കേദാർനാഥ് മേഖലയിലുണ്ടായ ഹെലികോപ്റ്റർ അപകടം, ചാർ ധാം യാത്രാ പദ്ധതികള്‍ താൽക്കാലികമായി റദ്ദാക്കി
- Posted on June 16, 2025
- News
- By Goutham prakash
- 62 Views

സി.ഡി. സുനീഷ്.
ആര്യൻ ഏവിയേഷന്റെ ചാർ ധാം യാത്രാ പദ്ധതികള്‍ താൽക്കാലികമായി റദ്ദാക്കി.
കേദാർനാഥ് ജി - ആര്യൻ ഹെലിപാഡ് - ഗുപ്തകാശി മേഖലയില്‍ സർവീസ് നടത്തുന്ന ആര്യൻ ഏവിയേഷന്റെ ബെൽ-407 ഹെലികോപ്റ്റർ (വി.ടി-ബി.കെ.എ രജിസ്ട്രേഷന്‍) ഇന്ന് ദാരുണമായ അപകടത്തിൽപ്പെട്ടു. അഞ്ച് യാത്രക്കാരും ഒരു നവജാത ശിശുവും ഒരു ജീവനക്കാരനുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
ഗുപ്തകാശിയിൽ നിന്ന് 05:10 ന് പറന്നുയർന്ന ഹെലികോപ്റ്റർ 05:18 ന് ശ്രീ കേദാർനാഥ്ജി ഹെലിപാഡിൽ ഇറങ്ങി. 05:19 ന് വീണ്ടും ഗുപ്തകാശിയിലേക്ക് പുറപ്പെട്ട ഹെലികോപ്റ്റര്‍ 05:30 നും 05:45 നുമിടയില്‍ ഗൗരികുണ്ടിന് സമീപം തകർന്നുവീണതായാണ് റിപ്പോർട്ട്.
താഴ്‌വരയിലേക്ക് പ്രവേശിക്കുന്ന ഭാഗം വലിയതോതില്‍ മേഘാവൃതമായി കാഴ്ച മങ്ങിയ സാഹചര്യത്തിലും ഹെലികോപ്റ്റർ പറന്നതായി റിപ്പോർട്ട് ചെയ്തതിനാല്‍ കൺട്രോൾഡ് ഫ്ലൈറ്റ് ഇൻ ടു ടെറൈൻ (സിഎഫ്ഐടി) ആയിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക സൂചന. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) വിശദ അന്വേഷണത്തിലൂടെ കൃത്യമായ കാരണം കണ്ടെത്തും.
അപകടസ്ഥലത്ത് എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സംഭവത്തെത്തുടർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ സിങ് ധാമി രാവിലെ 11ന് വിളിച്ചുചേർത്ത ഉന്നതതല യോഗത്തില്‍ ഉത്തരാഖണ്ഡ് സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥരും സിവിൽ ഏവിയേഷൻ സെക്രട്ടറിയും ഡയറകടര്‍ ജനറലും അനുബന്ധ സംഘങ്ങളും പങ്കെടുത്തു.
ഇനിപ്പറയുന്ന അടിയന്തര നടപടികൾ കൈക്കൊണ്ടു:
ആര്യൻ ഏവിയേഷന്റെ ചാർധാം യാത്രാ പദ്ധതികള്‍ ഉടനടി താല്‍ക്കാലികമായി റദ്ദാക്കി.
ട്രാൻസ്ഭാരത് ഏവിയേഷന്റെ വിടി-ടിബിസി (പൈലറ്റ്: ക്യാപ്റ്റൻ യോഗേഷ് ഗ്രേവാൾ, സിപിഎൽ (എച്ച് )-1453), വിടി-ടിബിഎഫ് (പൈലറ്റ്: ക്യാപ്റ്റൻ ജിതേന്ദർ ഹർജയ്, സിപിഎൽ (എച്ച് )-1046) എന്നീ രണ്ട് ഹെലികോപ്റ്ററുകൾ സമാന പ്രതികൂല കാലാവസ്ഥയിൽ സര്‍വീസ് നടത്തിയതായി കണ്ടെത്തിയ പശ്ചാത്തലത്തില്‍ രണ്ട് പൈലറ്റുമാരുടെയും ലൈസൻസ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി 2025 ജൂൺ 15, 16 തീയതികളിൽ മേഖലയിലെ ചാർട്ടർ ചെയ്തതും ഷട്ടിൽ സര്‍വീസ് നടത്തുന്നതുമായ എല്ലാ ഹെലികോപ്റ്ററുകളും താൽക്കാലികമായി നിർത്തിവച്ചു.
സുരക്ഷാ ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നത് ഉറപ്പാക്കാന്‍ സര്‍വീസ് പുനരാരംഭിക്കുന്നതിന് മുന്‍പ് സേവനദാതാക്കളും പൈലറ്റുമാരുമായി സമഗ്ര അവലോകനം നടത്താൻ യുസിഎഡിഎയ്ക്ക് നിർദേശം നൽകി.
തത്സമയ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും അപകടസാധ്യത സൂചനകള്‍ ലഭിച്ചാല്‍ ഉടനടി ഇടപെടാനും യുസിഎഡിഎ ഒരു പ്രത്യേക കമാൻഡ്-ആൻഡ്-കൺട്രോൾ റൂം സ്ഥാപിക്കും.
കേദാർനാഥ് താഴ്‌വരയിലെ എല്ലാ ഹെലികോപ്റ്റർ പ്രവർത്തനങ്ങളുടെയും സജീവ മേൽനോട്ടത്തിനും യുസിഎഡിഎ കമാൻഡ്-ആൻഡ്-കൺട്രോൾ റൂമിന്റെ പ്രവർത്തനം കർശനമായി അവലോകനം ചെയ്യാനും വ്യോമയാനം, സുരക്ഷ, നിര്‍വഹണം എന്നീ മേഖലകളിലെ ഉദ്യോഗസ്ഥരെ ഉടൻ നിയമിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം ഡിജിസിഎയ്ക്ക് നിർദേശം നല്‍കി.
വ്യോമയാന സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും കാലാവസ്ഥയുമായി ബന്ധപ്പെട്ടതടക്കം സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ഒരു സേവനദാതാവും സര്‍വീസ് നടത്തരുതെന്നും വ്യോമയാന മന്ത്രാലയം ആവർത്തിച്ചു. മനുഷ്യജീവിന്റെ മൂല്യം തിരിച്ചറിഞ്ഞ് നിലവിലെ എല്ലാ വ്യവസ്ഥകളും പൂർണ്ണ അധികാരത്തോടെ നടപ്പാക്കാനും വ്യോമപ്രവർത്തനങ്ങളിൽ അച്ചടക്കം ഉറപ്പാക്കാനും മന്ത്രാലയം ഡിജിസിഎയ്ക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.