2 വർഷംകൊണ്ട് 25000 കിലോമീറ്റർ; ആഫ്രിക്കയിലേക്കൊരു സൈക്കിൾയാത്ര, യുഎഇയിലെത്തി അരുണിമ

കേരളത്തിൽനിന്ന് ഇരുപത്തിരണ്ടിലേറെ ദേശങ്ങൾ താണ്ടി ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള യാത്രയിലാണ് അരുണിമ. അതും സൈക്കിളിൽ. പുതുമയും സാഹസികതയും നിറഞ്ഞ അരുണിമയുടെ യാത്ര യു.എ.ഇ. യിലെത്തി. പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ അരുണിമയുടെ സൈക്കിൾയാത്ര കഴിഞ്ഞ നവംബർ 21 നാണ് മന്ത്രി വി. അബ്ദുൾ റഹ്മാൻ മലപ്പുറത്തുനിന്നും ഫ്ലാഗ് ഓഫ് ചെയ്തത്. രണ്ട് വർഷംകൊണ്ട് 25,000 ലേറെ കിലോമീറ്റർ സൈക്കിളിൽ സഞ്ചരിക്കുകയാണ് ഈ 23 കാരിയുടെ ലക്ഷ്യം. പെൺകുട്ടികൾക്ക് ലോകംമുഴുവൻ തനിയെ സഞ്ചരിക്കാൻ സാധിക്കുമെന്ന സന്ദേശം നൽകുകയാണ് ഏവിയേഷൻ ബിരുദധാരിണിയായ അരുണിമ. കേരളം മുതൽ മുംബൈ വരെ സൈക്കിളിലാണ് സഞ്ചരിച്ചത്. മുംബൈയിൽനിന്നും വിമാനമാർഗം ഒമാനിലെത്തി. ഒമാനിൽനിന്നും വീണ്ടും സൈക്കിൾ പര്യടനം.

കഴിഞ്ഞമാസം അവസാനമാണ് കൽബ അതിർത്തിവഴി യു.എ.ഇ. യിലെത്തിയത്. ഇത്തരത്തിൽ യാത്രാഭ്രമം തുടങ്ങിയിട്ട് രണ്ട് വർഷമായെന്ന് അരുണിമ പറഞ്ഞു. നേപ്പാൾ, തായ്ലാൻഡ്, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും സൈക്കിളിൽ ഇത്രയുംദൂരം യാത്രചെയ്യുന്നത് ആദ്യമായിട്ടാണ്. ചില രാജ്യങ്ങളിൽ സന്ദർശകവിസ ലഭിക്കാനുള്ള പ്രയാസവും വിദേശ നാണയനിരക്കിന്റെ ഏറ്റക്കുറച്ചിലുകളുംആണ് പ്രധാനമായും യാത്രയിലെ ബുദ്ധിമുട്ടായി തോന്നിയത്.

സ്ലീപ്പിങ് ബാഗ്, പവർ ബാങ്ക്, സൈക്കിൾ ടൂൾകിറ്റ്, വസ്ത്രങ്ങൾ തുടങ്ങി അത്യാവശ്യ സാധനങ്ങൾ മാത്രമാണ് അരുണിമ യാത്രയിൽ കരുതിയിട്ടുള്ളത്. താമസസൗകര്യത്തിനായി മുൻകൂട്ടി ബുക്ക് ചെയ്യാറില്ല. മിക്കരാത്രികളിലും ടെന്റ് തന്നെയാണ് താമസയിടം.

സ്വതന്ത്രമായി ലോകംമുഴുവൻ സഞ്ചരിക്കുകയെന്ന അരുണിമയുടെ ആഗ്രഹത്തിന് അച്ഛനും അമ്മയും സഹോദരനും പൂർണ പിന്തുണയാണ് നൽകുന്നത്. അരുണിമയുടെ സാഹസികയാത്രയോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ് നാട്ടുകാരനായ അൻസാർ ആണ് സൈക്കിൾ നൽകി സഹായിച്ചത്. യാത്രകഴിഞ്ഞാൽ അൻസാറിന് സൈക്കിൾ തിരിച്ചേൽപ്പിക്കും. സ്വന്തം യു ട്യൂബ് ചാനൽവഴിയാണ് അരുണിമ യാത്രയ്ക്കുള്ള വരുമാനം കണ്ടെത്താൻ ശ്രമിക്കുന്നത്. ലോകം ചുറ്റാനുള്ള തന്റെ ജീവിതാലാഭിലാഷം പൂർത്തിയാക്കാൻ സ്പോൺസർമാരെ തേടുന്നുമുണ്ട് അരുണിമ.




Author
Citizen Journalist

Goutham Krishna

No description...

You May Also Like