വൈഗ അഗ്രിഹാക്കത്തോൺ '23 - രജിസ്ട്രേഷൻ ആരംഭിച്ചു
- Posted on February 06, 2023
- News
- By Goutham Krishna
- 249 Views

കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ - അഗ്രിഹാക്കത്തോണ്‍ മത്സരങ്ങൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പൊതുജനങ്ങൾ (പ്രൊഫഷണലുകൾ, കർഷകർ) എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന കാർഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോൺ ആണ് വൈഗ അഗ്രി ഹാക്ക് 23. അഗ്രിഹാക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് കാർഷിക മേഖലയിലെ പ്രധാന പ്രശ്നങ്ങളിൽ ഫലപ്രദമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും വികസിപ്പിക്കുവാനും അവസരം ലഭിക്കും. കാർഷിക സാങ്കേതിക വിദഗ്ധരുടെ പിന്തുണയോടെ പരിഹാരമാർഗങ്ങൾ മികവുറ്റതാക്കാനുള്ള മികച്ച അവസരം ഹാക്കത്തോൺ വഴി സൃഷ്ടിക്കുകയും, വിജയികൾക്ക് സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡുകളോടൊപ്പം കാർഷിക മേഖലയിലെ സംരംഭകരായി ഉയർന്നു വരുന്നതിനുള്ള സഹായങ്ങളും ലഭിക്കും. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രശ്നപരിഹാര മത്സരത്തില്‍ സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ വിഭാഗങ്ങൾ ഉണ്ടായിരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പൊതുജനങ്ങൾ (പ്രൊഫഷണലുകൾ, കർഷകർ) എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. 3 മുതല്‍ 5 പേര്‍ അടങ്ങുന്ന ടീമുകള്‍ക്ക് മേല്‍പറഞ്ഞ വിഭാഗങ്ങളില്‍ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഹാക്കത്തോണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 2023 ഫെബ്രുവരി 12 ന് മുമ്പായി അഗ്രി ഹാക്ക് പോർട്ടൽ (www.vaigaagrihack.in) വഴി രജിസ്റ്റർ ചെയ്യേണ്ടതും, തെരഞ്ഞെടുത്ത പ്രശ്നങ്ങളുടെ പരിഹാരമാര്‍ഗ്ഗങ്ങൾ സമർപ്പിക്കേണ്ടതുമാണ്. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 30 ടീമുകള്‍ക്ക് 2023 ഫെബ്രുവരി 25 മുതൽ 27 വരെ തിരുവനന്തപുരം, വെള്ളായണി കാർഷിക കോളേജിൽ നടക്കുന്ന അഗ്രി ഹാക്കില്‍ പങ്കെടുക്കാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470061, 9383470025 ല്‍ ബന്ധപ്പെടാവുന്നതാണ്.