കുപ്പത്തോട് മാധവൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി.
- Posted on December 07, 2022
- News
- By Goutham Krishna
- 300 Views

വയനാട് ജില്ലയിലെ പ്രധാന വാണിജ്യ - സാംസ്‌കാരിക പൈതൃകങ്ങൾക്ക് പ്രചാരമുള്ള സ്ഥലമാണ് പുൽപ്പള്ളി.
കാനന വാസകാലത്ത് ശ്രീരാമനും, സീതാ ദേവിയും, ലവകുശൻ മാരും പുൽപ്പള്ളിയിൽ താമസിച്ചിരുന്നതായി ഐ തിഹ്യങ്ങൾ പറയുന്നു. ആധുനീക കാലത്ത് പുൽപ്പള്ളിയിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി ആദ്യ സ്കൂൾ സ്ഥാപിച്ചുകൊണ്ട് ഈ ചെറു പട്ടണത്തിന് ജീവൻ പകർന്നത് കുപ്പത്തോട് മാധവൻ നായരായിരുന്നു.
യശ : ശരീരനായ കുപ്പത്തോട് മാധവൻ നായർ ആധുനീക പുൽപ്പള്ളിയുടെ ശിൽപ്പി എന്ന് ചരിത്രങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. കുപ്പത്തോട് മാധവൻ നായരുടെ ഇരുപത്തിയേഴാം ചരമ വാർഷികവും അദ്ദേഹത്തിന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണവും നടത്തി .
ഗവേഷകനായ ഡോ: അനിൽ സക്കറിയക്കാണ് ഇത്തവണത്തെ പുരസ്കാരം സമ്മാനിച്ചത്. ഇരുപതിനായിരം രൂപയും പ്രത്യേകം തയ്യാറാക്കിയ ഫലകവുമാണ് സമ്മാനിച്ചത്. വയനാട് ജില്ലയിൽ സമൂഹനന്മക്കായി പ്രവർത്തിക്കുന്നവരെ അവരുടെ ആജീവാനന്ത സേവനം പരിഗണിച്ചാണ് പുരസ്കാരം സമ്മാനിക്കുന്നത്. പുൽപ്പള്ളി വിജയഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വയനാട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരക്കാർ പുരസ്കാര സമർപ്പണം നടത്തി. ഡോ. അനിൽ സക്കറിയ പുരസ്കാരം ഏറ്റുവാങ്ങി. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. എസ്. ദിലീപ്കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശോഭന സുകു, ജില്ലാപഞ്ചായത്ത് മുൻ പ്രസിഡൻറ് കെ. എൽ. പൗലോസ്, അനുസ്മരണ കമ്മറ്റി ഭാരവാഹികളായ എം.ഗംഗാധരൻ മാസ്റ്റർ, ബാബു നമ്പുടാകം, മാത്യു മത്തായി ആതിര, പി. ടി. എ. പ്രസിഡൻറ് ടി. എം. ഷമീർ, പ്രിൻസിപ്പാൾ കെ. എസ്. സതി, ഹെഡ്മിസ്ട്രസ്മാരായ ജി. ബിന്ദു, കെ. സിന്ധു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .പുരസ്കാര ജേതാവ് ഡോ. അനിൽ സക്കറിയ മറുപടി പ്രസംഗവും വിജയ സ്കൂൾസ് മാനേജർ അഡ്വ. പി. സി. ചിത്ര നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി, പുൽപ്പള്ളി ടൗണിൽ സ്ഥാപിച്ചിരിക്കുന്ന മാധവൻ നായരുടെ പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.