ബസിനുള്ളിലും ഇനി മുതൽ ക്യാമറ; ഈ മാസം 28 ഓടെ എല്ലാ ബസിലും ക്യാമറ ഘടിപ്പിക്കണമെന്ന് ഗതാഗതമന്ത്രി
- Posted on February 15, 2023
- News
- By Goutham prakash
- 357 Views

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ബസുകളിലും നിരീക്ഷണ ക്യാമറ ഘടിപ്പിക്കുമെന്ന് ഗതാഗത മന്ത്രി. ഇന്ന് കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഈ മാസം 28 ന് മുൻപായി ക്യാമറകൾ സ്ഥാപിക്കാനാണ് നിർദ്ദേശം. ബസിന്‍റെ മുൻഭാഗത്തെ റോഡും, ബസിന്‍റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. ഇതിനാവശ്യമായ ചെലവിന്‍റെ 50% റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും.
എല്ലാ ബസുകളും നിയമ വിധേയമായാണോ പ്രവർത്തിക്കുന്നതെന്ന കാര്യം പരിശോധിക്കാനായുള്ള ചുമതല ഓരോ ഉദ്യോഗസ്ഥർക്കും തരംതിരിച്ചു നൽകും. ആ ബസുകളുമായി ബന്ധപ്പെട്ട് നിയമ ലംഘനമുണ്ടായാൽ ഉദ്യോഗസ്ഥരടക്കം ഇതിന് ഉത്തര വാദിയായിരിക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
ബസുകളുടെ മത്സര ഓട്ടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായാണ് ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം വിളിച്ചു ചേർത്തത്. കെഎസ്ആർടിസി ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ നിർദ്ദേശം നൽകി. ക്യാമറയിലെ ദൃശ്യങ്ങൾ ആരാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമാകാൻ സഹായിക്കുമെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം.
പ്രത്യേക ലേഖിക.