ഹരിതവിദ്യാലയം റിയാലിറ്റിഷോ: നൊച്ചാട് സ്കൂൾ രണ്ടാം റൗണ്ടിലേക്ക് . ഗ്രാന്റ് ഫിനാലെ മാർച്ച് 2-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതുവിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാം റൗണ്ടിലേക്ക് ജില്ലയിൽ നിന്നു നൊച്ചാട് എച്ച് എസ് എസ് തിരഞ്ഞെടുക്കപ്പെട്ടു. അപേക്ഷിച്ച 42 സ്കൂളുകളിൽ നിന്നും വിദഗ്ധ സമിതി തിരഞ്ഞെടുത്ത 6 സ്കൂളുകളാണ് ആദ്യ റൗണ്ടിൽ പങ്കെടുത്തത്. ഇതിൽ നിന്നും രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്ത സ്കൂളിൽ പ്രത്യേക സംഘം നേരിട്ട് പരിശോധന നടത്തി. ഫെബ്രുവരി 28 വരെ സംപ്രേഷണം ചെയ്യുന്ന രണ്ടാം റൗണ്ടിൽ നിന്നും ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. മാർച്ച് 2-ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടക്കുന്ന ഹരിതവിദ്യാലയം ഗ്രാന്റ് ഫിനാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ചടങ്ങ് കൈറ്റ് വിക്ടേഴ്സിൽ തത്സമയം സംപ്രേഷണം ചെയ്യും.ഒന്നാം സമ്മാനാർഹമാകുന്ന സ്കൂളിന് 20 ലക്ഷവും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 15, 10 ലക്ഷം രൂപ വീതവും നൽകും. മറ്റു ഫൈനലിസ്റ്റുകൾക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും.
സ്വന്തം ലേഖകൻ