ഇന്ത്യയിൽ വായു മലിനീകരണ രക്തസാക്ഷികൾ 21 ലക്ഷം
- Posted on June 28, 2024
- News
- By Arpana S Prasad
- 199 Views
വായു മലിനീകരണമാണ് ആഗോളതലത്തില്‍ രണ്ടാമത്തെ മരണകാരണമെന്ന് യു.എസ് ആസ്ഥാനമായ ഹെൽത്ത് ഇഫക്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (H.E. I) ഏറ്റവും പുതിയ പഠന റിപ്പോർട്ട്
സി.ഡി. സുനീഷ്
വായുമലിനീകരണത്തിന്റ രക്ത സാക്ഷികൾ, ഇന്ത്യയിൽ 21 ലക്ഷമാണെന്ന് റിപ്പോർട്ട് പുറത്ത് വന്നു.
ദൽഹിയിലെ പുക പടലങ്ങൾ വാർത്തയാകാറുണ്ടെങ്കിലും ദൽഹി മാത്രമല്ല, എല്ലാ നഗരങ്ങളും നിശ്ശബ്ദമായ മലിനീകരണ വായു ബോംബുകളാണെന്നാണ് ഈ റിപ്പോർട്ട് തെളിവുകളടക്കംസാക്ഷ്യപ്പെടുത്തുന്നത്. വായു മലിനീകരണമാണ് ആഗോളതലത്തില്‍ രണ്ടാമത്തെ മരണകാരണമെന്ന് യു.എസ് ആസ്ഥാനമായ ഹെൽത്ത് ഇഫക്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (H.E. I) ഏറ്റവും പുതിയ പഠന റിപ്പോർട്ട് .
(State of Global Air Report 2024) 2021 ൽ, 81 ലക്ഷം മനുഷ്യർ മരിച്ചതിന് കാരണം വായു മലിനീകരണമാണെന്ന് റിപ്പോർട്ട് വസ്തുതകൾ നിരത്തി പറയുന്നു. ഇതില്‍ 21 ലക്ഷം മരണങ്ങൾ ഇന്ത്യയിലാണ്. ചൈനയിലും ലക്ഷം പേരും.
കുട്ടികളുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന H.E.I റിപ്പോർട്ട് യൂണിസെഫിന്റെ പങ്കാളിത്തത്തോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ വായുവിന്റെ ഗുണനിലവാരവും അത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും സംബന്ധിച്ച വിവരങ്ങളുടെ സമഗ്രമായ വിശകലനമാണ് റിപ്പോർട്ടിലുള്ളത്. നവജാതശിശുക്കളും, അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുമാണ് വായു മലിനീകരണത്തിന്റെ ആഘാതങ്ങൾക്ക് മുഖ്യമായും ഇരകളാക്കപ്പെടുന്നത്.
വളർച്ചയെത്തുന്നതിന് മുമ്പുള്ള ജനനം, ജനന സമയത്തെ തൂക്ക കുറവ്, മസ്തിഷ്ക വളർച്ച മന്ദഗതിയിലാകൽ, ഹൃദ്രോഗം, ആസ്ത്മ, ശ്വാസകോശ രോഗങ്ങൾ, കാൻസർ എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങൾ കുട്ടികളിലുണ്ടാകുന്നതിനും വായു മലിനീകരണം കാരണമാകന്നു.
കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമാകുന്ന പ്രധാനപ്പെട്ട അഞ്ച് കാരണങ്ങളിൽ ആദ്യത്തേത് പോഷകാഹാരക്കുറവാണെങ്കിൽ രണ്ടാമത്തേത് വായു മലിനീകരണമാണ്.
2021 ലെ കണക്ക് പരിശോധിക്കുമ്പോൾ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ 7,00,000 ത്തിലധികം പേരാണ് വായു മലിനീകരണത്താൽ മരിച്ചത്. അതേസമയം, ആഗോളതലത്തിൽ വായു മലിനീകരണം മൂലമുണ്ടാകുന്ന മരണനിരക്ക് 36 ശതമാനം കുറഞ്ഞു എന്ന റിപ്പോർട്ടിന്റെ കണ്ടെത്തൽ ആശ്വാസകരമാെണെങ്കിലും
നിശബ്ദമായ വായു മലിനീകരണ ബോംബുകളുടെ ഇരകളിലധികവും കുട്ടികളാണ് എന്നുള്ളത് ഏറെ ആശങ്ക ജനകമാണ്.
രാജ്യ പ്രമാണിമാർ പങ്കെടുക്കുന്ന ആഗോള ഉച്ചകോടിയിൽ മലിനീകരണ തോത് കുറക്കാൻ ഉള്ള നയാസൂത്രണങ്ങൾ ഒന്നും ഫലം കാണുന്നില്ല എന്നുള്ളതാണ് ഈ റിപ്പോർട്ടിലെ പൊള്ളുന്ന അക്ഷരങ്ങൾ പറയുന്നത്.

