കടുത്ത വാക്‌സിൻ ക്ഷാമം ; 28 ലക്ഷത്തിലധികം ആളുകൾക്ക് ഇനിയും ആദ്യ ഡോസ് ലഭിച്ചിട്ടില്ല
- Posted on July 25, 2021
- News
- By JAIMOL KURIAKOSE
- 272 Views
സംസ്ഥാനത്ത് 74 ലക്ഷത്തിലധികം പേരും രണ്ടാം ഡോസ് കിട്ടാത്തവരാണ്

സംസ്ഥാനത്ത് കടുത്ത വാക്‌സിൻ ക്ഷാമം. ഇന്ന് രണ്ട് ലക്ഷം ഡോസ് വാക്‌സിനാണ് സ്റ്റോക്കുള്ളത്. 45 വയസിന് മുകളിൽ പ്രായമുള്ള വൃദ്ധർ ഉൾപ്പെടെ 28 ലക്ഷത്തിലധികം ആളുകൾ ഇനിയും ആദ്യ ഡോസിനായി കാത്തിരിക്കുകയാണ്. സംസ്ഥാനത്ത് 74 ലക്ഷത്തിലധികം പേരും രണ്ടാം ഡോസ് കിട്ടാത്തവരാണ്. കടുത്ത വാക്‌സിൻ ക്ഷാമം ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണ്.
കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ, എന്നീ വടക്കൻ ജില്ലകളിൽ 70 ശതമാനത്തിന് താഴെ ആളുകൾക്കാണ് ആദ്യ ഡോസ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മൊത്തം 75 ശതമാനം പേർക്ക് വാക്‌സിൻ കിട്ടിയപ്പോഴാണ് വടക്കൻ ജില്ലകൾ പിന്നോക്കം പോയത്. കോവിഡിനുള്ള ആയുധം വാക്‌സിൻ മാത്രമാണ്. സംസ്ഥാനത്ത് ആകെ 35 ശതമാനം പേർക്ക് മാത്രമേ രണ്ടാം ഡോസ് ലഭിച്ചിട്ടുള്ളൂ.
മലപ്പുറത്ത് ആകെ 25 ശതമാനം ആളുകൾക്കാണ് വാക്‌സിൻ കിട്ടിയത്. ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളതും, ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ളതും വടക്കൻ ജില്ലകളിൽ തന്നെയാണ്. മലപ്പുറത്ത് മാത്രമായി 69 തദ്ദേശസ്ഥാപനങ്ങളിലാണ് ട്രിപ്പിൾ ലോക്ക്ഡോൺ ഉള്ളത്. ഒറ്റപ്പെട്ട് കഴിയുന്നവരും, രജിസ്റ്റർ ചെയ്യാനാവാതെ പുറന്തള്ളപ്പെട്ടവരുമടക്കം ഒരുപാട് പേർ വാക്‌സിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
വാക്‌സിൻ കമ്പനികളുടെ നയത്തിൽ മാറ്റം വരുത്തണം; ആവശ്യവുമായി സ്വകാര്യ ആശുപത്രികൾ സുപ്രീംകോടതിയിൽ