട്ടിൽ പോയി കെട്ടാനൊക്കെ നോക്കിയിരുന്നു’’, റെജി പറയുന്നു. ഇത് കേരളത്തിലെ മാത്രം കാര്യമാണോ? മാണ്ഡ്യയിൽ നടന്നത് നോക്കൂ.

• മാണ്ഡ്യയിൽ നടന്നത്

ഓൾഡ് മൈസൂരിലെ മാണ്ഡ്യയിൽ ഈയിടെ വൊക്കലിഗ സമുദായത്തിലെ ചെറുപ്പക്കാരുടെ കല്യാണം നടത്താൻ നാഗമംഗല താലൂക്കിലെ ആദി ചുഞ്ചനഗിഗി മഠം തീരുമാനിച്ചു. കർഷക കുടുംബങ്ങളാണ് വൊക്കലിഗരുടേത്. സമുദായത്തിലെ നൂറുകണക്കിന് ചെറുപ്പക്കാർ കല്യാണപ്രായം കഴി‍ഞ്ഞ് നിൽക്കുന്നതു കണ്ടതോടെയാണ് ഇതിനു പരിഹാരമുണ്ടാക്കാൻ സമുദായ നേതാക്കള്‍ തീരുമാനിച്ചത്. തുടർന്ന് സമുദായത്തിൽ നിന്ന് വിവാഹിതരാകാൻ താത്പര്യമുള്ള െചറുപ്പക്കാരുടെ അപേക്ഷകൾ ക്ഷണിച്ചു. അവർ 100 രൂപ അടച്ച് റജിസ്റ്റർ ചെയ്യുകയും കല്യാണമേള നടക്കുന്നിടത്തു വന്ന് തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുക എന്നതായിരുന്നു പരിപാടി. എന്നാൽ ഇക്കഴിഞ്ഞ ഞായറാഴ്ച അവിടെ വന്ന ആളുകളെ കണ്ട് സംഘാടകർ ഞെട്ടി. വധുക്കളെ തേടിയെത്തിയത് 11,750 പുരുഷന്മാർ. വരന്മാരെ തേടി എത്തിയതോ വെറും 250 സ്ത്രീകൾ. ഇരു കൂട്ടർക്കുമൊപ്പമെത്തിയ ബന്ധുക്കളും കൂടി ചേർന്ന് 25,000–ത്തിലധികം പേർ. ഇതോടെ സംഘടകർ അങ്കലാപ്പിലായി. സ്ത്രീയും പുരുഷനും സ്റ്റേജിൽ കയറി തങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടിയുണ്ടെങ്കിലും പെൺകുട്ടികളെ വേദിയിൽ കയറ്റാൻ ബന്ധുക്കൾ മടിച്ചു. വൈകാതെ തിക്കും തിരക്കും ബഹളവുമായി. നിരവധി പേർക്ക് പരുക്കു പറ്റി. ഒടുവിൽ സംഘാടകർ പരിപാടി തന്നെ റദ്ദാക്കി കല്യാണം കഴിക്കാൻ വന്നവരെ തിരിച്ചയയ്ക്കുകയായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരായിരുന്നു അവിടെ തടിച്ചുകൂടിയ ചെറുപ്പക്കാർ. 2011–ലെ സെൻസസ് അനുസരിച്ച് 1000 പുരുഷന്മാർക്ക് 965 സ്ത്രീകൾ എന്നതാണ് കർണാടകത്തിലെ സ്ഥിതി. ഇപ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യവുമായിട്ടുണ്ടാവാം. എന്നാൽ എന്തുകൊണ്ടായിരിക്കാം ഇത്രയധികം പുരുഷന്മാർ കല്യാണം കഴിക്കാൻ പെൺകുട്ടികളെ ലഭിക്കാതെ നിൽക്കാൻ കാരണമായത്? അതിന് ഇന്ത്യ ഇന്നു കടന്നുപോകുന്ന സവിശേഷ സാഹചര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതിന്, 1970കള്‍ മുതൽ 3–4 ദശകത്തോളം വ്യാപകമായി നടന്ന പെൺഭ്രൂണഹത്യ മുതൽ പെൺകുട്ടികൾ കൂടുതലായി ഉന്നത വിദ്യാഭ്യാസം നേടുകയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടുന്നതുമെല്ലാം കാരണങ്ങളാണ്.

‘‘പെൺകുട്ടികളുടെ കല്ല്യാണം നടത്താൻ എന്തൊക്കെ വേണം? പെൺകുട്ടിയുടെ അഭിപ്രായമൊഴികെ മറ്റെല്ലാം വേണം എന്ന കാലം കഴിഞ്ഞു. ഏതൊരു മനുഷ്യനെയും പോലെ സ്വന്തം കാര്യത്തിലും സ്ത്രീകൾ അഭിപ്രായം പറയാൻ തുടങ്ങിയപ്പോഴാണ് കല്യാണം കഴിക്കാൻ പെണ്ണ് കിട്ടാത്ത ചെറുക്കൻമാരെ കാണാൻ തുടങ്ങിയത്. പെൺകുട്ടികളെ ‘കൂടുതൽ’ പഠിപ്പിക്കുന്നത് കല്ല്യാണ മാർക്കറ്റിൽ ഗുണം ചെയ്യില്ലായെന്ന് പണ്ടത്തെ കല്യാണ ദല്ലാളുമാരും ചില ‘അഭ്യുദയകാംക്ഷികളും’ പറയാറുള്ളത് കേട്ടിട്ടില്ലേ. അവിടെ പെൺകുട്ടിയുടെ അറിവും അഭിപ്രായവും സ്വന്തം ജീവിതപങ്കാളിയുടെ കാര്യത്തിലുള്ള കൃത്യതയും കേട്ട് ശീലമില്ലാത്ത സമൂഹത്തിൽ, ‘‘ഓഹ്, അവൾക്ക് വലിയ ജോലിക്കാരൻ മതി. നമ്മളെപോലുള്ളവർക്ക് തിളക്കമുള്ള ജോലിയില്ലെങ്കിലും നല്ല മനസ്സാണ്’’എന്നൊക്കെ സോഷ്യൽ മീഡിയ കമന്റുകൾ കാണാം. പല സാമൂഹിക സാംസ്കാരിക കാരണങ്ങളാൽ ആൺകുട്ടികൾ സമൂഹത്തിലെ താഴേത്തട്ടിലെന്നു കരുതുന്ന ജോലികൾ ചെയ്യാൻ തുടങ്ങുന്നതല്ല കാരണം. മനുഷ്യരെ ഒരുപോലെ പരിഗണിക്കുന്ന മാനസികനിലയില്ലാത്തവരെ പെൺകുട്ടികൾ തിരിച്ചറിഞ്ഞ് ഒഴിവാക്കി വിടുന്നതാണ്. നല്ല ജീവിതത്തിന് അത് അത്യാവശ്യവുമാണല്ലോ’’– മാധ്യമ പ്രവർത്തക‌യായ ലക്ഷ്മി പാർവതി പറയുന്നത് ഇങ്ങനെ.

• എവിടെപ്പോയി സ്ത്രീകൾ?

വിവാഹ കമ്പോളത്തിൽ ‘പെണ്ണുകിട്ടാതെ’ നിൽക്കുന്ന ആണുങ്ങള്‍ എന്നത് ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നതല്ല. അത് രാജ്യവ്യാപകമായി തന്നെ നിലനിൽക്കുന്ന പ്രതിഭാസമാണ്. ജാതി, മത, വംശ വ്യത്യാസങ്ങളൊക്കെ മാറ്റിവച്ച് പുരുഷന്മാർ ഇണയെ തിരഞ്ഞെടുക്കാൻ പരക്കംപായുന്നുണ്ട് എന്നതാണ് പല ‘വിവാഹമേള’കളും തെളിയിക്കുന്നത്. തന്റെ അതേ സമുദായത്തിൽനിന്ന് പെൺകുട്ടികളെ ലഭിക്കാതെ വരുമ്പോൾ മറുനാടുകളിൽനിന്നും മറ്റും അവർ പെൺ‌കുട്ടികളെ കണ്ടെത്താൻ ശ്രമിക്കുന്ന ഉദാഹരണമാണ് തുടക്കത്തിൽ പറഞ്ഞത്.

ലഭ്യമായ കണക്കനുസരിച്ച് രാജ്യത്ത് 5.63 കോടി പുരുഷന്മാരാണ് തങ്ങളുടെ 20–കളിലുള്ളത്. എന്നാൽ ഇതേ പ്രായപരിധിയിലുള്ള സ്ത്രീകളുടെ എണ്ണമോ? 2.07 കോടി മാത്രം. അതായത്, ഈ പ്രായപരിധിക്കുള്ളിൽ 3.55 കോടി സ്ത്രീകൾ രാജ്യത്ത് കുറവാണ്. അതുപോലെ 30–കളിലെത്തിയ 70.1 ലക്ഷം പുരുഷന്മാർ രാജ്യത്തുള്ളപ്പോൾ 22.1 ലക്ഷം സ്ത്രീകൾ മാത്രമാണ് ഉള്ളത്. 47.91 ലക്ഷം സ്ത്രീകൾ കുറവ്. 40–കളിലെത്തിയ 16.92 ലക്ഷം പുരുഷന്മാർ ഉള്ളപ്പോൾ ഈ പ്രായപരിധിയിലുള്ള സ്ത്രീകളുടെ എണ്ണമാകട്ടെ 8.67 ലക്ഷം മാത്രം. അതായത്, രാജ്യത്ത് 6.50 കോടി പുരുഷന്മാർ വധുക്കളെ അന്വേഷിക്കുമ്പോൾ രാജ്യത്തുള്ളത് 2.38 കോടി സ്ത്രീകൾ മാത്രം. അഞ്ചിൽ മൂന്ന് പുരുഷന്മാർക്കും വധുക്കളെ കിട്ടാനില്ല.

2000–ത്തിന്റെ ആദ്യ ദശകങ്ങളിൽ വിവാഹം കഴിക്കാൻ പെൺകുട്ടികളെ ലഭിക്കാതിരുന്നവർ ചേര്‍ന്ന് ഹരിയാനയിൽ ‘അസോസിയേഷൻ ഓഫ് സിംഗിൾ മെൻ’, ‘യൂണിയൻ ഓഫ് സിംഗിൾ പീപ്പിൾ ഓഫ് ജിന്ദ് ഡിസ്ട്രിക്ട്’ തുടങ്ങിയ സംഘടനകൾ രൂപീകരിച്ചിരുന്നു. തങ്ങൾക്ക് വധുക്കളെ കണ്ടെത്തി തരുന്നവർക്കായിരിക്കും വോട്ട് എന്ന രാഷ്ട്രീയ പ്രചരണവും ഇവർ നടത്തിയിരുന്നു. കാർഷിക വൃത്തി നടത്തുന്ന പഞ്ചാബിലെ പുരുഷന്മാർക്കും വധുക്കളെ കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു. ബിഹാറിൽനിന്നും ബംഗാളിൽനിന്നുമാണ് അവർ വിവാഹത്തിനായി സ്ത്രീകളെ കണ്ടെത്തിയിരുന്നത്. 30–കളിലുള്ള, കല്യാണം കഴിക്കാത്ത പുരുഷന്മാരെ പഞ്ചാബിലെ മാൾവ മേഖലയിൽ പരിഹസിച്ച് വിളിച്ചിരുന്നത് ‘ഷഡാ’ എന്നായിരുന്നു. പഞ്ചാബി സംവിധായകനായ ജഗ്ദീപ് സിദ്ദു 2019–ൽ ഇതേ പേരിൽ ഒരു സിനിമയും സംവിധാനം െചയ്തിട്ടുണ്ട്.

 • െപൺകുഞ്ഞുങ്ങളുടെ ശവപ്പറമ്പ്

എന്നാൽ 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇതായിരുന്നില്ല രാജ്യത്തെ സ്ഥിതി. 1901–ൽ ഇന്ത്യയിലെ സത്രീ പുരുഷ അനുപാതം 1000 പുരുഷന്മാർക്ക് 972 എന്നതായിരുന്നു. എന്നാൽ 1990–കൾ ആയപ്പോഴേക്കും ഇത് 1000ത്തിന് 930 ആയി. 1970–കൾ മുതൽ മൂന്ന് ദശകങ്ങൾ രാജ്യം പെൺകുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറുകയായിരുന്നു. 1970–കളിൽ, ലിംഗപരിശോധന നടത്താമെന്ന സൗകര്യം ലഭ്യമായതോടെ വ്യാപകമായ വിധത്തിലാണ് പെൺഭ്രൂണഹത്യകൾ രാജ്യത്ത് അരങ്ങേറിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമല്ല, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളും ഇതിന്റെ കേന്ദ്രമായിരുന്നു. ജനിച്ചത് പെൺകുഞ്ഞാണെന്ന് അറിയുമ്പോൾത്തന്നെ കൊന്നുകളയുന്ന പതിവും വ്യാപകമായിരുന്നു. ഒടുവിൽ 1994–ലാണ് ഗർഭസ്ഥ ശിശുക്കളുടെ ലിംഗപരിശോധന തടഞ്ഞുകൊണ്ടുള്ള നിയമം കേന്ദ്ര സർക്കാർ പാസാക്കിയത്. എങ്കിലും ഇന്നും പല സംസ്ഥാനങ്ങളിലും ഇത് രഹസ്യമായി നടന്നുവരുന്നു.

2011 സെൻസസ് അനുസരിച്ച് ഹരിയാനയായിരുന്നു സ്ത്രീ–പുരുഷ അനുപാതത്തിൽ ഏറ്റവും പിന്നിൽ. 1000 പുരുഷന്മാർക്ക് 830 സ്ത്രീകൾ മാത്രമാണ് ഹരിയാനയിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ മേഖലയിൽ വലിയ മാറ്റമാണ് ഹരിയാന പിന്നീടുണ്ടാക്കിയത്. പെൺകുഞ്ഞുങ്ങള െകാല്ലുന്നതിനെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ ശക്തമാക്കിയതോടെ സ്ത്രീകളുടെ എണ്ണത്തിലും വർധനവുണ്ടായി. 830 സ്ത്രീകളിൽ നിന്ന് 2018–19 ആയപ്പോഴേക്കും 914 ആയെന്നാണ് ഹരിയാനയിൽ നിന്നുള്ള കണക്കുകൾ. ഇത് 2018 ആയപ്പോൾ 928 ആയി വർധിച്ചു. പെൺഭ്രൂണഹത്യക്കും ലിംഗപരിശോധന നടത്തുന്നതിനുമെതിരെ കർശന നടപടികൾ 2011 മുതൽ സ്വീകരിച്ചതു െകാണ്ടാണ് ഹരിയാന ഇക്കാര്യത്തിൽ ഭേദപ്പെട്ട നിലയിലെത്തിയത്. എന്നാൽ 2011–ല്‍ 1000ത്തിന് 846 മാത്രമുണ്ടായിരുന്ന പഞ്ചാബിൽ 2017 ആകുമ്പോൾ 892 ആയി മാത്രമേ വർധിച്ചുള്ളൂ. 2018–ൽ ഇത് 900 കടന്നു, 903ലെത്തി. പെൺഭ്രൂണഹത്യ തന്നെയായിരുന്നു പഞ്ചാബിലും സമാനസ്ഥിതിയിൽ കാര്യങ്ങളെത്തിച്ചത്.

• ഹരിയാനയിലെ ‘കേരള കല്യാണം’

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് പെൺകുട്ടികളെ കടത്തിക്കൊണ്ടു വന്ന് കല്യാണം കഴിക്കുന്ന സ്ഥിതിയുണ്ട്. ഇതിന്റെ മറ്റൊരു രൂപമായിരുന്നു കുറച്ചു കാലം മുൻപു വരെ ധാരാളമായി നടന്നിരുന്ന ഹരിയാന–കേരള കല്യാണം. വിവാഹപ്രായം കഴിഞ്ഞ ഹരിയാന പുരുഷന്മാർ കേരളത്തിൽനിന്ന് വധുക്കളെ കണ്ടെത്തുന്ന സംഭവം ദേശീയതലത്തിൽ വരെ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1990-കളിലാണ് കേരളത്തിൽനിന്നുള്ള പെൺകുട്ടികളെ ഹരിയാനയിൽനിന്നുള്ള പുരുഷന്മാർ കല്യാണം കഴിക്കുന്ന സ്ഥിതി തുടങ്ങുന്നത്. ഹരിയാനയിൽ പെൺകുട്ടികൾ ഇല്ല എന്ന സാഹചര്യത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കല്യാണ ബ്രോക്കർമാരും ഏജന്റുമാരും മറ്റും വഴി കേരളത്തിലെ പെൺകുട്ടികളെ വിവാഹം കഴിക്കാൻ അവസരമുണ്ടെന്ന് അറിയുന്നത്.

ജാതക പ്രശ്നമുള്ളവർ, സ്ത്രീധനം നൽകാൻ കഴിവില്ലാത്തവർ, ശാരീരിക പ്രശ്നങ്ങളുടെയും മറ്റും പേരിൽ വിവാഹം നീണ്ടു പോകുന്നവർ തുടങ്ങിയ അനേകം പെണ്‍കുട്ടികൾ വൈകാതെ ഹരിയാന പുരുഷന്മാരുടെ വധുക്കളായി. തുടക്കക്കാലത്ത് ഏറെ ബുദ്ധിമുട്ടിയാണ് ആ സമയം കടന്നു പോയതെന്ന് പിന്നീട് ഈ വനിതകൾ പറഞ്ഞിട്ടുണ്ട്. സംസ്കാരവും ഭാഷയും ഭക്ഷണവും തുടങ്ങി കേരളവുമായി യാതൊരു സാദൃശ്യവുമില്ലാത്ത ജീവിതമാണ് പിന്നീട് അവർക്ക് അവിടെ നേരിടേണ്ടി വരുന്നത്. ഇത്തരം വിവാഹങ്ങളിൽ വധുവിന്റെ വീട്ടുകാർ സ്ത്രീധനം നൽകേണ്ടി വരാറില്ല. കല്യാണ ചെലവുകളും വരന്റെ വീട്ടുകാർ തന്നെ മുടക്കും എന്നതുകൊണ്ട് സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസവും കുറവുള്ള പെണ്‍കുട്ടിയുടെ വീട്ടുകാർ പലപ്പോഴും കല്യാണത്തിന് സമ്മതം മൂളുകയായിരുന്നു.

കേരളത്തിൽനിന്നുള്ള പെണ്‍‌കുട്ടികൾ ഹരിയാനയിലെ വീടുകളിൽ എത്തുന്നതോടെ കുടുംബാന്തരീക്ഷത്തിൽ തന്നെ മാറ്റങ്ങൾ ഉണ്ടാകുന്നതായ റിപ്പോർട്ടുകളും അക്കാലത്ത് പുറത്തു വന്നിരുന്നു. പെൺകുട്ടികളെ വളർത്തി, കല്യാണം കഴിപ്പിച്ച് അയയ്ക്കുന്നതിന്റെ ചെലവ് ഓർത്ത് ചിലപ്പോൾ പ്രസവത്തിനു മുൻപോ ചിലപ്പോൾ പ്രസവത്തിനു ശേഷമോ കൊന്നു കളയുന്ന പതിവിനു പകരം, പെണ്‍കുട്ടികളെ വീട്ടിലെ ‘ഐശ്വര്യ’മായി കണക്കാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയെന്നായിരുന്നു റിപ്പോർട്ടുകൾ. കടുത്ത പുരുഷാധിപത്യ സ്വഭാവമുള്ളതാണ് ഹരിയാന സമൂഹം. അതേസമയം, കേരളത്തിൽനിന്ന് കല്യാണം കഴിപ്പിച്ചയച്ച ശേഷം പെണ്‍കുട്ടിയുടെ യാതൊരു വിവരവും ഇല്ലാതെ വന്നതോടെ കേരളത്തിൽ നിന്നുള്ളവർ അന്വേഷിച്ചു പോയ അവസരങ്ങളുമുണ്ട്. ചിലർ കൊടിയ പീഡനം നേരിടുകയും രണ്ടാം തരക്കാരി എന്ന രീതിയിൽ ജീവിക്കുകയും ചെയ്യേണ്ടി വരുന്നുണ്ട്. തന്റെ കുടുംബത്തിന്റെ പാരമ്പര്യം പിന്തുടരാൻ മക്കൾ വേണം, വീട്ടിലെ കാര്യങ്ങൾ നോക്കാൻ ആളുവേണം, പാടത്തെ പണിക്ക് സഹായിക്കണം ഇങ്ങനെ മൂന്നു കാര്യങ്ങൾ മുൻനിർത്തിയാണ് ഹരിയാന പുരുഷന്മാർ കേരളത്തിലേക്ക് ഉറ്റു നോക്കിയത്. വൈകാതെ ബിഹാർ, ബംഗാൾ, അസം, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പെൺകുട്ടികളും ഹരിയാനയിലെയും പഞ്ചാബിലെയുമൊക്കെ പുരുഷന്മാരുടെ വധുക്കളായി.

• സ്ത്രീധനം എന്ന കുറ്റകരമായ വിപണി 

‌സ്ത്രീധനം കണ്ടെത്താന്‍ കഴിയാത്തതു കൊണ്ടു തന്നെ ഇന്നും പല പെൺകുട്ടികളും കല്യാണത്തിന്റെ പേരിൽ കേട്ടുകേൾവി പോലുമില്ലാത്ത സംസ്കാരത്തിലേക്ക് ഒട്ടൊക്കെ ബലമായി തന്നെ പറിച്ചെറിയപ്പെടുന്നുണ്ട്. 500 കോടി രൂപയാണ് ഓരോ വർഷവും ഇന്ത്യയിലെ സ്ത്രീധനത്തിന്റെ കണക്ക്. 3.6 ലക്ഷം കോടി രൂപയുടേതാണ് ഇന്ത്യയിലെ കല്യാണ വിപണി. ഓരോ വർഷവും കുറഞ്ഞത് ഒരു കോടി വിവാഹങ്ങളെങ്കിലും ഇന്ത്യയിൽ നടക്കുന്നു. 2021–ൽ കേരളത്തിൽ മാത്രം, സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനം മൂലം 10 പെൺകുട്ടികൾ മരിച്ചു. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് സ്ത്രീധനത്തിന്റെ പേരിൽ രാജ്യത്ത് ഓരോ മിനിറ്റിലും ഓരോ പെൺകുട്ടി വീതം കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ഉണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ഓരോ നാലു മിനിറ്റിലും ഭർത്താവിന്റെയോ ഭർത്താവിന്റെ ബന്ധുക്കളുടെയോ പീഡനങ്ങൾ പെൺകുട്ടി ഏൽക്കുന്നു. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2021–ലെ കണക്കനുസരിച്ച് 2021–ൽ മാത്രം, പ്രായപൂർത്തിയാവാത്ത 56,519 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയിട്ടുണ്ട് – ദിവസം 155 വീതം. ഓരോ ദിവസവും പ്രായപൂർത്തിയാവാത്ത 46 പെൺകുട്ടികളെ വീതം തട്ടിക്കൊണ്ടു പോവുകയും ബലമായി വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നുണ്ട്. 2020–ൽ 10,018 പെൺകുട്ടികളെയാണ് ഈ വിധത്തിൽ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചതെങ്കിൽ 2021–ൽ ഇത് 12,788 ആയി വർധിച്ചു.

• കോഴിക്കോടൻ ഗ്രാമങ്ങള്‍ അതിർത്തി കടക്കുമ്പോൾ 

കല്യാണം കഴിക്കാൻ പെൺകുട്ടികളെ ലഭ്യമല്ലാത്ത സ്ഥിതി കേരളത്തിലുമുണ്ട്. മൂന്നു വർഷം മുൻപ് കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ, നരിപ്പറ്റ, കായക്കൊടി, നാദാപുരം തുടങ്ങിയ പഞ്ചായത്തുകളിൽ മൂന്നു മാസത്തിനുള്ളിൽ 30 യുവാക്കളാണ് കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് വധുക്കളെ കണ്ടെത്തിയത്. ഒരു ലക്ഷം രൂപ വരെയാണ് ഇതിന് ഏജന്റ് എന്ന ബ്രോക്കറിന് നല്‍കേണ്ടത്. ഒപ്പം വിവാഹ ചെലവുകളും വരൻ വഹിക്കണം. വധുവിന്റെ മതമോ ജാതിയോ ഇവിടെ പരിഗണിക്കാറുമില്ല. കുടക്, പൊള്ളാച്ചി മേഖലകളിൽ നിന്നാണ് ഇവിടെയുള്ള യുവാക്കള്‍ വധുക്കളെ തേടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

By: കെ.എൻ. അശോക്

മനോരമ ഓൺലൈൻ

(പ്രതീകാന്മക ചിത്രം)


Author
Citizen Journalist

Fazna

No description...

You May Also Like