കേരള സ്കൂൾ ഒളിമ്പിക്സ് 2025-26: ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്:മന്ത്രി വി ശിവൻകുട്ടി
- Posted on August 21, 2025
- News
- By Goutham prakash
- 128 Views
സി.ഡി. സുനീഷ്
കേരള സ്കൂൾ ഒളിമ്പിക്സ് 2025-26-ൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഇത്തവണ മുതൽ മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ് സമ്മാനിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ ഒളിമ്പിക്സ് സംഘാടക സമിതി രൂപീകരണ യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക കേരളത്തിന് ഒരു പുതിയ ദിശാബോധം നൽകുന്ന ഈ കായികമേള, തിരുവനന്തപുരത്ത് വെച്ച് ഒക്ടോബർ 22 മുതൽ 28 വരെ നടക്കും.
കഴിഞ്ഞ വർഷം കൊച്ചിയിൽ നവംബർ 4 മുതൽ 11 വരെ നടന്ന കേരള സ്കൂൾ ഒളിമ്പിക്സ് 2024-ന്റെ സംഘാടനമികവ് വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഈ കായികമേള, യുവതലമുറയുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഏകദേശം 45 ലക്ഷം വിദ്യാർത്ഥികളിൽ നിന്ന് 24,000 കായിക താരങ്ങളാണ് കഴിഞ്ഞ വർഷം പങ്കെടുത്തത്.
യുഎഇയിൽ നിന്നുള്ള വിദ്യാർത്ഥികൾ 15-ാമത്തെ ജില്ലയായി മത്സരങ്ങളിൽ പങ്കെടുത്തത് ഒരു ചരിത്രസംഭവമാണ്. കഴിഞ്ഞ വർഷം ആൺകുട്ടികൾ മാത്രമാണ് പങ്കെടുത്തതെങ്കിലും, ഈ വർഷം മുതൽ പെൺകുട്ടികളെയും ഉൾപ്പെടുത്തും. 1500-ഓളം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും ഈ മേളയിൽ പങ്കെടുക്കുന്നു. സ്കൂൾ ഒളിമ്പിക്സ് ഗിന്നസ് റെക്കോർഡ്സിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി മുഖ്യരക്ഷാധികാരി ആയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും വിവിധ മേഖലകളിലെ വിദഗ്ധരും അടങ്ങുന്ന സംഘാടക സമിതിയാണ് രൂപീകരിച്ചത്. ചടങ്ങിൽ അഡ്വ. ആന്റണി രാജു എം എൽ എ അധ്യക്ഷനായിരുന്നു.
