അമൃത വിശ്വവിദ്യാപീഠംവയനാട്ടില്‍ 14 കേന്ദ്രങ്ങളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നു.

കല്‍പ്പറ്റ: 


അമൃത വിശ്വവിദ്യാപീഠം വയനാട്ടില്‍ 14 കേന്ദ്രങ്ങളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നു. മേപ്പാടി പഞ്ചായത്തിലെ എളമ്പിലേരിമല, വെള്ളരിമല, അട്ടമല, അരണമല, കള്ളാടി, എരുമക്കൊല്ലി, ചെമ്പ്രമല, കല്ലുമല, മണിക്കുന്നുമല, പൊഴുതന പഞ്ചായത്തിലെ മേല്‍മുറി, കുറിച്യര്‍മല, തൊണ്ടര്‍നാട് പഞ്ചായത്തിലെ വാളാരംകുന്ന്, വൈത്തിരി പഞ്ചായത്തിലെ സുഗന്ധഗിരി, മുട്ടില്‍ പഞ്ചായത്തിലെ മുട്ടില്‍മല എന്നിവിടങ്ങളിലാണ് നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തിയുള്ള മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നത്.

മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അമൃത വിശ്വവിദ്യാപീഠം വയനാടിനുവേണ്ടി സംസ്ഥാന സര്‍ക്കാരിന് ദുരിതാശ്വാസ പാക്കേജ് സമര്‍പ്പിച്ചിരുന്നു. ഉരുള്‍ ദുരന്തം അതിജീവിച്ചവര്‍ക്കു പിന്തുണ നല്‍കുന്നതിനു വിഭാവനം ചെയ്ത 15 കോടി രൂപയുടെ പദ്ധതി പാക്കേജില്‍ ഉള്‍പ്പെടും. ഈ പദ്ധതിയുടെ ഭാഗമായാണ് ഉരുള്‍ പൊട്ടല്‍ മുന്നിറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നത്. ഇതിനായി ഉപോധികളോടെ ഫീല്‍ഡ്‌വര്‍ക്ക് ആരംഭിക്കുന്നതിനു വിശ്വവിദ്യാപീഠത്തിന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കി.

അമൃത ഡൈനമിക് റീജിയണല്‍ മള്‍ട്ടി ഹസാര്‍ഡ് റിസ്‌ക് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം, ഉരുള്‍പൊട്ടല്‍ സാധ്യത മനസിലാക്കുന്നതിനും മുന്നറിയിപ്പ് നല്‍കുന്നതിനും നിരീക്ഷണത്തിനുമുള്ള ഐഒടി സംവിധാനങ്ങള്‍ എന്നിവ വിശ്വവിദ്യാപീഠത്തിന്റെ പ്രോജക്ടിന്റെ ഭാഗമാണ്.

വിദൂര സെന്‍സിംഗ് ഡാറ്റ, സെന്‍സര്‍ ഡാറ്റ, നൂതന നിര്‍മിതബുദ്ധി മോഡലുകള്‍ എന്നിവ ഉപയോഗിച്ച് പ്രാദേശികതലത്തില്‍ അപകടസാധ്യത നിര്‍ണയത്തിന് ഉതകുന്നതാണ് റിസ്‌ക് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം. 12 മാസമാണ് ഇതിനു കണക്കാക്കുന്ന നിര്‍മാണ കാലാവധി. ഇന്റലിജന്റ് വയര്‍ലെസ് പ്രോബുകളുടെ ഇടതൂര്‍ന്ന ശൃംഖലയും നിരവധി ഇന്‍-സിറ്റു സെന്‍സറുകളും ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നതാണ് ഐഒടി സംവിധാനം. 36 മാസമാണ് കണക്കാക്കുന്ന നിര്‍മാണ കാലാവധി. ഐഒടി ഉപയോഗിച്ച് ഒരു നെറ്റ്‌വര്‍ക്കിലൂടെ ഡാറ്റ കൈമാറ്റം ചെയ്യാന്‍ കഴിയും.

ഫീല്‍ഡ് പ്രവര്‍ത്തനം, സെന്‍സര്‍ വിന്യാസം, ഡാറ്റ പങ്കുവയ്ക്കല്‍ എന്നിവയില്‍ സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുമായുള്ള സഹകരണം, പ്രദേശിക സമൂഹത്തിന് ബോധവത്കരണം-പരിശീലനം, മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവര്‍ത്തനം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ഉരുള്‍ പൊട്ടല്‍ ഉപദേശക സമിതിയുടെ വിലയിരുത്തലിനു വിധേയമാക്കല്‍ എന്നിവ സംബന്ധിച്ചാണ് സര്‍ക്കാര്‍ ഉപാധികള്‍.

ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായകമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.



ഹൃദയ ശസ്ത്രക്രിയ: സര്‍ക്കാര്‍ ജീവനക്കാരുടെ ആകസ്മികാവധി 90 ദിവസമാക്കി

കല്‍പ്പറ്റ: ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ജീവനക്കാര്‍ക്ക് ഒരു  വര്‍ഷം അനുവദിക്കുന്ന ആകസ്മികാവാധി 90 ദിവസമായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായി. ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയകാരുന്നവര്‍ക്കും ഉത്തരവ് ബാധകമാണ്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ജീവനക്കാര്‍ക്ക് അംഗീകൃത മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കുന്നപക്ഷം കേരള സര്‍വീസ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം ഒരു വര്‍ഷം 45 ദിവസം കഴിയാത്ത ആകസ്മികാവധിയാണ് അനുവദിച്ചിരുന്നത്. ഇത് 90 ദിവസമായി ഉയര്‍ത്തണമെന്നും ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ബാധകമാക്കണമെന്നും  ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.  



വന്യജീവി ആക്രമണം: പട്ടികജാതി-വര്‍ഗ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കല്‍പ്പറ്റ: വനാതിര്‍ത്തികളിലെ ജനവാസമേഖലകളില്‍ വന്യജീവി ആക്രമണം തടയാന്‍ മതിയായ മതിയായ സംവിധാനം ഒരുക്കുന്നില്ലെന്ന പരാതിയില്‍ സംസ്ഥാന പട്ടികജാതി-വര്‍ഗ കമ്മീഷന്‍ റിപ്പോര്‍ട്ട് വനം-വന്യജീവി വകുപ്പിന്റെ റിപ്പോര്‍ട്ട്  തേടി.

ജനുവരിയില്‍ മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ തറാട്ട് ഉന്നതിയിലെ അച്ചപ്പന്റെ ഭാര്യ രാധ(48) കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്  ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ.കുളത്തൂര്‍ ജയ്‌സിംഗ് നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. പട്ടികജാതി-വര്‍ഗ ഭൂരിപക്ഷ പ്രദേശങ്ങളില്‍ വന്യജീവി ആക്രമണം തടയുന്നതില്‍ വനം-വന്യജീവി വകുപ്പ് മതിയായ ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന്് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Author
Citizen Journalist

Goutham prakash

No description...

You May Also Like