രണ്ടാമത് ജി.20 വികസന പ്രവർത്തക സമിതി യോഗം ഏപ്രില്‍ 6 മുതല്‍ 9 മുതൽ കുമരകത്ത്.
- Posted on April 05, 2023
- News
- By Goutham Krishna
- 231 Views

കുമരകം : രണ്ടാമത് ജി20 വികസന പ്രവർത്തക സമിതിയുടെ (ഡി.ഡബ്ല്യു.ജി) യോഗം കോട്ടയത്തെ കുമരകത്ത് ഏപ്രില്‍ 6 മുതല്‍ 9 വരെ നടക്കും. ജി20 അംഗങ്ങള്‍, 9 ക്ഷണിത രാജ്യങ്ങള്‍, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 80-ലധികം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ഔപചാരിക ഡി.ഡബ്ല്യു.ജി യോഗത്തിന് മുന്നോടിയായി വികസനത്തിനായുള്ള ഡാറ്റ, പരിസ്ഥിതിക്കുള്ള ജീവിതശൈലി, ഹരിത പരിവര്‍ത്തനങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു പാര്‍ശ്വപരിപാടി 2023 ഏപ്രില്‍ 6-ന് നടക്കും. അന്താരാഷ്ട്ര സംഘടനകള്‍ , തിങ്ക് ടാങ്കുകള്‍, പൗരസമൂഹം എന്നിവയില്‍ നിന്നുള്ള നിരവധി ഉന്നത വിദഗ്ധരും ഇതില്‍ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (ഇക്കണോമിക് റിലേഷൻസ്) ദമ്മു രവി 2023 ഏപ്രില്‍ 7-ന് നടപടിക്രമങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ ജി20 അദ്ധ്യക്ഷതയുടെ ആശയമായ ''വസുധൈവ കുടുംബകം'' അല്ലെങ്കില്‍ ''ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി'' എന്ന വിഷയത്തിന് അനുസൃതമായി, ഇന്നത്തെ ആഗോള വൈവിദ്ധ്യ വികസന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനായി എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ഉള്‍ച്ചേര്‍ക്കുന്നതുമായ പരിഹാരങ്ങളും കൂട്ടായ പ്രവര്‍ത്തനങ്ങളും കണ്ടെത്താന്‍ ഡി.ഡബ്ല്യു.ജി ശ്രമിക്കും. ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ കാലത്ത് വികസന അജന്‍ഡയ്ക്ക് പ്രാധാന്യവും കേന്ദ്രസ്ഥാനവും കൈവരുന്നു. അടുത്ത 4 ദിവസങ്ങളില്‍ ഇന്ത്യ നിര്‍ദ്ദേശിക്കുന്ന വിവിധ വികസന മുന്‍ഗണനകളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കും. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു ജി 20 കര്‍മ്മ പദ്ധതിയും ചര്‍ച്ചചെയ്യും. വികസനത്തിന് വേണ്ട വിവരങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍ നെറ്റ്‌വര്‍ക്കിനായി ജൂണില്‍ നടക്കുന്ന വികസന മന്ത്രിതല യോഗത്തിനെ അവ പരിപോഷിപ്പിക്കും. വികസനത്തിനും, പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി സംബന്ധിച്ച ജി20 ഉന്നതതല തത്വങ്ങള്‍ 2030ലെ അജന്‍ഡ നേടിയെടുക്കുന്നതിന് ആവശ്യമായ രാഷ്ട്രീയ ഊന്നലും ചലനക്ഷമതയും ലഭ്യമാക്കുകയും ചെയ്യും. ഡി.ഡബ്ല്യു.ജി യോഗത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഡി.ഡബ്ല്യു.ജി സഹ-അദ്ധ്യക്ഷരായ വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിമാരായ കെ. നാഗരാജ് നായിഡു, ഈനം ഗംഭീര്‍ എന്നിവര്‍ ജി20 യിലെ പങ്കാളികളും അതിഥികളുമായും നിരവധി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. കേരള ഗവണ്‍മെന്റുമായി സഹകരിച്ച്, ജി20 പ്രതിനിധികള്‍ക്ക് സാംസ്‌കാരിക സമ്പന്നതയ്ക്കും വൈവിദ്ധ്യത്തിനും അതുല്യമായ ഇന്ത്യന്‍ പാചക അനുഭവത്തിനും യോഗം സാക്ഷ്യം വഹിക്കും 'ജന്‍-ഭാഗിധാരി'യുടെ ഭാഗമായി, കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും വിദഗ്ധരും പാര്‍ശ്വപരിപാടിയില്‍ പങ്കെടുക്കുകയും പ്രതിനിധികള്‍ക്കായി സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യും. കേരള ഗവണ്‍മെന്റിന്റെ നിരവധി മുതിര്‍ന്ന പ്രമുഖരും സാമൂഹിക പരിപാടികളില്‍ പങ്കെടുക്കും.
പ്രത്യേക ലേഖകൻ.