നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലെ 14 ഉദ്യോഗസ്ഥർക്ക്, 'കേന്ദ്രീയ ഗൃഹ മന്ത്രി ദക്ഷത പദക്' പുരസ്കാരം ലഭിച്ചു .
- Posted on November 01, 2024
- News
- By Goutham Krishna
- 85 Views
എൻസിബി കൊച്ചി സോണൽ യൂണിറ്റ് സൂപ്രണ്ട് അരവിന്ദ് എം ആർ, അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിന് അർഹനായി.
സി.ഡി. സുനീഷ്
എൻസിബി കൊച്ചി സോണൽ യൂണിറ്റ് സൂപ്രണ്ട് അരവിന്ദ് എം ആർ, അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിന് അർഹനായി.
കൊച്ചി :
ദേശീയ ഏകതാ ദിനത്തോടനുബന്ധിച്ചു, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ 2024-ലെ കേന്ദ്രീയ ഗൃഹ മന്ത്രി ദക്ഷത പദക് (യൂണിയൻ ഹോം മിനിസ്റ്റേഴ്‌സ് മെഡൽ ഫോർ എക്‌സലൻസ്) പുരസ്കാരം ലഭിച്ചവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇൻ്റലിജൻസ്, പ്രത്യേക ദൗത്യം,അന്വേഷണം, ഫോറൻസിക്‌സ് എന്നീ നാല് മേഖലകളിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള വിവിധ കേന്ദ്ര സ്ഥാപനങ്ങളിലെയും എല്ലാ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശ പോലീസ് സേനകളിലെയും അസാധാരണ മികവ് പ്രദർശിപ്പിച്ച ഓഫീസർമാർ / ഉദ്യോഗസ്ഥർക്കാണ് പുരസ്കാരം നൽകുന്നത്.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ 14 ഉദ്യോഗസ്ഥർക്കാണ് ഈ വർഷം ഈ ബഹുമതി ലഭിച്ചത്. എൻസിബി കൊച്ചിൻ സോണൽ യൂണിറ്റിലെ സൂപ്രണ്ട് അരവിന്ദ് എം ആർ, അന്വേഷണ മികവിനുള്ള ഈ വർഷത്തെ കേന്ദ്രീയ ഗൃഹ മന്ത്രി ദക്ഷത പദക് പുരസ്കാരത്തിന് അർഹനായി . ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടന്ന, സ്യൂഡോഫെഡ്രിൻ എന്ന മരുന്നിന്റെ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തെ തകർക്കാൻ ഈ വർഷമാദ്യം നടത്തിയ സങ്കീർണ്ണവും ഒപ്പം സാങ്കേതിക വൈദഗ്ധ്യം നിറഞ്ഞതുമായ അന്വേഷണത്തിനാണ് അദ്ദേഹത്തിന് ദക്ഷത പദക് പുരസ്‌കാരം ലഭിച്ചത്. അന്വേഷണത്തിന് നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം, സാങ്കേതിക അന്വേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച 90 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടൽ , സമഗ്രമായ അന്വേഷണം എന്നിവ അദ്ദേഹത്തിന്റെ അന്വേഷണ രീതിയുടെ ചില പ്രത്യേകതകളാണ് . ഈ കേസിൽ സൂത്രധാരൻ ഉൾപ്പെടെ 5 പേർ അറസ്റ്റ് ചെയ്യപ്പെട്ടു.ഇന്ത്യയിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടവരെ കൂടാതെ കള്ളക്കടത്ത് സംഘത്തിൽപ്പെട്ട ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമുള്ളവരും അറസ്റ്റിലായി.
യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം (UNODC), ഇൻ്റർനാഷണൽ നാർക്കോട്ടിക് കൺട്രോൾ ബോർഡ് (INCB) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിൽ നിന്നും ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ് ഏജൻസി (DEA) യുഎസ്എ, ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) ഓസ്‌ട്രേലിയ,ന്യൂസിലാൻഡ് പോലീസ് തുടങ്ങിയ പ്രധാന അന്വേഷണ ഏജൻസികളിൽ നിന്നും ഇന്ത്യയിലെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ഈ അന്വേഷണ മികവിന് അംഗീകാരം ലഭിച്ചിരുന്നു.